ഡോ. എം.കെ മുനീർ ആണാണ്
2022 ഒാഗസ്റ്റ് 26 ആയാൽ ഡോ. എം.കെ മുനീറിന് അറുപത് വയസ് തികയും. പിതാവ് സി.എച്ച് മുഹമ്മദ് കോയ കേരളത്തിലെ ഏതാണ്ടെല്ലാ വകുപ്പുകളിലും മന്ത്രിയും ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രിയും സ്പീക്കറും എം.പിയുമൊക്കെയായി ജനാധിപത്യ കേരളത്തിന്റെ മനസിൽ ഒരു തൊപ്പി ബാക്കിവച്ചു തന്നെ വിടപറഞ്ഞത് 57 തികയും മുമ്പാണ്. സി.എച്ചിന് തുണയായത് പ്രതിഭാവിലാസം മാത്രമല്ല ആ കാലം കൂടിയാണ്. സി.എച്ച് തന്നെയാണ് മുനീറിന്റെ സാധ്യതയും ദൗർബല്യവും.
വിവാദങ്ങൾ മുനീറിനൊപ്പം എന്നുമെന്നോണം ഉണ്ടായിരുന്നു. സ്വന്തം തട്ടകത്തിനകത്തുനിന്നും പുറത്തുനിന്നും ഒരുപോലെ കൈയടികളും പഴികളും മുനീറിനെ തേടിയെത്തി. ലിംഗനിഷ്പക്ഷത എന്ന് വിളിക്കാവുന്ന ജെൻഡർ ന്യൂട്രാലിറ്റിയാണ് മുനീറിനെ ഇപ്പോൾ വിവാദ നായകനാക്കിയത്. എം.എസ്.എഫിന്റെ 'വേരി'ൽ പ്രസംഗത്തിന് കൊഴുപ്പുകൂട്ടാൻ വേണ്ടിയാണെങ്കിലും കാൾ മാർക്‌സിനെയും പിണറായി വിജയനെയും കടന്നാക്രമിച്ചു. പോൾ ജോൺസണിന്റെ 'ദി ഇന്റലക്ച്വൽ ഫ്രം മാർക്‌സ് ടു ചോംസ്‌കി' എന്ന പുസ്തകം ഉദ്ധരിച്ചാണെങ്കിലും മാർക്‌സിനെ പറ്റി അങ്ങനെ പറഞ്ഞുപോയതിൽ മുനീറിന് ഖേദം തോന്നിയിട്ടുണ്ടാകും. ആണധികാര പ്രതിരൂപമായ പിണറായി വിജയന് സാരിയുടുത്തൂടേ എന്ന ചോദ്യം എതിരാളികളെ പ്രകോപിപ്പിക്കുക തന്നെ ചെയ്തു.
പലതുകൊണ്ടും മാറിനടക്കുന്ന ആളാണ് മുനീർ. ഫാസിസവും സംഘ്പരിവാരവും, ഭീകരത പരസ്പരം പാലൂട്ടുന്ന ശത്രുക്കൾ, പറഞ്ഞുതീരാത്ത ഒരു ജീവിതം തുടങ്ങിയ കൃതികളുടെ കർത്താവായ മുനീർ പാട്ടുകൾ എഴുതുകയും പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രകാരനുമാണ്. മുനീർ ചെയർമാനായ ഒലീവ് ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ആദ്യത്തെ മുഴുസമയ വാർത്താ ചാനലായ ഇന്ത്യാവിഷനിലൂടെ സ്വദേശാഭിമാനിയെ യാഥാർഥ്യമാക്കിയ വക്കം മൗലവിയായി അതിന്റെ ചെയർമാനായ മുനീർ വാഴ്ത്തപ്പെടേണ്ടതായിരുന്നു. ചാനൽ, പി.കെ കുഞ്ഞാലിക്കുട്ടിയെ എടുത്തിട്ട് അലക്കിയപ്പോൾ എഡിറ്റോറിയലിൽ ഇടപെടില്ലെന്ന നിലപാടെടുത്ത മുനീറിനെ പാർട്ടിക്കാർ ഒരുവേള ശത്രുപക്ഷത്തേക്ക് മാറ്റിനിർത്തി. അതിന്റെ പരുക്ക് ഇനിയും തീർന്നിട്ടില്ല.
ലിംഗനിഷ്പക്ഷത വാദത്തിൽ മുനീർ യാഥാസ്ഥിതികർക്കൊപ്പം ചേർന്നുവെന്ന ആക്ഷേപം 'പുരോഗമന' പക്ഷത്തുനിന്ന് കേൾക്കുമ്പോഴും മത സംഘടനാപ്രവർത്തകർ മുനീറിനെ അത്രവേഗം സ്വീകരിക്കില്ല. ഉദാരവാദികൾക്കൊപ്പം ആയിരിക്കാനുള്ള മനസ് ഇടയ്‌ക്കെങ്കിലും പ്രകടിപ്പിക്കുന്നതാണ് ഇതിന് കാരണം. കഴിഞ്ഞ വർഷം ജൂണിൽ എൽ.ജി.ബി.ടി.ക്യുവിന്റെ 'പ്രൈഡ് മന്തി'ന് ആശംസകൾ അർപ്പിച്ച ഫേസ്ബുക്ക് പോസ്റ്റ് സ്വവർഗരതിക്കാരെ പിന്തുണച്ചുവെന്ന കമന്റുകൾ വന്നതോടെ പിൻവലിച്ചതാണ്. ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജൻഡറിന് വേണ്ടി നിയമം അംഗീകരിച്ച സംസ്ഥാനമാണ് കേരളം. അതിന് നേതൃത്വം നൽകിയത് അന്ന് സാമൂഹികനീതി വകുപ്പ് മന്ത്രിയായിരുന്ന എം.കെ മുനീറാണ്. ശിവസേനക്കാരുടെ ഗണേശോത്സവത്തിൽ പങ്കെടുത്ത് വിളക്ക് കൊളുത്തിയതും വിവാദമായി.
