ഹജ്ജ് ക്യാംപ് സജീവമാകുന്നു; ഹാജിമാരില്‍ ഏറെയും കോഴിക്കോട്ടുകാര്‍
കൊച്ചി: ഹജ്ജ് ക്യാംപ് സജീവമാകുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.30 നും രാത്രി 11നും സഊദി എയര്‍ലൈന്‍സിന്റെ രണ്ടു വിമാനങ്ങളാണ് സര്‍വിസ് നടത്തിയത്. രണ്ടു സര്‍വിസുകളിലായി 900 ഹാജിമാര്‍ മക്കയിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ 21 ന് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച അന്താരാഷ്ട്ര ടെര്‍മിനലില്‍ ഒരുക്കിയ ഹജ്ജ് ക്യാംപില്‍നിന്നും ഇന്നലെ വരെ 2100 ഓളം ഹാജിമാര്‍ ഹജ്ജ് കര്‍മത്തിനായി പുറപ്പെട്ടു കഴിഞ്ഞു.
പ്രതിദിനം രണ്ടു വീതം സര്‍വിസുകളാണ് നടത്തുന്നത്. ഇത് ഈ മാസം 31 വരെ തുടരും. ശേഷം ഒന്നു മുതല്‍ അഞ്ചുവരെ ഒരു സര്‍വിസും നടത്തും. എയര്‍ ഇന്ത്യ, സഊദി എയര്‍ ലൈന്‍സ്, ഫൈനാസ്, സ്‌പൈസ് ജെറ്റ് എന്നീ വിമാന കമ്പനികളാണ് സര്‍വിസ് നടത്തുന്നത്. ഇരു രാജ്യങ്ങള്‍ തമ്മിലുളള ഉടമ്പടി പ്രകാരം 50-50 അനുപാതത്തിലാണ് സര്‍വിസ് നടത്തുന്നത്.
രാജ്യത്തെ ഇരുപത്തിയൊന്ന് കേന്ദ്രങ്ങളില്‍ നിന്നാണ് ഹാജിമാര്‍ മക്കയിലേക്ക് പുറപ്പെടുന്നത്. വാരാണാസി, ജയ്പൂര്‍, ഗുവഹത്തി, ഔറംഗബാദ് എന്നിവിടങ്ങളില്‍നിന്നും ഫൈനാസും ബംഗളൂരു, ഭോപ്പാല്‍, ചെന്നൈ, ഡല്‍ഹി, ഗോവ, ഹൈദ്രാബാദ്, മംഗളൂരു, മൂംബൈ, നാഗ്പൂര്‍, റാഞ്ചി, ശ്രീനഗര്‍ എന്നിവിടങ്ങളില്‍നിന്നും എയര്‍ ഇന്ത്യയും അഹമ്മദാബാദ്, കൊച്ചി, കൊല്‍ക്കൊത്ത, ലക്‌നൗ എന്നിവിടങ്ങളില്‍നിന്നും സഊദി എയര്‍ലൈന്‍സും, ഗയ, ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍നിന്നും സ്‌പൈസ് ജെറ്റും സര്‍വിസ് നടത്തും. സംസ്ഥാനത്ത് ഹജ്ജ് കര്‍മത്തിനായി പുറപ്പെടുന്ന ഹാജിമാരില്‍ ഏറെയും കോഴിക്കോട്ടുകാരാണ്.
കുറവ് പത്തനംതിട്ടയിലും. കോഴിക്കോട്ട് നിന്നും 3244 പേര്‍ക്കാണ് ഇക്കുറി ഹജ്ജിനായി അവസരം ഒരുങ്ങിയത്. ഇതില്‍ 1444 പുരുഷന്‍മാരും 1800 വനിതകളുമാണ്. 20440 അപേക്ഷകളാണ് ജില്ലിയില്‍നിന്നും ലഭിച്ചത്. രണ്ടാമതായി മലപ്പുറം ജില്ലയാണ്. ഇവിടെനിന്നും 2315 പേര്‍ക്കാണ് അവസരമുളളത്. ഇതില്‍ 1156 പുരുഷന്മാരും 1159 സ്ത്രീകളും. എറാണാകുളം ജില്ലയില്‍നിന്നും 5232 അപേക്ഷകള്‍ ലഭിച്ചെങ്കിലും 770 പേര്‍ക്കാണ് അവസരം ഒരുങ്ങിയത്. ഇടുക്കിയില്‍നിന്നും 93 പേരാണ് പുറപ്പെടുന്നത്. കണ്ണൂര്‍ - 1254, കാസര്‍കോട്- 904, കൊല്ലം 205,കോട്ടയം-185, പാലക്കാട്- 419,തിരുവനന്തപുരം -182, തൃശൂര്‍ -137,വയനാട്- 331 എന്നിങ്ങനെയാണ് അവസരങ്ങള്‍ ലഭിച്ചിട്ടുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."