മധ്യപ്രദേശിൽ കാണാതായ മലയാളി സേനാ ക്യാപ്റ്റന്റെ മൃതദേഹം കണ്ടെത്തി
ഭോപ്പാൽ/കൊച്ചി • മധ്യപ്രദേശിൽ കാണാതായ മലയാളിയായ കരസേന ക്യാപ്റ്റൻ നിർമൽ ശിവരാജന്റെ (32) മൃതദേഹം കണ്ടെത്തി. കൊച്ചി മാമംഗലം സ്വദേശിയായ നിർമലിനെ മൂന്ന് ദിവസം മുമ്പാണ് കാണാതായത്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കാർ തകർന്ന നിലയിൽ പച്മറിയിൽ നേരത്തെ കണ്ടെത്തിയിരുന്നു.
ഓഗസ്റ്റ് 15ന് മധ്യപ്രദേശിലെ ജബൽപൂരിൽ ലെഫ്റ്റനൻ്റ് ആയി ജോലി ചെയ്യുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ട ശേഷം ജോലി സ്ഥലമായ പച്മറിയിലേക്ക് കാറിൽ പോകുമ്പോഴാണ് നിർമലിനെ കാണാതായത്.
മിന്നൽ പ്രളയത്തിൽപ്പെട്ടതാകാമെന്നാണ് സംശയിക്കുന്നത്. വെള്ളത്തിൽ ഒഴുകിപ്പോയ നിലയിൽ കണ്ടെത്തിയ കാർ പൂർണമായും തകർന്നിരുന്നു. കാർ കണ്ടെത്തിയതിന്റെ സമീപത്തുനിന്നാണ് മൃതദേഹം ലഭിച്ചത്.
നിർമൽ അപകടത്തിൽപെടുന്നതിനുമുമ്പ് ഭാര്യയോടും നാട്ടിലെ മാതാപിതാക്കളോടും ഫോണിൽ സംസാരിച്ചിരുന്നു. മഴ കാരണം റോഡിൽ ഗതാഗത തടസമുണ്ടെന്ന് അറിയിച്ചിരുന്നു.
രാത്രി ഒമ്പതുമണിയോടെ ഫോൺ സ്വിച്ച് ഓഫ് ആയി. തുടർന്ന് പിതാവ് പി.കെ ശിവരാജൻ സൈനിക നേതൃത്വത്തെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
അടുത്ത മാസം മൂന്നിന് നിർമലിന്റെ അടുത്തേക്ക് അച്ഛനും അമ്മയും സഹോദരിയും പോകാനിരിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് മൃതദേഹം എറണാകുളം പച്ചാളം ശ്മശാനത്തിൽ സംസ്കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."