ലിംഗനിഷ്പക്ഷതയും പാഠ്യപദ്ധതി ചട്ടക്കൂടും
1960കളിൽ അമേരിക്കയിലെ ജോൺ ഹോപ്കിൻസ് ആശുപത്രിയിലാണ് സംഭവം നടക്കുന്നത്. ജനനേന്ദ്രിയത്തെ ബാധിക്കുന്ന ഫിമോസിസ് എന്ന അവസ്ഥയെ ചികിത്സിക്കുന്നതിൻ്റെ ഭാഗമായി നടത്തിയ ചേലാകർമത്തിനിടെ ഇനി വീണ്ടെടുക്കാൻ കഴിയാത്തവിധം പൊള്ളലേറ്റ ബ്രൂസ് എന്ന മകനുമായി ജാനറ്റ്-റൈമർ ദമ്പതിമാർ ജോൺ മണി എന്ന ഡോക്ടറെ സമീപിക്കുന്നു. ബ്രൂസിൻ്റെ ജനനേന്ദ്രിയം ഒരിക്കലും ശരിയാക്കിയെടുക്കാൻ കഴിയില്ലെന്നറിഞ്ഞ മാതാപിതാക്കൾക്കു മുമ്പിൽ ഡോ. ജോൺമണി വിചിത്രമായ ഒരു നിർദേശം സമർപ്പിച്ചു. മകനെ, പെൺകുട്ടിയായി വളർത്താം! ലിംഗം മുറിച്ചുമാറ്റി സ്ത്രീയോനിക്ക് സമാനമായ ഉൾഭാഗം സർജറിയിലൂടെ രൂപപ്പെടുത്തിയെടുക്കാമെന്നായിരുന്നു ഡോ. മണിയുടെ ഉപദേശം. ഇൗ നിർദേശം മാതാപിതാക്കൾ അംഗീകരിച്ചു. തുടർന്ന് 22 മാസം മാത്രം പ്രായമുള്ള ബ്രൂസിനെ ലിംഗ പുനർനിർമാണ സർജറിക്ക് വിധേയനാക്കുകയും ബ്രെൻഡ എന്ന പുതിയ പേര് നൽകുകയും ചെയ്തു. ബ്രൂസിൻ്റെ ആൺ ശരീരത്തിലെ ഹോർമോണുകൾ പ്രവർത്തനക്ഷമമാവുന്നത് തടയാൻ ഡോ. മണി സ്ത്രീ ഹോർമോണുകൾ കുത്തിവച്ചു. നിരന്തരമായ ഹോർമോൺ ചികിത്സ മൂലം ശാരീരികമായും മാനസികമായും വലിയ ദുരിതമനുഭവിച്ച ബ്രൂസ്, തൻ്റെ പതിമൂന്നാം വയസ്സിൽ ഇനി ഡോ. മണിയെ കാണേണ്ടിവന്നാൽ ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ചു. തുടർന്ന് രണ്ടുവർഷം കഴിയും മുമ്പേ ജാനറ്റ്-റൈമർ ദമ്പതിമാർ ബ്രൂസിനോട് കുഞ്ഞായിരിക്കുമ്പോൾ അവൻ്റെ ശരീരത്തിൽ നടത്തിയ ഇടപെടലുകളെക്കുറിച്ച് എല്ലാം തുറന്നുപറഞ്ഞു. ഇതറിഞ്ഞ ബ്രൂസ് തൻ്റെ പേര് ഡേവിഡ് റെയ്മർ എന്നാക്കി മാറ്റി ആണായിത്തീരാനുള്ള ദയനീയമായ ചില ശ്രമങ്ങൾ നടത്തി. പിന്നീട് 38ാം വയസ്സിൽ ആത്മഹത്യ ചെയ്തു. സ്ത്രീയാണോ പുരുഷനാണോ എന്നു തീരുമാനിക്കാനുള്ള മാനദണ്ഡം മനസിലെ തോന്നലാണെന്നും ആ തോന്നൽ സാമൂഹികനിർമിതി മാത്രമാണെന്നുമുള്ള ആധുനിക ജെൻഡർ തിയറിയുടെ ആദ്യത്തെ ഇരകളിലൊരാളായിരുന്നു ബ്രൂസ് എന്ന ഡേവിഡ് റെയ്മർ .
