മലബാറിലെ പ്ലസ് ടു പഠനം; അസമത്വം എന്ന് പരിഹരിക്കും?
പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം വഴിയുള്ള അപേക്ഷാ സമർപ്പണം പൂർത്തിയയായപ്പോൾ പതിവുപോലെ മലബാർ ജില്ലകളിൽ പതിനായിരക്കണക്കിന് അപേക്ഷകർ പഠിക്കാൻ സീറ്റില്ലാതെ പുറത്തുനിൽക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. സംസ്ഥാനത്തൊട്ടാകെ പ്ലസ് വണ്ണിന്, മുൻ വർഷത്തേക്കാൾ 6059 അപേക്ഷകരുടെ വർധനവുണ്ട്.എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ ആകെ 187015 അപേക്ഷകർക്ക് 178231 സീറ്റുണ്ട്. 8784 സീറ്റിന്റെ കുറവേയുള്ളു. ഈ ജില്ലകളിലെ കുറച്ച് കുട്ടികൾ പോളിടെക്‌നിക് കോളേജ്, ഐ.ടി.ഐ എന്നിവിടങ്ങളിൽ ചേരുന്നതോടെ എല്ലാവർക്കും ഉപരിപഠനത്തിനു അവസരം കിട്ടും. എന്നാൽ ഇതല്ല മലബാറിലെ സ്ഥിതി. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴു ജില്ലകളിൽ ആകെ പ്ലസ് വൺ അപേക്ഷകരുടെ എണ്ണം 284263. ഇവർക്കു പഠിക്കാൻ ലഭ്യമായ സീറ്റ് ആകെ 240011. ഈ ഏഴു ജില്ലകളിലായി 44252 സീറ്റിന്റെ കുറവുണ്ട്. മലപ്പുറം ജില്ലയിലെ സ്ഥിതിയാണ് ഏറെ പരിതാപകരം.സർക്കാർ അനുവദിച്ച 30 ശതമാനം സീറ്റ് വർധനയും താൽക്കാലിക അധിക ബാച്ചുകളും അൺ എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകളും ഉൾപ്പെടെ ഇവിടെ ആകെയുള്ളത് 63875 സീറ്റുകളാണ്.ഇതിൽ 11275 എണ്ണം അൺ എയ്ഡഡ് സീറ്റുകളാണ്. കനത്ത ഫീസ് കൊടുത്താലേ അവിടെ പഠിക്കാൻ പറ്റൂ. അൺ എയ്ഡഡ് സീറ്റുകൾ മാറ്റിനിർത്തിയാൽ മലപ്പുറം ജില്ലയിൽ മാത്രം 27422 സീറ്റുകളുടെ കുറവുണ്ട്. നിലവിലെ സാഹചര്യത്തിൽ മലപ്പുറത്ത് ഇത്രയും കുട്ടികൾക്കു സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ പ്ലസ് വണ്ണിന് പഠിക്കാൻ സീറ്റില്ല എന്നർഥം.
ഉത്തരവാദിത്വം ആർക്ക്
ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് സർവകലാശാലകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്തിയതോടെയാണ് കേരളത്തിൽ ഹയർ സെക്കൻഡറി പഠനം സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നത്. 1998-99 അധ്യയന വർഷത്തോടെ കോളജുകളിലെ പ്രീഡിഗ്രി പ്രവേശനം അവസാനിപ്പിച്ചു. ഇതിന്റെ മുന്നോടിയായി 1997 മുതലാണ് സംസ്ഥാനത്ത് വ്യാപകമായി ഹയർ സെക്കൻഡറി സ്‌കൂളുകൾ അനുവദിച്ച് തുടങ്ങിയത്. ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതു മുന്നണി മന്ത്രിസഭയാണ് അന്ന് കേരളം ഭരിച്ചിരുന്നത്. ഈ മന്ത്രിസഭയുടെ കാലത്ത് 1997 ജൂൺ 12 മുതൽ 2001 മാർച്ച് 16 വരെ പല ഘട്ടങ്ങളിലായി 1069 ഹയർ സെക്കൻഡറി സ്‌കൂളുകൾ അനുവദിച്ചപ്പോൾ മലപ്പുറത്ത് ആകെ ലഭിച്ചത് 67 സ്‌കൂളുകൾ മാത്രമാണ്. ഇക്കാലത്തു ഹയർ സെക്കൻഡറി സ്‌കൂളുകൾ അനുവദിച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവുകൾ പരിശോധിച്ചാൽ അന്നത്തെ സർക്കാർ മലബാറിനോട് കാണിച്ച വിവേചനത്തിന്റെ ആഴം മനസ്സിലാകും. 1997 ജൂൺ 11ന് അനുവദിച്ച 77 ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നാലെണ്ണം മലപ്പുറത്തും എട്ടെണ്ണം ഇടുക്കിയിലുമായിരുന്നു. തൊട്ടുപിറ്റേ ദിവസം ഇറങ്ങിയ രണ്ടാമത്തെ ഉത്തരവിൽ 108 ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളുകളും 178 എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളും അനുവദിക്കപ്പെട്ടു. ഇതിൽ മലപ്പുറത്തു ആകെ 22 സ്‌കൂളുകൾ അനുവദിച്ചപ്പോൾ ജനസംഖ്യയിലും വിദ്യാർഥികളുടെ എണ്ണത്തിലും വളരെ കുറവുള്ള കോട്ടയത്ത് ഇതിന്റെ ഇരട്ടിയിലേറെ സ്‌കൂളുകൾ അനുവദിക്കപ്പെട്ടു. ഈ വിവേചനത്തിന്റെ പേരിൽ അന്ന് വലിയ പ്രക്ഷോഭങ്ങൾ ഉണ്ടായി. ഇത് പരിഹരിക്കാനെന്ന പേരിൽ 1997 ജൂലൈ രണ്ടിനു രണ്ടു സർക്കാർ ഉത്തരവുകളിലായി 37 ഹയർ സെക്കൻഡറി സ്‌കൂളുകൾ കൂടി അനുവദിച്ചു. അതിൽ ഒരു സ്‌കൂൾ മാത്രമാണ് മലപ്പുറത്തുനിന്ന് ഉണ്ടായിരുന്നത്. 2000 ജൂലൈ മാസത്തിൽ സർക്കാർ, എയ്ഡഡ് മേഖലകളിലായി സംസ്ഥാനത്ത് 387 ഹയർ സെക്കൻഡറി സ്‌കൂളുകൾ അനുവദിച്ചു. തെക്കൻ ജില്ലകളെ അപേക്ഷിച്ച് ജനസംഖ്യയിൽ ഏറെ മുന്നിൽ നിൽക്കുന്ന മലപ്പുറത്തുനിന്ന് ഈ ലിസ്റ്റിൽ ഉൾപ്പെട്ടത് 36 സ്‌കൂളുകൾ മാത്രം!
ഇ.കെ നായനാർ അധികാരത്തിലിരുന്ന 2001 വരെ ഈ വിവേചനം തുടർന്നു. മലബാറിലെ എല്ലാ ജില്ലകളിലും ആവശ്യത്തിനു വേണ്ടതിന്റെ പകുതി സ്‌കൂളുകൾ പോലും നൽകിയില്ല. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിൽ പോലും കുട്ടികൾക്കു പഠിക്കാൻ സീറ്റില്ലാതായി. തെക്കൻ ജില്ലകളിൽ യഥേഷ്ടം ഹയർ സെക്കൻഡറി സ്‌കൂളുകൾ അനുവദിക്കുകയും ചെയ്തു. ഇവിടങ്ങളിൽ പലയിടത്തും ഇത് ആവശ്യത്തിൽ കൂടുതലായിരുന്നു. ഈ അസന്തുലിതാവസ്ഥ ഇപ്പോഴും നിലനിൽക്കുന്നു. അതുകൊണ്ടാണ് മലബാർ ജില്ലകളിൽ ആവശ്യത്തിന് പ്ലസ് ടു സീറ്റ് ഇല്ലാതിരിക്കുമ്പോൾ തെക്കൻ ജില്ലകളിൽ പഠിക്കാൻ കുട്ടികളില്ലാതെ ഇപ്പോഴും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്.
