പി. രാജീവിന്റെ റൂട്ട് മാറ്റിയ സംഭവം: പൊലിസുകാരുടെ സസ്‌പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം • മന്ത്രി പി. രാജീവിന്റെ യാത്രയുമായി ബന്ധപ്പെട്ട് റൂട്ട് മാറ്റിയ സംഭവത്തിൽ എസ്‌കോർട്ട് പോയ പൊലിസുകാരുടെ സസ്‌പെൻഷൻ പിൻവലിച്ചു. മന്ത്രിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന തിരുവനന്തപുരം സിറ്റി ഗ്രേഡ് എസ്.ഐ സാബു രാജൻ, സി.പി.ഒ സുനിൽ എന്നിവരെയാണ് കഴിഞ്ഞയാഴ്ച സസ്‌പെൻഡ് ചെയ്തത്.
റൂട്ട് മാറ്റം മന്ത്രിക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. എന്നാൽ, തിരക്കും കുഴികളുമുള്ള വഴിക്ക് പകരം നല്ല വഴിയെ കൊണ്ടുപോയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റൂട്ട് മാറ്റിയെന്നാണ് നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ, പതിവ് റൂട്ട് മാറ്റിയതിൽ തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണറെ വിളിച്ച് മന്ത്രിയുടെ ഗൺമാൻ അതൃപ്തി അറിയിച്ചിരുന്നു. മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവുമുണ്ടാക്കിയെന്ന് കാട്ടിയാണ് ഉദ്യോഗസ്ഥരെ കമ്മീഷണർ ജി. സ്പർജൻ കുമാർ സസ്‌പെൻഡ് ചെയ്തത്. ഇതിനിടെ, മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലിസ് മെഡൽ പട്ടികയിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ഗ്രേഡ് എസ്.ഐ സാബുരാജൻ ഇടംനേടിയതോടെ പൊലിസ് വെട്ടിലായി. സസ്‌പെൻഷനെതിരേ സേനയിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഉദ്യോഗസ്ഥന് അംഗീകാരവും ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."