കേരളത്തിൽ ഇപ്പോൾ നടക്കുന്ന ലിംഗനിഷ്പക്ഷതയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കും സർക്കാർ സ്‌കൂളുകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പാഠ്യപദ്ധതി ചട്ടക്കൂടിലെ ലിംഗബോധം സംബന്ധമായ നിർദേശങ്ങൾക്കും മുകളിൽ വിവരിച്ച സംഭവവുമായി കാര്യമായ ബന്ധമുണ്ട്. ലിംഗനിഷ്പക്ഷതയുമായി ബന്ധപ്പെട്ട സർക്കാർ ഇടപെടലുകളെ യൂനിഫോമിലോ ലിംഗനീതിക്കുവേണ്ടിയുള്ള ശ്രമത്തിലോ ഒതുക്കി മനസ്സിലാക്കാൻ കഴിയില്ല. ആഗോള ലിംഗരാഷ്ട്രീയത്തിൻ്റെയും ആധുനിക ലിംഗസിദ്ധാന്തത്തിൻ്റെയും ചുവടുപിടിച്ചാണ് അത് മുന്നേറുന്നത്. സമൂഹ ചർച്ചക്കായി സർക്കാർ അവതരിപ്പിച്ച ചട്ടക്കൂടിൽനിന്നുതന്നെ ഇതു വ്യക്തമാണ്. കാരണം, സ്‌കൂളുകളിലെ വിദ്യാർഥികൾക്കിടയിൽ ജെൻഡർ സ്‌പെക്ട്രത്തെക്കുറിച്ചുള്ള ധാരണകൾ വികസിക്കുന്നില്ലെന്നും അതിനാവശ്യമായത് ചെയ്യണമെന്നും ചട്ടക്കൂടിൻ്റെ 28ാം നിർദേശമായി കാണാം. എന്താണ് ജെൻഡർ സ്‌പെക്ട്രത്തെക്കുറിച്ച ധാരണ വികസിക്കുന്നില്ല എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
സ്വവർഗസ്വാഭാവികതയും
സർക്കാർ നയവും
നിലവിൽ നമ്മുടെ സമൂഹഘടന സ്ത്രീ-പുരുഷ ബന്ധത്തിലധിഷ്ഠിതമായ കുടുംബഘടനയിൽ ഊന്നിയതാണ്. അഥവാ, എതിർലിംഗസ്വാഭാവിക (heteronormative)മാണ്. ഈ രീതിമാറുകയും സ്വവർഗാനുരാഗികളെക്കൂടി സ്വാഭാവികമായി ഉൾക്കൊള്ളുന്ന സ്വവർഗസ്വാഭാവിക (homonormative) സാമൂഹികഘടന സാധ്യമാക്കണമെന്നുമാണ് ലിംഗരാജിയെ (സ്‌പെക്ട്രം) കുറിച്ചുള്ള ധാരണകൾ വികസിപ്പിക്കണമെന്നതുകൊണ്ടുള്ള ഒരു ഉദ്ദേശ്യം. ബാലുശ്ശേരി സ്‌കൂളിലെ യൂനിഫോം വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ആർ. ബിന്ദു ജെൻഡർ ന്യൂട്രാലിറ്റി കൊണ്ടുവരുന്നതിലൂടെ സ്വവർഗസ്വാഭാവിക സമൂഹത്തെ വളർത്തുന്നതിനെക്കുറിച്ച് ട്വീറ്റ് ചെയ്തതിൻ്റെ പിന്നിലും ഈ ഉദ്ദേശ്യമാണ്.
രണ്ടുകാര്യങ്ങളിൽ ഇവിടെ വ്യക്തത വരേണ്ടതുണ്ട്. ഒന്നാമതായി, സ്വവർഗസ്വാഭാവിക സമൂഹം കുടുംബങ്ങളെ തകർക്കുമെന്ന വാദം വിശ്വാസി സമൂഹങ്ങളിലും അല്ലാത്തവരിലും നിലനിൽക്കുന്നുണ്ട്. പാശ്ചാത്യൻ രാജ്യങ്ങളിൽനിന്നു വരുന്ന കണക്കുകൾ അതിനു തെളിവാണ്. കുടുംബനാഥന്മാരായി ജീവിച്ചവർ പൊടുന്നനെ സ്വവർഗാനുരാഗികളായി 'കമിങ് ഔട്ട്' നടത്തുകയും ആശ്രിതരായ സ്ത്രീകളെ ഇട്ടേച്ചുപോവുകയും ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്കുമേൽ മക്കളുടെ ഭാരം വന്നു പതിക്കുകയും ചെയ്യുന്നു. കരിയർ ഗുണമുള്ള സ്ത്രീകൾ യൗവനകാലത്ത് ഈ ഒറ്റപ്പെടൽ അതിജീവിക്കുമെങ്കിലും പ്രായമേറുമ്പോൾ ഭീകരമായ ഏകാന്തതയിലേക്ക് പോകുന്നതുമെല്ലാം പാശ്ചാത്യനാടുകളിൽ നടമാടുന്ന കാഴ്ചയാണ്. ഇത്തരം പരിണിതികളെക്കുറിച്ച് ഒരു ജനാധിപത്യസമൂഹം എന്ന നിലയിൽ കാര്യമായ ചർച്ചകൾ നമ്മുടെ നാട്ടിൽ നടന്നിട്ടില്ല.
