കണ്ണൂർ സർവകലാശാല വിവാദം ;ഗോദയിലിറങ്ങാതെ സർക്കാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം • മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമന വിവാദവുമായി ബന്ധപ്പെട്ട് ഗവർണറുമായി നേരിട്ട് ഏറ്റുമുട്ടാതിരിക്കാൻ സർക്കാർ ശ്രമം. 22 മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കേയാണ് നേരിട്ട് ഏറ്റുമുട്ടലിൽ നിന്ന് പിൻമാറാനുള്ള ശ്രമം. ഭരണ പ്രതിസന്ധി ഒഴിവാക്കുന്നതിനായാണ് നീക്കമെന്നാണ് വിവരം. അതുകൊണ്ടു തന്നെയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി പരസ്യ പ്രതികരണം നടത്താത്തതെന്നും റിപ്പോർട്ടുകളുണ്ട്. പരസ്യമായി ഗവർണർക്കെതിരേ തിരിയാതെ സർവകലാശാല മുഖാന്തിരം നിയമ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതിന് കാരണമിതാണ്. സർവകലാശാലയുടെ നിയമപോരാട്ടത്തിനും വൈസ് ചാൻസലർക്കും പൂർണ പിന്തുണ രഹസ്യമായി സർക്കാർ നൽകുന്നുമുണ്ട്.
നിലവിൽ ലോകായുക്തയടക്കം 11 ഓളം നിയമഭേദഗതികൾ തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ലാക്കി മാറ്റാനാണ് സർക്കാർ ശ്രമം. എന്നാൽ ബില്ലുകൾ ഗവർണർ ഒപ്പിടാതെ വച്ചു താമസിപ്പിച്ചാലും രാഷ്ട്രപതിക്ക് അയച്ചാലും വലിയ പ്രതിസന്ധി നേരിടേണ്ടി വരും. ഇതോടെ പെട്ടെന്ന് വിളിച്ചു ചേർക്കുന്ന സഭാ സമ്മേളനവും അപ്രസക്തമാകും. കഴിഞ്ഞ സഭാസമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ ഗവർണർ സർക്കാരിനെ മുൾമുനയിൽ നിർത്തിയിരുന്നു. മുമ്പ് കാർഷിക നിയമഭേദഗതിക്കെതിരായ പ്രത്യേക സമ്മേളനം, പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെട്ടതടക്കം നിരവധി വിവാദ പശ്ചാത്തലം സർക്കാരിനു മുന്നിലുണ്ട്. അതുകൊണ്ടു തന്നെ സർവകലാശാല വിവാദത്തിൽ പ്രത്യക്ഷമായി ഇടപെടാതെ അസാധുവായ നിയമഭേദഗതികളിൽ ഒപ്പിട്ട് ലഭിക്കുക എന്നത് സർക്കാരിന്റെ പ്രധാന കടമ്പയാണ്.
⭗ ഗവർണർക്കെതിരേ വി.സി ഇന്ന്
ഹൈക്കോടതിയിലേക്ക്
കണ്ണൂർ • മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിൻ്റെ നിയമനവും റാങ്ക് പട്ടികയും മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരേ ഇന്ന് വി.സി ഹൈക്കോടതിയെ സമീപിക്കും. ഇതിന് സിൻഡിക്കേറ്റ് അനുമതി നൽകി. വി.സിക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകാതെയാണ് നിയമനം മരവിപ്പിച്ചതെന്നും ഇത് നിയമ വിധേയമല്ലെന്നും ഗവർണറുടെ സ്റ്റേ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും വി.സിക്ക് നിയമോപദേശം ലഭിച്ചിരുന്നു. ഗവർണർക്ക് വഴങ്ങേണ്ടതില്ലെന്നും നിയമനടപടി സ്വീകരിക്കണമെന്നുമാണ് സിൻഡിക്കേറ്റ് വി.സിയെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."