യു.ഡി.എഫ് സർക്കാരുകൾ
ചെയ്തത്
യു.ഡി.എഫ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിമാരായിരുന്ന നാലകത്ത് സൂപ്പിയുടെയും ഇ.ടി മുഹമ്മദ് ബഷീറിന്റെയും 2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പി.കെ അബ്ദുറബ്ബിന്റെയും കാലത്താണ് ഈ അസന്തുലിതാവസ്ഥ പരിഹരിക്കാൻ കാര്യമായ ശ്രമങ്ങൾ നടന്നത്. സൂപ്പിയുടെ കാലത്ത് പ്ലസ് ടു സീറ്റുകൾ കുറവുള്ള പ്രദേശങ്ങളിലെ ഗവണ്മെന്റ് ഹൈസ്‌കൂളുകളെയൊക്കെ ഹയർ സെക്കൻഡറികളാക്കി ഉയർത്താൻ നയപരമായ തീരുമാനം എടുത്തു. മലപ്പുറം ജില്ലയിൽ മാത്രം ഇങ്ങനെ 46 സർക്കാർ ഹൈസ്‌കൂളുകൾ, ഹയർ സെക്കൻഡറി സ്‌കൂളുകളായി മാറി. പി.കെ അബ്ദുറബ്ബിന്റെ കാലത്ത് പുതുതായി 24 ഹയർ സെക്കൻഡറി സ്‌കൂളുകൾ മലപ്പുറത്ത് അനുവദിച്ചു. 2011ൽ സംസ്ഥാനത്തൊട്ടാകെ 552 ഉം 2014ൽ 690 ഉം അധിക പ്ലസ് ടു ബാച്ചുകൾ ഗവണ്മെന്റ്, എയ്ഡഡ് മേഖലയിലായി അനുവദിച്ചു. ഒരു ബാച്ചിന് 50 സീറ്റ് എന്ന കണക്കുവച്ച് കൂട്ടിയാൽ ഇത് അറുപത്തിരണ്ടായിരം സീറ്റുകൾ വരും. ഇപ്പോൾ സർക്കാർ അനുവദിച്ച 30 ശതമാനം സീറ്റ് വർധനവച്ച് കൂട്ടിനോക്കിയാൽ എൺപതിനായിരത്തോളം പ്ലസ് ടു സീറ്റുകൾ അബ്ദുറബ്ബിന്റെ കാലത്ത് അധികമായി അനുവദിക്കപ്പെട്ടു. ഇതിൽ ഏറെയും നൽകിയത് മലബാർ ജില്ലകൾക്കായിരുന്നു.
പരിഹാരം
പ്ലസ് ടു അലോട്ട്‌മെന്റ് പ്രക്രിയ തുടങ്ങിയിട്ടേയുള്ളൂ. ഇത് പൂർത്തിയാകുന്നതോടെ സീറ്റ് കിട്ടാതെയും ഇഷ്ടവിഷയങ്ങൾക്ക് പ്രവേശനം കിട്ടാതെയും പുറത്തായവരുടെ വിവരങ്ങൾ കൂടി ലഭ്യമാകും. വികസനരംഗത്ത് മലബാറിന് ഒട്ടേറെ പരാധീനതകളുണ്ട്. സർക്കാർ ഓഫിസുകൾ, ആശുപത്രികൾ, കോളജുകൾ, സ്‌കൂളുകൾ ഇവയുടെ എണ്ണത്തിലൊക്കെ ആളോഹരിവച്ച് നോക്കുമ്പോൾ മലബാറിന്റെ പിന്നോക്കാവസ്ഥ വ്യക്തമാകും. ഇതിൽ ആദ്യം ഇടപെടേണ്ടതും പരിഹരിക്കേണ്ടതും വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥയാണ്. ഇത് പരിഹരിക്കാൻ വേണ്ടത് ഇച്ഛാശക്തിയാണ്. സംസ്ഥാനത്തിന്റെ വിഭവങ്ങൾ എല്ലാ പ്രദേശങ്ങൾക്കും വിഭാഗങ്ങൾക്കും തുല്യമായി ലഭ്യമാക്കണം
. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ ഈ സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ ഒരു ഇടക്കാല റിപ്പോർട്ട് ഈയിടെ പുറത്തുവരികയുണ്ടായി. ഡൽഹി യൂനിവേഴ്‌സിറ്റി മുൻ പ്രൊഫസറും ബി.ആർ അംബേദ്കർ യൂനിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ. ശ്യാം ബി. മേനോനാണു ഈ കമ്മിഷന്റെ അധ്യക്ഷൻ. ഈ റിപ്പോർട്ട് അനുസരിച്ച് 2011ലെ ജനസംഖ്യ പ്രകാരം തിരുവിതാംകൂർ-കൊച്ചി മേഖലയിൽ ശരാശരി 135000 പേർക്ക് ഒരു കോളജ് ഉള്ളപ്പോൾ, മലബാറിൽ 185000 പേർക്ക് ഒരു കോളജ് എന്നതാണ് അനുപാതം. 153000 പേർക്ക് ഒരു കോളജ് എന്നതാണ് സംസ്ഥാന ശരാശരി. ഇക്കാര്യത്തിൽ തിരു-കൊച്ചി പ്രദേശങ്ങളെക്കാളും സംസ്ഥാന ശരാശരിയേക്കാളും ഏറെ പിന്നിലാണ് മലബാർ. സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ കണക്കെടുത്താലും ഇക്കാര്യം ബോധ്യമാകും.