രണ്ടാമതായി, സ്വർവഗരതിക്കാർക്ക് അവരുടെ ഇഷ്ടംപോലെ ജീവിക്കാമെന്നത് അവകാശമായി ഉയർത്തിക്കാണിക്കപ്പെടുന്നുണ്ട്. യഥാർഥത്തിൽ, അതുമാത്രമല്ലല്ലോ അവരുടെ അവകാശം. എതിർലിംഗസ്വാഭാവിക സമൂഹത്തിൻ്റെ ഭാഗമായി മാറാൻ അവർക്ക് സാധിക്കുമോ എന്ന അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ എന്തുകൊണ്ട് അവരുടെ അവകാശങ്ങളുടെ ഭാഗമായി പുരോഗമനസമൂഹത്തിന് സാധിക്കുന്നില്ല? തങ്ങൾക്ക് സ്വവർഗത്തോട് മാത്രം ആകർഷണം തോന്നുന്നു, അതിനാൽ തങ്ങൾ എതിർലിംഗസ്വാഭാവികതയിൽ ജീവിക്കുന്ന സമൂഹത്തിൽ നിന്ന് വിവേചനം അനുഭവിക്കുന്നു എന്നതാണ് സ്വവർഗാനുരാഗികളനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. അങ്ങനെ വരുമ്പോൾ അവരുടെ ചോദനകളെ മാത്രം അവകാശമായി കാണുന്നതിന് പകരം, സ്വവർഗസ്വാഭാവികതയിൽ നിന്ന് എതിർലിംഗ സ്വാഭാവികതയിലേക്ക് മാറാനുള്ള പദ്ധതികൾ ആരായുന്നത് എന്തുകൊണ്ട് അവകാശ രാഷ്ട്രീയത്തിൻ്റെ പരിധിയിൽ വരുന്നില്ല? യഥാർഥത്തിൽ ഇത്തരം ചോദ്യങ്ങൾ ഹോമോഫോബിയ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. ഒരു മാറ്റം സാധ്യമാണോ എന്ന ഗവേഷണത്തിനോ ചികിത്സക്കോ മുതിരുന്ന ഡോക്ടർമാരെയും മനശ്ശാസ്ത്രവിദഗ്ധരെയും കൈയേറ്റം ചെയ്യുന്നതാണ് ആഗോളതലത്തിലെ നടപ്പുരീതി. ഇക്കാര്യത്തിൽ കേരളവും പിന്തുടരാൻ പോകുന്നത് ഇൗ രീതിയാണോ എന്നും വ്യക്തമാക്കേണ്ടതുണ്ട്.ലിംഗത്വരാജിയെ(ജെൻഡർ സ്‌പെക്ട്രം) പരിഗണിക്കുമ്പോൾ കുടുംബങ്ങളെ തകർത്തുകളയാനുള്ള ശേഷി സ്വവർഗസ്വാഭാവികത എന്ന ആശയത്തിന് മാത്രമല്ല ഉള്ളത്. മറിച്ച്, ലിംഗനിഷ്പക്ഷത മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും കുടുംബങ്ങളെ തകർക്കാൻ ശേഷിയുള്ളവയാണ്.
ലിംഗനിഷ്പക്ഷതയും
ജീവശാസ്ത്രവും
ആധുനിക ജെൻഡർ തിയറി മനുഷ്യൻ്റെ ജീവശാസ്ത്രമെന്ന യാഥാർഥ്യത്തെയാണ് നിരാകരിക്കുന്നത്. ഒരാളുടെ ലിംഗം (Sex) അയാൾ ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കുന്നതിൽ മാനദണ്ഡമാക്കാൻ കഴിയില്ലെന്നും അവയവം ഏതായിരുന്നാലും ശരി, അയാളുടെ മനസ്സിൽ എന്താണോ തോന്നുന്നത് അതാണ് അയാളുടെ ജെൻഡർ എന്ന ആശയമാണിത്. ഇതനുസരിച്ച്, ഒരാൾക്ക് ആണാണോ പെണ്ണാണോ എന്ന് സ്വയം നിർണയിച്ച് പ്രഖ്യാപിക്കാം, അത് അവരുടെ സ്വാതന്ത്ര്യവും അവകാശവുമാണ് എന്നതാണ് ആധുനിക ജെൻഡർ സിദ്ധാന്തവും എൽ.ജി.ബി.ടി രാഷ്ട്രീയവും മുന്നോട്ടുവയ്ക്കുന്നത്. ഇത് കുടുംബവ്യവസ്ഥയെ തകർക്കുമെന്നത് പ്രത്യേകം പറയണ്ടതില്ലല്ലോ. ഫ്രഞ്ച് സെക്‌സോളജിസ്റ്റായ ഡെബ്രാ സോ ദ 'എൻഡ് ഓഫ് ജെൻഡർ' എന്ന കൃതിയിൽ ജെൻഡർ ആക്ടിവിസത്തിൻ്റെ പൊള്ളത്തരങ്ങളെയും ശാസ്ത്രവിരുദ്ധതയെയും തുറന്നുകാട്ടിയിട്ടുണ്ട്.
