വിഴിഞ്ഞം തുറമുഖ പദ്ധതി മത്സ്യത്തൊഴിലാളികളെ ചർച്ചയ്ക്കു വിളിച്ച് സർക്കാർ
കോവളം (തിരുവനന്തപുരം) • വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേ മത്സ്യത്തൊഴിലാളികൾ നടത്തി വരുന്ന സമരം അവസാനിപ്പിക്കാൻ ഒത്തുതീർപ്പ് ചർച്ചയ്ക്ക് മുൻകൈയെടുത്ത് സർക്കാർ. വിഷയത്തിൽ ഇന്നു ചർച്ച നടത്താൻ ഫിഷറീസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹ്മാൻ സമരക്കാരെ ക്ഷണിച്ചു.
സമരസമിതി നേതാവും വികാരിയുമായ ജനറൽ യൂജിൻ പെരേരയുമായി മന്ത്രി ഫോണിൽ സംസാരിച്ചു. ചർച്ചയ്ക്കുള്ള സമയവും സ്ഥലവും മന്ത്രി ആന്റണി രാജു സമരക്കാരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും. ഇന്നലെ വൈകീട്ടോടെയാണ് സർക്കാരിന്റെ ഇടപെടൽ.
മൂന്നാം ദിവസമായ ഇന്നലെയും സമരം സംഘർഷഭരിതമായി. പൊലിസ് ബാരിക്കേഡുകൾ മറികടന്ന സമരക്കാർ തുറമുഖ കവാടത്തിൽ കൊടി ഉയർത്തി.
മത്സ്യത്തൊഴിലാളികളുടെ സമരം വിഴിഞ്ഞം തുറമുഖ നിർമാണത്തെ ബാധിച്ചതോടെ പ്രശ്‌നം പരിഹരിക്കണമെന്ന് അദാനി ഗ്രൂപ്പ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
സമരത്തിനു പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ശശി തരൂർ എം.പിയും ഇന്നലെ സമരപ്പന്തലിലെത്തി.
സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ ഏറ്റെടുക്കുമെന്നും നിയമസഭയിൽ പ്രശ്‌നം ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സമരവീര്യം കൂടിയാൽ കൂടുതൽ വെല്ലുവിളിയാവുമെന്ന് കണ്ടതോടെയാണ് ദ്രുതഗതിയിൽ പരിഹാരം കാണാൻ സർക്കാർ നിർബന്ധിതരായത്.
തുറമുഖ പദ്ധതി നിർത്തിയുള്ള ചർച്ചയ്ക്ക് തയാറല്ലെന്നാണ് സർക്കാർ നിലപാട്. പദ്ധതി ഉപേക്ഷിക്കാനാവില്ലെന്നും സമരക്കാർ യാഥാർഥ്യം മനസിലാക്കി സഹകരിക്കണമെന്നുമായിരുന്നു മന്ത്രി അബ്ദുറഹിമാൻ പ്രതികരിച്ചത്.
ചില തെറ്റിദ്ധാരണകളാണ് സമരത്തിനു പിന്നിലെന്ന് മന്ത്രിമാരായ ആന്റണി രാജുവും വി.ശിവൻകുട്ടിയും അഭിപ്രായപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."