വിദ്യാഭ്യാസരംഗത്തെ മലബാറിന്റെ പിന്നോക്കാവസ്ഥക്ക് ചരിത്രപരമായ നിരവധി കാരണങ്ങളുണ്ട്. പക്ഷേ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 75 കൊല്ലവും ഐക്യ കേരളം നിലവിൽ വന്നിട്ട് അര നൂറ്റാണ്ടും കഴിഞ്ഞു. കേരളത്തിലെ മൊത്തം ജനസംഖ്യയിൽ പകുതിയിലേറെയും വസിക്കുന്ന പ്രദേശമാണ് മലബാർ. മറ്റു പ്രദേശങ്ങളെ പോലെ അവരും വികസനത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും ലഭിക്കാൻ അർഹരാണ്. ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച രണ്ടു മുഖ്യമന്ത്രിമാർ, ഇ.കെ നായനാരും കെ. കരുണാകരനും മലബാറുകാരായിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രിക്കും ഈ രണ്ടു മുഖ്യമന്ത്രിമാരെയും പോലെ, ഏകദേശം അത്രയും കാലം ഭരണത്തിൽ ഇരിക്കാൻ അവസരം ലഭിച്ചേക്കും. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലും കുട്ടികൾക്കു പഠിക്കാൻ ആവശ്യത്തിന് സീറ്റില്ല. ഇതൊക്കെ പരിഹരിക്കാനുള്ള അവസരമാണ് തുടർഭരണമായി കൈയിൽ കിട്ടിയിട്ടുള്ളത്.
വിദ്യാഭ്യാസ വകുപ്പിനെ പറ്റിയുള്ള ധനാഭ്യർഥന ചർച്ചക്ക് മറുപടി പറഞ്ഞുകൊണ്ട് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ 1987 ജൂലൈ മാസം പതിനെട്ടാം തിയതി നിയമസഭയിൽ നടത്തിയ ഒരു പ്രസംഗമുണ്ട്. അതിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്; 'വിദ്യാഭ്യാസ വകുപ്പിനെപ്പറ്റി നിർദേശ രൂപത്തിലും നിരൂപണ രൂപത്തിലും ബഹുമാനപ്പെട്ട മെമ്പർമാർ വളരെയധികം സംസാരിച്ചത് കേട്ട ഞാൻ ഇപ്പോൾ കൂടുതൽ ഉൽബുദ്ധനായാണ് എഴുന്നേറ്റുനിൽക്കുന്നത്. ഇതിൽ കക്ഷിയില്ല. ഇതിൽ രാഷ്ട്രീയമില്ല. നമ്മുടെ ഭാവിതലമുറയെ വാർത്തെടുക്കുന്ന പ്രശ്‌നങ്ങളാണ് ഇതിലുള്ളത്. അതുകൊണ്ട് ഈ കാര്യങ്ങളിൽ എങ്കിലും അതിർവരമ്പുകൾ ഇടാതെയിരിക്കൂ എന്ന് ഞാൻ പറയുന്നു'. ഇപ്പോഴത്തെ സാഹചര്യത്തിലും ഏറെ പ്രസക്തമാണ് സി.എച്ചിന്റെ ഈ വാക്കുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."