അതിർത്തികൾ മറികടക്കാനുള്ളതാണ്
ദാമോദർ പ്രസാദ്
അതിർത്തികളെ അതിലംഘിച്ചുകൊണ്ട് ഇന്ത്യയിലെയും പാകിസ്താനിലെയും ജനങ്ങൾക്ക് എന്നെങ്കിലും ഒന്നാകാൻ കഴിയുമോ? തികച്ചും കാൽപനികവും അയഥാർഥവുമായ ഒരു ചോദ്യമായി തോന്നാം. വിദേശ മേധാവിത്വത്തിന്റെ അന്ത്യവും രണ്ടു പുതിയ ദേശരാഷ്ട്രങ്ങളുടെ പിറവിയോടെ തുടങ്ങുന്ന ഇന്ത്യയുടെയും പാകിസ്താന്റെയും ഉത്തരകൊളോണിയൽ കാലഘട്ടം സ്വാതന്ത്ര്യത്തിന്റെയും വിഭജനത്തിന്റെയും ചരിത്ര സംഭവങ്ങളാൽ ബന്ധിതമാണ്. വിഭജനത്തെ തുടർന്നുണ്ടായ കൂട്ടക്കൊലകളും ബലാൽക്കാരങ്ങളും രണ്ടു രാജ്യങ്ങളുടെയും സ്വാതന്ത്ര്യ പുലരിയെ ചോരയിൽ മുക്കി. എഴുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പറയത്തക്ക അയവുവന്നിട്ടില്ലെങ്കിലും വിഭജനം സൃഷ്ടിച്ച മാനസികസംഘർഷം നമ്മൾ ഇന്ന് ഓർക്കേണ്ടതെങ്ങനെയാണ്? രണ്ടു രാജ്യങ്ങളിലേക്കുമായി പലായനം ചെയ്ത അഭയാർഥികൾ അനുഭവിക്കേണ്ടി വന്ന യാതനകളെയും അവരുടെ തീരാനഷ്ടങ്ങളെയും കാലത്തിന്റെയും ജീവിതത്തിന്റെ പുതുവഴികളാൽ പതിയെ മുറിവുകളെ ഉണക്കിത്തുടങ്ങിയിരിക്കുന്നു. പിന്നീട് ഇതിൽ നിന്ന് ചോരപൊടിയാതെ നോക്കേണ്ടതും വീണ്ടും ഇത് പുതിയ വിദ്വേഷങ്ങൾക്കുള്ള കാരണമാകാതിരിക്കുന്നതിനുമുള്ള കരുതലാണ് സത്യത്തിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും നമ്മൾ കണ്ടെത്തേണ്ടത്.
സാംസ്കാരിക സമ്പർക്കങ്ങൾ ഇതിൽ വലിയ പ്രാധാന്യം വഹിക്കുന്നു. വിഭജനത്തെക്കുറിച്ചുള്ള അല്ലെങ്കിൽ വിഭജനത്തിന്റെ ഓർമകളെ മുൻനിർത്തിയുള്ള സാഹിത്യവും കലയും അതിർത്തികൾക്കതീതമായ പാരസ്പര്യത്തിന്റെ വലിയ അനുഭവലോകം തുറന്നുതരുന്നു. രാജ്യങ്ങളുടെ ഒന്നാകൽ അസാധ്യമായിരിക്കും. എങ്കിലും അതിർത്തികളെ അതിവർത്തിക്കുന്ന ജനതയുടെ സമ്പർക്കവും പാരസ്പര്യവും എപ്പോഴും സാധ്യമാകുന്നത് സാംസ്കാരികമായ അനുഭവങ്ങളുടെ പങ്കുവയ്ക്കലിലൂടെയാണ്. സാദത് ഹസ്സൻ മന്റോവിന്റെയും ഭീഷ്മ സാഹിനിയുടെയും ഫെയ്സ് അഹ്മദ് ഫെയ്സിന്റെയും രചനകളിൽ അതിർത്തികളാൽ വേർപ്പെടുത്തപ്പെട്ട ജനതയ്ക്ക് പരസ്പരം കണ്ടെത്താൻ സാധിക്കുന്നു. അപകോളനീകരിക്കപ്പെട്ട സ്വത്വത്തെ കണ്ടെത്തുക കൂടിയാണിത്. 2022- ലെ ബുക്കർ സമ്മാനം ലഭിച്ച ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി ഭാഷയിൽ എഴുതിയ നോവൽ ‘മണൽകുടീരം’ (Tomb of Sand) ഈയൊരു അതിർത്തിയാതീത വിസ്തൃതിയിലേക്കാണ് വായനക്കാരെ ക്ഷണിക്കുന്നത്.
