അനുസ്മരണം ; സുപ്രഭാതം നയം
സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും നേതാവ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെ ക്കുറിച്ച് തങ്ങള്‍ അവര്‍കളുടെ മകന്‍ ആദരണീയനായ അബൂബക്കര്‍ ബാഫഖി തങ്ങള്‍ എഴുതിയ ഒരു ലേഖനം സുപ്രഭാതം പത്രം പ്രസിദ്ധീകരിച്ചില്ല എന്നൊരു ആക്ഷേപം അദ്ദേഹത്തിന്റെ തന്നെ ശബ്ദത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെടുകയുണ്ടായി. അന്തരിച്ച നേതാക്കളുടെ അനുസ്മരണം പ്രസിദ്ധപ്പെടുത്തുന്നതില്‍ പത്രങ്ങള്‍ക്കു പ്രത്യേക നയവും നിലപാടുമുണ്ട്. ഓരോ പത്രങ്ങളും അവരവരുടെ രീതിക്കൊത്തു രൂപപ്പെടുത്തിയതാണ് ആ നിലപാട്. സുപ്രഭാതം പത്രവും ഇക്കാര്യത്തില്‍ തുടക്കം തൊട്ടേ ഒരു നിലപാട് സ്വീകരിച്ചു വരുന്നുണ്ട്. അതനുസരിച്ച് ശംസുല്‍ ഉലമ, കണ്ണിയത്ത് ഉസ്താദ് എന്നിവരുടെ അനുസ്മരണങ്ങള്‍ ഓരോ വര്‍ഷവും കൊടുക്കുകയും മറ്റുള്ളവരുടേത് ഒന്ന്, 10, 25, 50, 100 ആണ്ടുകള്‍ ആവുമ്പോള്‍ മാത്രം എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നതാണ് നിലവിലുള്ള നയം.
എന്നാല്‍ ഓരോ വര്‍ഷവും പ്രമുഖ നേതാക്കളുടെ ആണ്ടിനോടനുബന്ധിച്ച് ആണ്ട് പരിപാടികള്‍ വാര്‍ത്താ രൂപത്തില്‍ പരമാവധി പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാം എന്നതും സുപ്രഭാതത്തിന്റെ നയമാണ്. മറിച്ചുള്ള നിലപാട് ഒരു വാര്‍ത്താ പത്രം എന്ന നിലക്ക് ഒട്ടേറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സമസ്ത ഉലമാക്കളുടെയും ഉമറാക്കളുടെയും അടക്കം മരണപ്പെട്ട ആദരണീയ വ്യക്തികളുടെ അനുസ്മരണങ്ങള്‍ ലേഖന രൂപത്തില്‍ കൊടുക്കുകയാണെങ്കില്‍ ദിവസവും നിരവധി എണ്ണമുണ്ടാവും. ഇക്കാര്യം ബഹുമാനപ്പെട്ട തങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയതുമാണ്. ഈയൊരു സാഹചര്യത്തിലാണ് ബാപ്പു ഉസ്താദ് ജീവിച്ചിരുന്ന കാലത്തു തന്നെ സുപ്രഭാതം ഇങ്ങനെയൊരു നയപരമായ തീരുമാനമെടുത്തത്. പത്രങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ മറികടക്കാന്‍ പത്രങ്ങള്‍ സ്വീകരിക്കുന്ന ചില തീരുമാനങ്ങള്‍ അടിസ്ഥാനപരമാണ്. അത് ആരെയും അവമതിക്കാനോ ചെറുതാക്കാനോ ഉള്ളതല്ലെന്നു മാന്യ സുഹൃത്തുക്കളെ വിനയപൂര്‍വ്വം അറീയ്ക്കുകയാണ്.
മാനേജിങ് എഡിറ്റര്‍, സുപ്രഭാതം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."