ഗാന്ധിജിയെ കൊന്നത് ആര്.എസ്.എസുമായി ബന്ധമുള്ളവരെന്ന് രാഹുല്‍
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്.എസ്.എസുമായി ബന്ധമുള്ളവരാണെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സുപ്രിംകോടതിയില്‍ പറഞ്ഞു. തനിക്കെതിരേ ആര്.എസ്.എസ് നല്കിയ അപകീര്‍ത്തിക്കേസുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ നല്കിയ മറുപടിയിലാണ് രാഹുല്‍ തന്റെ മുന്‍ പ്രസ്താവന വിശദീകരിച്ചത്. ആര്.എസ്.എസുമായി ബന്ധമുള്ള വ്യക്തികളാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയത് എന്നാണു താന്‍ പറഞ്ഞത്. ഒരു സംഘടന എന്ന നിലയില്‍ ആര്.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും രാഹുലിനു വേണ്ടി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ വിശദീകരണം അംഗീകരിച്ച കോടതി കേസ് അടുത്ത മാസം ഒന്നിനു വീണ്ടും പരിഗണിക്കും. ഇതിനിടെ രാഹുലിനെതിരായ മാനനഷ്ട കേസ് പിന്‍വലിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ ഹരജിക്കാരനു കോടതി സമയം അനിവദിച്ചു. സത്യവാങ്മൂലം സ്വീകരിക്കണമെന്നും രാഹുലിനെതിരായ അപകീര്‍ത്തി കേസ് റദ്ദാക്കണമെന്നും കപില്‍ സിബല്‍ ഇന്നലെ കോടതിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ദീപക് മിശ്ര, ആര്.എഫ് നരിമാന് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2014 മാര്‍ച്ചില്‍ മഹാരാഷ്ട്രയിലെ താനെയില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യവെയാണ് ആര്.എസ്.എസുമായി ബന്ധമുള്ളവരാണ് ഗാന്ധിയെ കൊലപ്പെടുത്തിയതെന്ന് രാഹുല്‍ പ്രസംഗിച്ചത്. പ്രസ്താവന സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി ആര്.എസ്.എസ് പ്രവര്ത്തകന് മഹാദേവ് കുന്ദെ മഹാരാഷ്ടയിലെ ഭീവണ്ടി മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ചെയ്തു. മാനഷ്ടകേസില് മഹാരാഷ്ര്ടയിലെ വിചാരണ കോടതി രാഹുലിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചിരുന്നു. എന്നാല്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും കേസ് റദ്ദാക്കാന്‍ നടപടികളെടുക്കണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതിയുടെ നടപടികളെ ശരിവച്ച് ഹൈക്കോടതിയില്‍ നിന്നു വിധിയുണ്ടായപ്പോഴാണ് രാഹുല്‍ ഗാന്ധി സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."