‘മണൽകുടീര’ത്തിലെ പ്രധാനകഥാപാത്രം 80 വയസ്സായ മായാണ്. മായുടെ പേര് ചന്ദ്രപ്രഭദേവി. മാ താമസിക്കുന്നത് മകന്റെ കൂടെയാണ്. ബഡെ എന്നാണ് മകനെ വിളിക്കുന്നത്. ഇത് കൂട്ടുകുടുംബത്തിന്റെ കഥ കൂടിയാണ്. ബഡേയുടെ വീട്ടിൽ ഭാര്യ ബഹുവുണ്ട്. മായ്ക്ക് പ്രിയപ്പെട്ട കൊച്ചുമകൻ സിദ്ധ് ഉണ്ട്. മായെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒന്നും സംഭവിക്കുന്നില്ല. ബഡെയുടെ സഹോദരിയാണ് ബേട്ടി. നോവൽ പരീക്ഷാണാത്മകമാണ്. ഇതിൽ ചരിത്രം കടന്നുവരുന്നു. പ്രകൃതി കടന്നു വരുന്നു. പക്ഷിമൃഗാദികൾ ഒരിടം കണ്ടെത്തുന്നു. ഇന്ത്യയുടെ മധ്യകാലങ്ങളിൽ കേട്ട ‘റാം സലാം’ എന്ന അഭിവാദ്യം പരാമർശിക്കപ്പെടുന്നു. ‘മണൽ കുടീര’ത്തിന്റെ ആദ്യ ഭാഗമിതാണ്. ആദ്യഭാഗത്തു തന്നെ മാ യെ കാണാതാകുന്നു. മാ ഇറങ്ങിപ്പോവുകയാണ്. മൂന്ന് ഭാഗങ്ങളുള്ള നോവലിന്റെ ആദ്യ അധ്യായത്തിൽ തന്നെ അൻവർ എന്നൊരു പേര് പരാമർശിക്കപ്പെടുന്നുണ്ട്. ഭർത്താവിന്റെ പേര് അതാണെന്നാണ് പരാമർശം. ഇതുപോലെത്തന്നെ ചന്ദ എന്ന പേരും മാ പറയുന്നുണ്ട്. ഈ പേരുകൾ മറവിയെയും ഓർമയെയും വേർതിരിക്കുന്ന അതിരുകളെ ഭേദിച്ച് അവസാനത്തെ അധ്യായത്തിലാണ് ആരാണെന്ന് നമ്മൾ അറിയുന്നത്.