ചിലപ്പോഴെങ്കിലും കേരളത്തിലെ മുസ്‌ലിം ലീഗിൽ ഉയർന്നുവരാറുള്ള ഇടതുപക്ഷ അനുഭാവത്തിന്റെ മുഖ്യ എതിരാളിയായി അറിയപ്പെടുന്നത് മുനീറാണ്. സി.പി.എമ്മിനു നേരെ പി.കെ കുഞ്ഞാലിക്കുട്ടി മൃദുഭാഷിയെന്ന ആരോപണം ഉയരുമ്പോൾ മുനീർ മൂർച്ചകൂട്ടുന്നത് കാണാം. എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ എതിർധ്രുവത്തിൽ എം.കെ മുനീറിനെ മാധ്യമങ്ങൾ പ്രതിഷ്ഠിക്കുമ്പോൾ തന്ത്രപരമായി ഒഴിഞ്ഞുമാറിക്കളയും ഈ ചങ്ങാതി. കുഞ്ഞാലിക്കുട്ടിയെ ചാണക്യൻ എന്ന് വിളിക്കാറുണ്ടെങ്കിലും ചാണക്യസൂത്രങ്ങൾ കൈയിരിപ്പായി ഉണ്ട് മുനീറിൽ.
1991ൽ കോഴിക്കോട് രണ്ടിൽ എം.കെ മുനീർ നിയമസഭയിലേക്ക് മത്സരിക്കാനിറങ്ങുമ്പോൾ വയസ് 29. കോഴിക്കോട് ലോക്‌സഭാമണ്ഡലത്തിൽ കെ. കരുണാകരന്റെ പുത്രൻ കെ. മുരളീധരനും കോഴിക്കോട് രണ്ട് അസംബ്ലി മണ്ഡലത്തിൽ സി.എച്ചിന്റെ പുത്രൻ മുനീറും ജനവിധി തേടിയപ്പോൾ കരുണാകരൻ-സി.എച്ച് സൗഹൃദത്തിന്റെ ഓർമപ്പൂത്തുലയലുണ്ടായിരുന്നു. രണ്ടുപേരും ജയിച്ചു. പിന്നീട് മലപ്പുറം ജില്ലയിലേക്ക് പോയ മുനീർ രണ്ടു ജയത്തിനും ഒരു തോൽവിക്കും ശേഷം തിരിച്ചെത്തി, രണ്ടുതവണ കോഴിക്കോട്ടുകാർ സ്വീകരിച്ചു. മങ്കടയിൽ മഞ്ഞളാംകുഴിയെ നേരിടാൻ കോഴിക്കോട്ടുകാരെ ഹരംകൊള്ളിച്ച നന്മപ്പരസ്യം മതിയാവുമായിരുന്നില്ല. സ്വന്തം നേതാക്കളെ പടുകുഴിയിലിറക്കിയ ചരിത്രമുള്ള കൊടുവള്ളിയിലേക്ക് 2021ൽ പോയത് കോഴിക്കോട് സൗത്തിനെക്കുറിച്ച ആശങ്കകൾ കൊണ്ടുകൂടിയായിരുന്നു.
മുസ്‌ലിം ലീഗിനകത്ത് ശാക്തിക ചേരിയായി മാറാൻ സാധ്യതയുണ്ടായിരുന്നിട്ടും ആകാതെപോയ നേതാവാണ് മുനീർ. പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്കും ദേശീയരാഷ്ട്രീയത്തിലേക്കും ചുവടു മാറ്റിയപ്പോൾ മുനീർ നിയമസഭയിൽ പ്രതിപക്ഷ ഉപനേതാവായി. രമേശ് ചെന്നിത്തലക്കൊപ്പം പിണറായി സർക്കാരിനെതിരേ വീറുറ്റ പോരാട്ടം നിയമസഭക്കകത്തും പുറത്തും ഉയർത്തിക്കൊണ്ടുവന്നെങ്കിലും 2021ൽ ഭരണത്തിൽ വരാനായില്ലെന്നതിന് പുറമെ പ്രതിപക്ഷ ഉപനേതാവിന്റെ സ്ഥാനം പോലും മുനീറിന് നഷ്ടമായി. 2001ൽ എ.കെ ആന്റണിയുടെ മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലക്കാരനായിരുന്നു. 2011ൽ മരാമത്തോ വിദ്യാഭ്യാസമോ ലഭിക്കുമെന്ന് കരുതി. കിട്ടിയത് പഞ്ചായത്തും സാമൂഹിക നീതിയും വകുപ്പുകളാണ്. സാമൂഹികനീതി വകുപ്പിന് പുതിയ രൂപവും ഭാവവും ഉണ്ടാക്കിയ മുനീർ, ഉമ്മൻചാണ്ടി സർക്കാരിന് കരുതൽ എന്ന പുതിയ മന്ത്രം കൂട്ടിച്ചേർത്തു.
'സ്‌നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും' എന്ന് പാടിയ വയലാറിനെ 'നോവുമാത്മാവിനെ സ്‌നേഹിക്കാത്ത'യാളാക്കി മാറ്റുന്ന മാധ്യമപ്രവർത്തകർക്ക് മുമ്പിൽ ഇനിയും ഏറെ വിയർക്കേണ്ടിവരുമോ മുനീറിന് !
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."