ഗർഭലായനി
കവിത
സാഹിറ സ്വാലിഹ്
അടിവയറ്റിൽ
തീകോരിയിട്ട അവസ്ഥയാണിപ്പോൾ!
ഉരുളയുരുട്ടി ഉള്ളിലേക്ക്
തള്ളിവിട്ടതെല്ലാം
ആമാശയം മുതൽ
തൊണ്ടക്കുഴി വരെ
ലാവയായി,
അകത്തേക്കും പുറത്തേക്കും
വലിഞ്ഞ് പൊട്ടിയൊലിച്ചു.
എരിവും പുളിയും കയ്പ്പും മധുരവും
കലർന്നൊരു ലായനി
വായിലും തൊണ്ടയിലുമായി
തങ്ങിനിന്നു.
ഓക്കാനിച്ചും ഛർദ്ദിച്ചും
ഏമ്പക്കം വിട്ടും
സ്വയം പുളകംകൊണ്ടു.
ഭക്ഷണത്തോടുള്ള വിരസത,
വെള്ളത്തിലുള്ള ചവർപ്പ്.
ഇഷ്ടവിഭവങ്ങളെല്ലാം വെറുപ്പുള്ളതായി.
സുഗന്ധം ദുർഗന്ധവും.
ആകെ വിരളമായവസ്ഥ.
ഇടയ്ക്കെപ്പഴോ
പിണങ്ങിയും ഇണങ്ങിയും
കുറുമ്പുകാട്ടിയും,
കൊച്ചു കുഞ്ഞിനെപോലെ കരഞ്ഞും
ഗർഭത്തിന്റെ വികൃതികൾ
കൊഞ്ഞനം കാട്ടി.
ചോരയും നീരും
വറ്റിയ കണ്ണുകൾ
നക്ഷത്രമെണ്ണി
തളർന്നുവീണ്
നിദ്രയിലാണ്ടു.
എങ്കിലും വായിലെ കയ്പ്പ്
വകവയ്ക്കാതെ കണ്ണുമടച്ച്
കഴിയാവുന്നതെല്ലാം ചവച്ചിറക്കി.
ഉള്ളിലേന്തിയ കുഞ്ഞുജീവന്
ശ്വാസവും നനവും
പകർന്നുകൊടുത്ത്
ഒരമ്മയുടെ ദൗത്യം പാതി തീർത്തു.
തൊട്ടും തലോടിയും
മന്ത്രങ്ങളുരുവിട്ടും
പാട്ടുപാടിയും
ഉദരത്തിലെ കുഞ്ഞോമനക്ക്
ആനന്ദമേകി.
എങ്കിലും പ്രിയരേ,
അണ്ഡവും ബീജവും
കൂടിച്ചേർന്ന വെറുമൊരു
മാംസപിണ്ഡമായി
കാണരുതേ.
സ്നേഹവും കരുതലും
ചേർന്നൊരു കണികയാണത്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."