മകന്റെ വീട്ടിൽ നിന്നിറങ്ങുന്ന മാ മകളുടെ വീട്ടിലാണ് ചെന്ന് താമസിക്കുന്നത്. ഫെമിനിസ്റ്റായ മകൾ സാമ്പ്രദായികവ്യവസ്ഥകളെ നിരാകരിച്ചാണ് ജീവിക്കുന്നത്. കെ.കെയാണ് മകളുടെ കൂടെ താമസിക്കുന്നത്. മാ യ്ക്ക് ഏറ്റവും കൂട്ടാവുന്നത് റോസി ബുവയാണ്. റോസി ട്രാൻസ്ജെൻഡർ വ്യക്തിയാണ്. റോസി അസാധാരണ കഥാപാത്രമാണ്. മായുമായി ഏറ്റവുമധികം സമ്പർക്കത്തിലാവുന്നത് റോസിയാണ്. അവർ തമ്മിലുള്ള ബന്ധമാണ് മായെ വീണ്ടും ഉന്മേഷവതിയാക്കുന്നത്. മനുഷ്യർ സൃഷ്ടിച്ച അതിരുകളെ ലംഘിക്കുന്ന സ്നേഹബന്ധമാണ് എൺപതുവയസ്സായ മായും റോസിയും തമ്മിലുടലെടുക്കുന്നത്. അതിന്റെ ആരംഭം എവിടെ എന്നത് അജ്ഞാതമാണ്. രണ്ടാം അധ്യായം അവസാനമാകുമ്പോഴേക്കും റോസി കൊലചെയ്യപ്പെടുകയാണ്. റോസിയുടെ ശവശരീരം മെഡിക്കൽ പഠനങ്ങൾക്കായി വിട്ടുകൊടുക്കുന്നു. റോസിയുടെ അന്ത്യകർമം ഇത്രമാത്രം. റോസിക്കുണ്ടായിരുന്ന ഏക ആഗ്രഹം പാകിസ്താനിലുള്ള ബന്ധുക്കൾക്ക് താൻ സൂക്ഷിച്ചിവെച്ചിരുന്ന ‘ചിറോൻഞ്ചി’ കൊടുക്കണമെന്നായിരുന്നു. ബദാമാണ് ചിറോഞ്ചി. ഈ ആഗ്രഹം സഫലീകരിക്കാനാണ് മാ പാകിസ്താനിലേക്ക് ഒരു പാസ്പോർട്ട് സംഘടിപ്പിക്കാൻ മകനോട് ആവശ്യപ്പെടുന്നത്.
പാകിസ്താൻ വളരെ ദൂരെയാണെന്നാണ് അമ്മയോട് മകൻ പറയുന്നത്. പകരമായി ആസ്ത്രേലിയയിലേക്ക് പോകാം. വീട് പോലെ തന്നെ തോന്നും ആസ്ത്രേലിയ എന്നാണ്.
പക്ഷേ പാകിസ്താൻ? അവിടേക്ക് ആരാണ് പോവുക. മകന്റെ വേവലാതി മായ്ക്ക് ഒട്ടും പിടിച്ചില്ല. റോസിയുടെ ആത്മാവ് മായെ ആവേശിച്ച പോലെ മാ പാകിസ്താനിലേക്ക് പോയേ പറ്റൂ എന്ന് വാശിപിടിച്ചു. മാ അതിർത്തി കടക്കാൻ ഒരുങ്ങിക്കഴിഞ്ഞിരുന്നു. പാസ്പോർട്ട് ലഭിക്കുകയും ചെയ്തു. പാസ്പോർട്ട് നൽകുന്നതും നിഷേധിക്കുന്നതും എല്ലാം നയതന്ത്രജ്ഞർ തീരുമാനിക്കുന്നത് പോലെ. ‘ഒരു രാജ്യം വിഭജിക്കപ്പെടുമ്പോൾ ശത്രുത സൗഹാർദത്തെ തടസ്സപ്പെടുത്തുന്നു...’ ഇന്ത്യയും പാകിസ്താനും പങ്കിടുന്ന വാഗാ അതിർത്തിയിലേക്കാണ് അമ്മയും മകളും പോകുന്നത്. വാഗാ അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങളുടെ പോർവിളി പ്രകടനങ്ങൾ ഒരു കാഴ്ച തന്നെയാണ്. ഈ അതിർത്തിയിലേക്കാണ് മായും ബേട്ടിയും ചെല്ലുന്നത്.