ജെർമൈൻ ഗീർ, ജാനസ് റൈമൻഡ് എന്നിവരെപ്പോലുള്ള ചില പ്രമുഖ ഫെമിനിസ്റ്റുകൾ ജെൻഡർ സാമൂഹിക നിർമിതിയാണെന്നും അതെപ്പോഴും മാറാമെന്നുമുള്ള വാദത്തെ എതിർത്തിട്ടുണ്ട്. ട്രാൻസ് എക്‌സ്‌ക്‌ളൂഷ്യനറി റാഡിക്കൽ ഫെമിനിസ്റ്റ്‌സ് (TERF) എന്നാണ് ഇവർ അറിയപ്പെടുന്നത്. 'പുരുഷ ശരീരമുള്ളയാൾ തൻ്റെ ജെൻഡർ പെണ്ണാണെന്ന് വാദിക്കുന്നതിലൂടെ സംഭവിക്കുന്നത് ആണധികാര വ്യവസ്ഥയിൽ പെണ്ണിനെ ആൺ സ്വന്തമാക്കുക എന്ന പ്രക്രിയയാണ്' എന്നാണ് ജാനിസ് റെയ്മണ്ട് വാദിച്ചത് (ദ ട്രാൻസ് സെക്ഷ്വൽ എംപയർ: ദ മെയ്ക്കിങ് ഓഫ് ദ ശീമെയ്ൽ, 1979). 'ഒരു സ്ത്രീയെ സ്ത്രീയാക്കുന്ന ഘടകങ്ങളെന്തെല്ലാമാണോ, അവയെ അന്യായമായി അടിച്ചുമാറ്റുന്ന പണിയാണ് ട്രാൻസ്‌ജെൻഡറിസം ചെയ്യുന്നത്' എന്നാണ് ജെർമൻ ഗീർ തൻ്റെ ദ ഹോൾ വുമൺ എന്ന കൃതിയിൽ (1999) ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ആഗോളതാപനം കൃത്യമായ ശാസ്ത്രീയ തെളിവുകളില്ലാത്ത ഒരു വൈകാരിക ഉമ്മാക്കി മാത്രമാണെന്ന് വാദിച്ചുകൊണ്ട് ശാസ്ത്രത്തിനുവേണ്ടി നിലകൊള്ളുന്ന ലിബറലുകൾ ജെൻഡർ വിഷയത്തിൽ ജീവശാസ്ത്രപരമായ സകലതെളിവുകളിൽ നിന്നും ഒളിച്ചോടുന്നത് വിരോധാഭാസമാണെന്ന് ഫെമിനിസ്റ്റുകൾക്കിടയിലെ വിവാദനായിക കമിയ പഗ് ലിയ പരിഹസിക്കുന്നതു കാണാം.
സ്ത്രീയും പുരുഷനും തമ്മിൽ ജീവശാസ്ത്രപരമായിത്തന്നെ വ്യത്യസ്തരാണ്. ഈ വ്യത്യസ്തത അംഗീകരിക്കാത്തവർ പറയുന്ന ന്യായം വ്യത്യാസങ്ങൾ വിവേചനങ്ങൾക്ക് ന്യായമാണെന്നതാണ്. യഥാർഥത്തിൽ, വ്യത്യാസങ്ങൾ പരിഗണിക്കലാണ് നീതി. വ്യത്യാസങ്ങൾ ഒരിക്കലും വിവേചനത്തെ സാധൂകരിക്കുന്നില്ല. വ്യത്യാസങ്ങൾ പരിഗണിക്കാതെ ആണിൻ്റെയും പെണ്ണിൻ്റെയുമിടയിൽ നിഷ്പക്ഷത കൊണ്ടുവന്നതിലൂടെ അവർക്കിടയിലുള്ള വിവേചനങ്ങൾ അവസാനിച്ചതായി ശാസ്ത്ര-നരവംശ പഠനങ്ങളിലൂടെ ഇന്നുവരെ തെളിയിച്ചിട്ടുമില്ല.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."