കരുത്തനായി പഴയ പടക്കുതിര
എല്ലാവരും കാത്തിരിക്കുന്നത് മഹീന്ദ്രയുടെ പുതുപുത്തൻ സ്കോർപ്പിയോ എൻ മോഡലിനെയാണ്. എന്നാൽ ഇതിനിടയിൽ തങ്ങളുടെ പഴയ പടക്കുതിര, സാക്ഷാൽ സ്കോർപ്പിയോയെ തന്നെ കുട്ടപ്പനാക്കി സ്കോർപ്പിയോ ക്ലാസിക് എന്ന പേരിൽ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര. 20 വർഷം മുമ്പ് ഇന്ത്യയിൽ എസ്.യു.വി തരംഗത്തിന് തുടക്കമിട്ട സ്കോർപ്പിയോയെ ഇന്നും ഹൃദയത്തിലേറ്റുന്നവർ ഏറെയാണ്. അതുകൊണ്ടുതന്നെ പുതിയ സ്കോർപ്പിയോ എൻ മോഡലിന് ആദ്യ ദിവസം തന്നെ ലഭിച്ച ബുക്കിങ് ഒരു ലക്ഷത്തിനും മുകളിലാണ്. അതിരിക്കട്ടെ, ആ സ്കോർപ്പിയോ അല്ലേ ഇൗ സ്കോർപ്പിയോ... പിന്നെ ഇതേത് സ്കോർപ്പിയോ എന്നൊക്കെയാണ് ചോദ്യമെങ്കിൽ സത്യം പറഞ്ഞാൽ ഇതിനിടയിൽ ആകെ മൊത്തം കൺഫ്യൂഷൻ ആക്കി മഹീന്ദ്ര എന്നു പറയാം.
സ്കോർപ്പിയോ ക്ലാസിക് പഴയതിനെ ഒന്ന് പൊടിതട്ടി എടുത്തതാണെങ്കിൽ സ്കോർപ്പിയോ എൻ അടിമുടി പുതിയതാണ്, ഇതാണ് വ്യത്യാസം. പഴയ വാഹനത്തിൻ്റെ പൊടിപോലും സ്കോർപ്പിയോ എൻ മോഡലിൽ തെരഞ്ഞാൽ കാണില്ല. കാരണം അത് നിർമിച്ചിരിക്കുന്നത് തന്നെ പുതിയ പ്ലാറ്റ്ഫോമിലാണ്. നീളവും വീതിയും കൂടിയപ്പോൾ ഉയരം അൽപം കുറഞ്ഞുവെന്ന് മാത്രം. പെട്രോൾ ഡീസൽ മോഡലുകളിൽ Z2, Z4, Z6, Z8, Z8 Luxury എന്നിങ്ങനെ അഞ്ച് വേരിയൻ്റുകളിലാണ് സ്കോർപ്പിയോ എൻ എത്തുന്നത്. 2 ലിറ്റർ പെട്രോൾ എൻജിൻ 203 ബി.എച്ച്.പി കരുത്തുപകരുന്നതാണ്. 2.2 ലിറ്റർ ടർബോ ഡീസൽ എൻജിൻ 132 ബി.എച്ച്.പി പവർ ആണ് ഉൽപാദിപ്പിക്കുന്നത്. എന്നാൽ ഇതേ എൻജിൻ ട്യൂണിങ്ങിൽ അൽപം മാറ്റംവരുത്തി 175 ബി.എച്ച്.പി കരുത്തോടെയും എത്തുന്നുണ്ട്. Z4, Z6, Z8, Z8 Luxury മോഡലുകൾ പവർ കൂടിയ എൻജിനുമായാണ് എത്തുന്നത്. ഒാട്ടോമാറ്റിക് മോഡലും ഇതിനൊപ്പമുണ്ട്. 132 ബി.എച്ച്.പി മോഡൽ Z2, Z4 വേരിയൻ്റുകളിൽ മാന്വൽ ഗിയർബോക്സോടെ മാത്രമാണ് ലഭ്യമാകുന്നത്. പെട്രോൾ മോഡലിൽ Z4 വേരിയൻ്റ് മുതൽ ഒാട്ടോമാറ്റിക് ഗിയർബോക്സും ഉണ്ട്. കൂടുതൽ വിശാലമാണ് എൻ പതിപ്പിൻ്റെ ക്യാബിൻ. 20.32 സെമീ വരുന്ന ഇൻഫോടെയ്ൻമെൻ്റ് സ്ക്രീൻ, സെഗ്മെൻ്റിലെ വീതിയേറിയ സൺ റൂഫ്, ലെതറെറ്റ് സീറ്റുകൾ, പവർ അഡ്ജസ്റ്റ്മെൻ്റ് സീറ്റുകൾ, 70 കണക്ടഡ് കാർ ടെക് തുടങ്ങിയ ആധുനിക സവിശേഷകതകളും ഉണ്ട്. വ്യത്യസ്ത ഡ്രൈവിങ് മോഡുകളും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. 11.99 ലക്ഷം മുതൽ 23.93 ലക്ഷം വരെയാണ് എക്സ് ഷോറൂം വില.