ഗീതാഞ്ജലി ശ്രീയുടെ പരീക്ഷണാത്മക ഭാവന വാഗാ അതിർത്തിയിൽ ആരെയൊക്കെയാണോ സന്നിഹിതമാക്കുന്നത് എന്നറിയുമോ? വിഭജന എഴുത്തുകാരുടെ ഒരുനിരതന്നെ അവിടെയുണ്ട്. ഭിഷ്മ സഹിനി, ബൽവന്ത് സിങ്, ജോഗിന്ദർ പാൽ, സാദത്ത് ഹസ്സൻ മന്റോ, റാഹി മാസൂം റാസ, ഷാനി, ഇന്തിസർ ഹുസൈൻ, കൃഷ്ണ സോബ്തി, ഖുശ്വന്ത് സിങ്, രാമാനന്ദ് സാഗർ, മൻസൂർ എഹ്തേഷം, രജീന്ദർ സിങ് ബേഡി. ഇതിനൊപ്പം വിഭജന കഥകളിലെ കഥാപാത്രങ്ങളും. മോഹൻ രാകേഷിന്റെ ഗനിയുണ്ട്. കൃഷ്ണ സോബ്തി എന്തോ വരച്ചുകൊണ്ടിരിക്കുകയാണ്. പുതിയ അതിർത്തികൾ, കടക്കാനുള്ള പുതിയ പാതകളാണ് കുത്തിവരയ്ക്കുന്നത്. ഇതിനിടയിലേക്ക് കടന്നുവരുന്നത് മന്റോയുടെ പ്രസിദ്ധ വിഭജന കഥയായ ‘തോബ തേക് സിങ്ങി’ലെ ഭിഷൻ സിങ്. ഭിഷൻ സിങ്ങിനെ ഒരു സുരക്ഷാ ഭടൻ വെടിവച്ചു വീഴ്ത്തുന്നു. അപ്പോഴും ഭിഷൻ സിങ് ആർക്കും മനസ്സിലാകാത്ത ഭാഷയിൽ എന്തൊക്കെയോ പുലമ്പുന്നു. അതിർത്തി പ്രദേശങ്ങളിൽ ആർക്കും എവിടെ നിന്ന് എവിടേക്ക് പോകണമെന്ന് അറിയില്ല. ആകാശത്തേക്ക് തുറന്നിരിക്കുന്ന വഴികളിൽ ഇരുവശത്തും മരങ്ങളുടെ തണൽ. അതിർത്തിയെ വേർതിരിച്ചറിയാൻ കഴിയില്ല. അതിർത്തികൾ മറികടക്കപ്പെടേണ്ടതാണ്.
അതിർത്തികൾ കടക്കുന്നവരുടെ രേഖകൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ സംശയ ദൃഷ്ടിയോടെയാണ് ഓരോ രേഖയും നോക്കുന്നത്. അതിർത്തി കടന്നുവരുന്നവർ മുഷ്ടിയിൽ നിറച്ചും മണ്ണെടുക്കുന്നത് എന്തിനാണെന്ന് അവർ അത്ഭുതം കൂറുന്നു. ‘നിങ്ങൾ വരുന്നിടത്തെ മണ്ണ് തന്നെയല്ലേ ഇവിടെത്തേയും’ എന്നാണ് സുരക്ഷാ ഉദ്യോഗസസ്ഥർ ചോദിക്കുന്നത്. അവർക്കറിയോ മണ്ണിലെ ഈർപ്പത്തിലടങ്ങിയിട്ടുള്ള അഭൗമായ വികാരം. മായുടെ കൈയിൽ നിന്ന് കണ്ടെത്തിയതാകട്ടെ ബദാം വിത്തുകൾ. വിത്തുകൾ അതിർത്തിവിട്ടു കടത്തുന്നത് ഗുരുതര ശിക്ഷയാണ്. ലഹരിയാണോ മാ കടത്തുന്നതെന്നു പരിശോധന ഉദ്യോഗസ്ഥർ സംശയിക്കുന്നു. മാ യുടെ ബാഗിൽ സൂക്ഷിച്ചിരുന്ന ബുദ്ധപ്രതിമയും അവർ പിടിച്ചെടുക്കുന്നു. ഈ പ്രാചീനമായ ബുദ്ധപ്രതിമയെ വൃദ്ധ എന്തിനു കൊണ്ടുനടക്കുന്ന എന്നാണ് ചെറുപ്പക്കാരനായ ഉദ്യോഗസ്ഥൻ അത്ഭുതപ്പെടുന്നത്. ഒടുവിൽ ബസിൽ പോയി ഇരിക്കാൻ നിർദേശിക്കുകയാണ്.
