മാനദണ്ഡം കാറ്റിൽപ്പറത്തി വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിന് തസ്തിക പുനർനിർണയം
പി.കെ മുഹമ്മദ് ഹാത്തിഫ്
തിരുവനന്തപുരം • കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിലെ പഴ്‌സനൽ സ്റ്റാഫുകളുടെ തസ്തിക പുനർനിർണയിച്ച് സർക്കാർ തീരുമാനം. തസ്തിക പുനർനിർണയിക്കാനുള്ള മാനദണ്ഡങ്ങൾ പൂർണമായും കാറ്റിൽപ്പറത്തിയാണ് പഴ്‌സനൽ സ്റ്റാഫുകളുടെ തസ്തിക പുനർനിർണയിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്.
അഡിഷണൽ പി.എ തസ്തികയിൽ ജോലി ചെയ്തിരുന്നയാളെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായും ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്നയാളെ അഡിഷണൽ പി.എ ആയുമാണ് തസ്തിക പുനർനിർണയിച്ചത്. കഴിഞ്ഞ രണ്ടിന് മന്ത്രി ശിവൻകുട്ടി ഇതു സംബന്ധിച്ച് കത്തു നൽകി.
അവധിക്കിടയിലും പൊതുഭരണവകുപ്പ് കത്ത് മുഖ്യമന്ത്രിക്കു കൈമാറി അംഗീകാരം നേടി. ഇതിനു ശേഷം 17 ന് ഇരുവരുടെയും ശമ്പളവും തസ്തികയും ഉയർത്തി ഉത്തരവിറക്കി.
ഇതോടെ പി.എ ആയിരുന്നയാളുടെ ശമ്പളം 60,000 രൂപയിൽനിന്ന് 75,500 രൂപയായി ഉയരും. ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തിരുന്നയാളുടെ ശമ്പളം 40,000 രൂപയിൽ 60,000 രൂപയായും ഉയരും. ശമ്പളം ഉയർന്നതോടെ ഇരുവരുടെയും പെൻഷനും ആനുപാതികമായി ഉയരും.
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ ശമ്പളം സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറിയുടേതാണ്. അഡിഷണൽ പി.എയുടെ ശമ്പളം സെക്രട്ടേറിയറ്റിലെ സെക്ഷൻ ഓഫിസറുടേതിനും തുല്യമാണ്.
സെക്രട്ടേറിയറ്റിൽ അസിസ്റ്റന്റായി പി.എസ്.സി പരീക്ഷ എഴുതി കയറുന്നവർക്ക് 20 വർഷം കഴിയുമ്പോൾ ലഭിക്കുന്ന പ്രൊമോഷൻ തസ്തികയാണ് അണ്ടർ സെക്രട്ടറിയുടേത്. 15 വർഷം കഴിയുമ്പോഴാണ് സെക്ഷൻ ഓഫിസർ തസ്തികയിലേക്ക് പ്രൊമോഷൻ ലഭിക്കുന്നത്. പഴ്‌സനൽ സ്റ്റാഫായി ക്ലർക്ക് തസ്തികയിൽ പ്രവേശിച്ചയാൾക്ക് അഡിഷണൽ പി.എ തസ്തിക ലഭിച്ചത് ഒരു വർഷം കൊണ്ടാണെന്നതാണ് പ്രധാന ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."