അരാജകത്വവും ലിബറലിസവും അടിച്ചേല്‍പ്പിക്കാനാവില്ല:പി.എം.എ സലാം
കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ അരാജകത്വവും ലിബറലിസവും അടിച്ചേല്‍പ്പിക്കാന്‍ സമ്മതിക്കില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ സലാം. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ മുതിര്‍ന്ന കുട്ടികളെ ക്ലാസ്മുറികളില്‍ ഒരുമിച്ചിരുത്തി കൊണ്ടുപോകാനുള്ള പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാവില്ല. ഇതു മതപരമായ വിഷയമല്ല. മതം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ധാര്‍മികതയില്‍ ഊന്നിയ ജീവിതമാണ് രാജ്യത്തിനാവശ്യം.
കാംപസുകളില്‍ എസ്.എഫ്.ഐ വച്ച പോസ്റ്ററുകള്‍ സ്വതന്ത്ര ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. ആണ്‍പെണ്‍ കുട്ടികളെ ഒരുമിച്ചിരുത്തുന്നത് സ്വഭാവദൂഷ്യത്തിന് കാരണമാവും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നത് സാധാരണമാണ്. അങ്ങനെ മാത്രം വേണമെന്ന് പറയുന്നത് എന്തിനാണെന്നും പുരുഷന്‍മാരുടെ വസ്ത്രങ്ങള്‍ സ്ത്രീകളിടണമെന്ന് വാദിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
പ്ലസ് വണ്‍, ഡിഗ്രി പ്രവേശനങ്ങളില്‍ മെറിറ്റ് ക്വാട്ട പൂര്‍ത്തിയാക്കുന്നതിനു മുമ്പ് കമ്മ്യൂണിറ്റി ക്വാട്ടയിലെ അഡ്മിഷന്‍ നടപടികള്‍ അവസാനിപ്പിച്ച് സര്‍ക്കാര്‍ സംവരണ അട്ടിമറി നടത്തുകയാണ്. രണ്ടാം അലോട്ട്‌മെന്റ് അഡ്മിഷനു മുന്‍പുതന്നെ സംവരണ സീറ്റില്‍ പ്രവേശനം നടത്തി മെറിറ്റില്‍ പരിഗണിക്കേണ്ട വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തി. മെറിറ്റില്‍ പ്രവേശനം ലഭിക്കേണ്ട കുട്ടികള്‍ പോലും സംവരണ ക്വാട്ടയിലേക്ക് തള്ളപ്പെടുകയാണെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും പി.എം.എ സലാം പറഞ്ഞു. കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി അംഗങ്ങളുടെയും സംസ്ഥാന ഭാരവാഹികളുടെയും സംയുക്ത യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറിലെ വിദ്യാഭ്യാസ അവസരങ്ങളടെ അപര്യാപ്തത സര്‍ക്കാര്‍ പരിഹരിക്കണം. ജെന്‍ഡര്‍ ന്യൂട്രല്‍ ആശയം ദുരുദ്ദേശ്യങ്ങളുടെ ഭാഗമാണ്. കരിക്കുലം പരിഷ്‌കരണത്തിനുള്ള നിര്‍ദേശങ്ങളില്‍നിന്ന് ഇത്തരം കാര്യങ്ങള്‍ അടിയന്തിരമായി പിന്‍വലിക്കണം. സര്‍വകലാശാലകളിലെ സ്വജനപക്ഷപാതം അംഗീകരിക്കാനാവില്ല. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ അനുസ്മരണ പരിപാടി സെപ്റ്റംബര്‍ ഒന്നിന് കൊല്ലത്ത് നടക്കുമെന്നും പി.എം.എ സലാം അറിയിച്ചു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ് എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, വി.കെ ഇബ്രാഹിം കുഞ്ഞ്, എം.സി മായിന്‍ ഹാജി, കെ. കുട്ടി അഹമ്മദ് കുട്ടി, ടി.പി.എം സാഹിര്‍, സി.എ.എം.എ കരീം, സി.പി ബാവ ഹാജി, ടി.എം സലീം, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, കെ.എം ഷാജി, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, അബ്ദുറഹ്മാന്‍ കല്ലായി, അബ്ദുറഹ്മാന്‍ രണ്ടത്താണി, സി.എച്ച് റഷീദ്, പി.എം സാദിഖലി, സി.പി ചെറിയ മുഹമ്മദ്, ശാഫി ചാലിയം തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."