അതിർത്തികളെ ബഹുമാനിക്കാത്ത ഈ എൺപതുകാരിയെയും മകളെയും പിടിച്ചു ജയിലിലടക്കുകയാണ്. അലി അൻവർ എന്ന പൊലിസുകാരനാണ് ചുമതല. ജയിലിൽ വച്ച് മാ അതിർത്തികളുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് നീണ്ടൊരു പ്രഭാഷണം നടത്തുന്നുണ്ട്: ‘അതിർത്തി, മാ പറയുന്നു, എന്താണ് അതിർത്തി എന്നറിയാമോ. എന്താണ് അതിർത്തി? അത് അസ്തിത്വത്തെ ചുറ്റിപ്പറ്റിയുള്ള ഒന്നാണ്. അത് എത്ര വലുതോ ചെറുതോ ആയിരുന്നാലും... ഒരതിർത്തിയും ഒന്നിനെയും വലയം ചെയ്തയക്കുന്നില്ല; പകരം തുറക്കുകയാണ്. ഒരു രൂപം നിർമിക്കുന്നു... എന്താണ് എതിർത്തി? അതൊരുവന്റെ വ്യക്തിത്വത്തെയും ആകാരത്തെയും പ്രശോഭിപ്പിക്കുന്നു. അത് പിളർക്കുന്നില്ല. തിരിച്ചറിവ് വർധിപ്പിക്കുന്നു. ഇരുവശങ്ങൾ കൂടിച്ചേരുകയും ഈ പാരസ്പര്യം തഴയ്ക്കുകയും ചെയ്യുന്നു. അതിർത്തി കമനീയമാകുന്നു. ശരീരത്തിന്റെ ഓരോ അവയവത്തിനും അതിരുണ്ട്. ഹൃദയത്തിനുമുണ്ട് അതിര്. അതിർത്തികൾ വലയം ചെയ്യുമ്പോഴും മറ്റൊന്നുമായി ഇത് ബന്ധിക്കുന്നു. അതിർത്തിയെന്നാൽ സ്നേഹമാണ്. അത് ജയിലിനെ സൃഷ്ടിക്കുന്നില്ല. ബഹുമാന്യരേ, അതിർത്തി കടക്കാനുള്ളതാണ് എന്നാണ് മാ പറയുന്നത്. വെറുപ്പ് ധമനികളുടെ അതിരിനെ ഭേദിച്ച് രക്തത്തെ പുറത്തേക്ക് ഒഴുക്കുന്നു. ഇത് മുറിവുകൾ സൃഷ്ടിക്കുന്നു. അങ്ങനെ ഓരോ വശവും മരിക്കും. ഇങ്ങനെ മരിക്കാൻ ഏതു മണ്ടനാണ് ആഗ്രഹിക്കുക...’
അതിർത്തി പ്രസംഗം കേൾക്കാനുള്ള ക്ഷമയുള്ളവരായിരുന്നില്ല ഖൈബർ പ്രദേശത്തെ പൊലിസ് ഉദ്യോഗസ്ഥർ. എങ്കിലും മാ അവരോട് ഇടപഴുകുന്നു. മായുടെ കൈയിലെ ബുദ്ധ പ്രതിമ പാകിസ്താനിലെ പുരാവസ്തുശേഖരത്തിലെയാണെന്ന് അവർ അവകാശപ്പെടുന്നു. അതുകൊണ്ടു ബുദ്ധ പ്രതിമ വിട്ടുകൊടുക്കില്ലെന്നും അമ്മയെയും മകളെയും ലാഹോറിലേക്ക് വിമാനം കയറ്റിയയക്കുമെന്നും അവർ പറയുന്നു.
