എം.പി ഓഫിസിലെ ഗാന്ധിച്ചിത്രം തകർത്ത സംഭവം രാഹുലിന്റെ പി.എ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
കൽപ്പറ്റ • രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസിലെ മഹാത്മാ ഗാന്ധിയുടെ ചിത്രം തകർത്ത സംഭവത്തിൽ നാലു കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. എം.പി ഓഫിസിലെ പഴ്‌സനൽ അസിസ്റ്റന്റ് രതീഷ് കുമാർ, ഓഫിസ് സ്റ്റാഫ് രാഹുൽ എസ്.രവി, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടറി മുജീബ് എന്നിവരാണ് അറസ്റ്റിലായത്.
നോട്ടിസ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ പൊലിസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരായവരാണ് അറസ്റ്റിലായത്. അഞ്ചു പേർക്കാണ് പൊലിസ് ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നത്. ഇന്നലെ രാവിലെയോടെ സ്റ്റേഷനിലെത്തിയ അഞ്ചുപേരിൽ കേസിലെ സാക്ഷി രതീഷിനെ ഒഴിവാക്കി നാലുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
പ്രവർത്തകരെ അറസ്റ്റ് ചെയ്തതോടെ എം.എൽ.എമാരായ അഡ്വ. ടി. സിദ്ധീഖ്, ഐ.സി ബാലകൃഷ്ണൻ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ എന്നിവരുടെ നേതൃത്വത്തിൽ ഡിവൈ. എസ്.പി ഓഫിസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പരിസ്ഥിതി ലോല മേഖല വിഷയത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക് കഴിഞ്ഞ ജൂൺ 24ന് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. ഓഫിസിൽ അതിക്രമിച്ചു കയറിയ എസ്.എഫ്.ഐ പ്രവർത്തകർ ഓഫിസ് അടിച്ചു തകർക്കുകയും രാഹുൽ ഗാന്ധിയുടെ കസേരയിൽ വാഴ വയ്ക്കുകയും ചെയ്തു.
ഗാന്ധിച്ചിത്രം തകർത്ത സംഭവം വലിയ രാഷ്ട്രീയ വിവാദമായിരുന്നു. ഓഫിസ് അക്രമവുമായി ബന്ധപ്പെട്ട് 29 എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന ഇവർ പിന്നീട് ജാമ്യത്തിലിറങ്ങി.
ഗാന്ധിച്ചിത്രം തകർത്തത് എസ്.എഫ്.ഐ പ്രവർത്തകരാണെന്നും തെളിവായി സി.സി.ടി ദൃശ്യങ്ങൾ ഉൾപ്പെടെ ഉണ്ടെന്നുമാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. എന്നാൽ ഗാന്ധിച്ചിത്രം തകർത്തത് കോൺഗ്രസിന്റെ ഗൂഢാലോചനയുടെ ഭാഗമായാണെന്നാണ് ഇടതു നേതാക്കളുടെ ആരോപണം.
കേസ് അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി ഉൾപ്പെടെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് പരിഗണിക്കാതെ പൊലിസ് പ്രവർത്തകരെ അന്യായമായി കേസിൽ കുടുക്കാൻ ശ്രമിക്കുന്നെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. പരാതിക്കാരെ വ്യാജ തെളിവുകളുണ്ടാക്കി പ്രതികളാക്കുകയാണ് പൊലിസ് ചെയ്തതെന്ന് എം.പിയുടെ പി.എ രതീഷ് കുമാർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."