ഇനി മഹീന്ദ്ര പൊടിതട്ടി പുറത്തിറക്കിയ ക്ലാസിക്കിൻ്റെ വിശേഷങ്ങളിലേക്ക്. എസ്, എസ് 11 എന്നീമോഡലുകളിൽ എത്തുന്ന വാഹനം മുൻ വശത്തെ ഗ്രില്ലും പുതിയ ലോഗോയും അടക്കമുള്ളവ ഒഴിച്ചുനിർത്തിയാൽ ലുക്കിൽ പഴയ സ്കോർപ്പിയോ തന്നെയാണ്. പിറകിലും ഡിസൈനിൽ കാര്യമായ മാറ്റങ്ങളില്ല. ഏഴ് , ഒൻപത് സീറ്റ് കോൺഫിഗറേഷനുകളിലാണ് എത്തുക. ഒൻപത് സീറ്റ് മോഡലിൽ ഏറ്റവും പിറകിലായി കഷ്ടി നാലുപേർക്ക് തിങ്ങിഞെരുങ്ങി അഭിമുഖമായി ഇരിക്കാം.
പുത്തൻ മഹീന്ദ്ര ലോഗോയോടൊപ്പം റീഡിസൈൻ ചെയ്ത മുന്നിലെ ഗ്രിൽ ഒന്നുകൂടി മനോഹരമാണ്. പുതിയ ഡിസൈനിലുള്ള ബംപറിൽ ഒാഫ് റോഡ് യാത്രകൾക്ക് സൗകര്യപ്രദമായി സിൽവർ നിറത്തിലുള്ള സ്കിപ് പ്ലേറ്റും നൽകിയിട്ടുണ്ട്. 17 ഇഞ്ച് അലോയ് വീലാണുള്ളത്. ഇൻ്റീരിയർ ബ്ലാക്ക് ആൻഡ് ബീജ് നിറത്തിലേക്ക് മാറിയിട്ടുണ്ട്. പഴയ ഗ്രേ ആൻഡ് ബ്ലാക്ക് ഇൻ്റീരിയറിനേക്കാൾ മനോഹരമാണിത്. ഒൻപത് ഇഞ്ച് ആൻഡ്രോയിഡ് ഇൻഫോടെയിൻമെൻ്റ് സിസ്റ്റവും നൽകിയിട്ടുണ്ട്. ക്രൂയിസ് കൺട്രോൾ, ഒാട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയോടെ എത്തുന്ന സ്കോർപ്പിയോ ക്ലാസിക്കിൽ സുരക്ഷയ്ക്കായി രണ്ട് എയർ ബാഗുകളും നൽകിയിട്ടുണ്ട്. കൂടതൽ എയർ ബാഗുകളുമായി മറ്റൊരു മോഡലും വരുന്നുണ്ടെന്ന് മഹീന്ദ്ര പറയുന്നുണ്ട്. 132 ബി.എച്ച്.പി കരുത്തുള്ള എം ഹോക്ക് ടർബോ ഡീസൽ എൻജിന് പഴയിനേക്കാൾ 55 കിലോ കുറവാണ്. സിക്സ് സ്പീഡ് മാന്വൽ ട്രാൻസ്മിഷനിൽ എത്തുന്ന മോഡലിന് 14 ശതമാനം അധികം ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ സ്കോർപ്പിയോ എൻ പോലെ ഒാട്ടോമാറ്റിക് ഗിയർബോക്സോ ഫോർവീൽ ഡ്രൈവ് മോഡോ ക്ലാസിക്കിന് ഉണ്ടാകില്ല.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."