ബുദ്ധ പ്രതിമ പോലെത്തന്നെ താനും ഈനാട്ടുകാരിയാണെന്നാണ് മാ അവകാശപ്പെടുന്നത്, ബുദ്ധ പ്രതിമ തിരിച്ചുതരാതെ മടങ്ങില്ലെന്നും തീർത്തു പറയുന്നു. കാര്യങ്ങളുടെ ഗതി മാറുകയാണ്. മകളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് അൻവർ ചന്ദ എന്ന പെൺകുട്ടിയായി മാറുന്നു മാ. അൻവർ മായുടെ ഭർത്താവും. വിഭജനമാണ് അവരെ വേർപ്പെടുത്തിയത്. വേർപ്പെടുത്തപ്പെടും മുമ്പ് ഒരു രാത്രിയിൽ രണ്ടു പ്രണയാർഥികൾ പരസ്പരം ആശ്ലേഷിച്ചു. അവർ വിഭജനത്തെ തള്ളിപ്പറഞ്ഞു. രണ്ടു രാജ്യങ്ങൾ സൃഷ്ടിക്കപ്പെട്ടതിനെതിരേ അവർ മാപ്പപേക്ഷിച്ചു. ദൂരങ്ങൾ സൃഷ്ടിച്ച ലോകത്തെ മനുഷ്യർ പഴിച്ചു.
ഇത് കഥയാണെന്നും സാഹിത്യത്തിൽ മാത്രമേ ഇത് സാധ്യമാകൂ എന്നും ആഖ്യാനത്തിൽ പറയുന്നുണ്ട്. അകൽച്ചയുടെ ദുരന്തമടിച്ചേൽപ്പിക്കപ്പെട്ട ദുനിയാവിൽ സാഹിത്യമാണ് പ്രത്യാശയ്ക്ക് ഇടം നൽകുന്നത്. സാഹിത്യ ഒളിവിലൂടെ പുതുവഴികൾ തുറന്നുതരുന്നു, ഗീതാഞ്ജലി ശ്രീയുടെ നോവൽ വിഭജനന്തരം അകറ്റപ്പെട്ട ജനതയ്ക്കും അവരുടെ പിൽക്കാല തലമുറകൾക്കും അതിർത്തിയതീതവും മാനവികവുമായ അപ്രാദേശികതയെക്കുറിച്ചുള്ള ഭാവനാലോകമാണ് സൃഷ്ടിക്കുന്നത്. ഈ നോവലിന്റെ ഇംഗ്ലീഷ് വിവർത്തകയായ ഡെയ്സി റോക്വെൽ പുസ്തകത്തിനെഴുതിയ പിൻകുറിപ്പിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘ഉപഭൂഖണ്ഡത്തിന്റെ വിഭജനം ഒരു യുഗനിർണായകമായ സംഭവമായിരുന്നു. ആഗോളമായ ദീർഘകാല പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയ സംഭവം. വിഭജന സാഹിത്യം 1947 -ന്റെ ധ്വനികൾ നമ്മുടെ വർത്തമാനത്തിൽ പ്രതിധ്വനിപ്പിക്കുന്നു, വിഭാഗീയതയും വേർപ്പെടലും സൃഷ്ടിച്ച തുടർചലനങ്ങൾ. മണൽകുടീരത്തിലെ എൺപതു വയസ്സായ മായും ഹിജ്റയായ റോസിയും അതിർത്തികളെയും ഇനംതിരിപ്പുകളെയും ധീരമായി ലംഘിക്കാനും മറികടക്കാനും അഗാധപ്രേരണ നൽകുന്നു.ഭിന്നതകളുടെയും അതിർത്തികളുടെയും മുകളിലൂടെ പറന്നുയരാൻ ക്ഷണിക്കുന്നു.’
മലയാള വായനക്കാർക്കും ഗീതാഞ്ജലി ശ്രീയുടെ നോവൽ പ്രിയപ്പെട്ടതാകാൻ വേറെയൊരു കാരണം ഈ നോവലിൽ എഴുത്തുകാരനായ സക്കറിയയുടെ കഥകൾ പരാമർശിക്കപ്പെടുന്നു എന്നതാണ്. രണ്ടു കഥകൾ ഇതിൽ പ്രത്യേകമായി പരാമർശിക്കപ്പെടുന്നുണ്ട്. മറ്റൊരു കഥയുടെ പരോക്ഷ സ്വാധീനവും മലയാള വായനക്കാർക്ക് അനുഭവപ്പെടും.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."