ഫാസിസത്തിനെതിരെ ഒന്നിച്ചുള്ള പോരാട്ടം അനിവാര്യം: പ്രവാസി സാംസ്‌കാരിക വേദി
ജിദ്ദ: ഫാസിസത്തെ നേരിടുന്നതിനും രാജ്യം നേരിടുന്ന പ്രശ്നങ്ങളിൽ പരിഹാരം കാണുവാനും എല്ലാവിധ അഭിപ്രയ ഭിന്നതകളും മാറ്റിവെച്ചുകൊണ്ട് അവരവരുടെ ആശയങ്ങളിൽ നിന്നുകൊണ്ട് തന്നെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും യോജിച്ചു പോകുവാൻ കഴിയേണ്ടതുണ്ടെന്ന് 'സ്വതന്ത്ര ഇന്ത്യയുടെ 75 വർഷങ്ങൾ' എന്ന പേരിൽ പ്രവാസി സാംസ്‌കാരിക വേദി ജിദ്ദയിൽ സംഘടിപ്പിച്ച ചർച്ചാ സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
രാജ്യത്തെ എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും ഇല്ലാതാക്കിക്കൊണ്ട് പുതിയ ഒരു ഭരണ ഘടനയും വോട്ടവകാശ നിയമങ്ങളും നടപ്പിലാക്കാനുള്ള കൊണ്ട് പിടിച്ച ശ്രമത്തിലാണ് സംഘപരിവാർ. അത് അത്യന്തം ഭീതിദമായ അവസ്ഥയാണ് രാജ്യത്ത് സൃഷ്ടിക്കാൻ പോകുന്നത്. രാജ്യം തന്നെ ലോകത്തിനു മുന്നിൽ പരിഹാസമാകുന്ന അവസ്ഥ കൂടി സംജാതമാകും. എന്നാൽ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും ഫാസിസത്തിന് എതിരെ നിലകൊള്ളുന്നവരാണ്. പക്ഷെ, മറ്റ് രാഷ്ട്രീയ പാർട്ടികൾ ചെറിയ ചെറിയ കാര്യങ്ങളിൽ വിഘടിച്ചു നിൽക്കുകയും ഫാസിസത്തിനു കുറഞ്ഞ ശതമാനം പിന്തുണയോടെ ഭരിക്കാനുള്ള വഴി എളുപ്പമാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഈ സ്ഥിതിവിശേഷം മാറേണ്ടതുണ്ട്.
സ്വാതന്ത്ര്യ സമര കാലത്തു നാം അനുവർത്തിച്ച ഒരുമയും സ്നേഹവും തിരിച്ചു പിടിച്ചാൽ തകർക്കാൻ കഴിയുന്നത് മാത്രമാണ് ഫാസിസം. അതിനുള്ള ഉദാഹരണമാണ് ബീഹാറിൽ കണ്ടത്. ആ മാതൃക രാജ്യത്തുടനീളം നടപ്പാക്കാൻ സാധിച്ചാൽ മാത്രമേ നമ്മുടെ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും തിരിച്ചുപിടിക്കാൻ സാധിക്കുകയുള്ളുവെന്നും ചർച്ചയിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി.
പരിപാടിയിൽ പ്രവാസി സാംസ്കാരികവേദി വെസ്റ്റേൻ പ്രൊവിൻസ് ആക്ടിങ് പ്രസിഡന്റ് ഒമർ ഫാറൂഖ് പാലോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി വിഷയം അവതരിപ്പിച്ചു. അബൂബക്കർ അരിമ്പ്ര (കെ.എം.സി.സി ), റഫീഖ് പത്തനാപുരം (നവോദയ), ഇക്ബാൽ പൊക്കുന്ന് (ഒ.ഐ.സി.സി), ഗഫൂർ കൊണ്ടോട്ടി (ഇന്ത്യൻ മീഡിയ ഫോറം ), ശിഹാബ് കരുവാരകുണ്ട് (അക്ഷരം വായനാവേദി ), ഗഫൂർ പൂങ്ങാടൻ (ജെ.ഡി.സി.സി ), സി.എച്ച് ബഷീർ (തനിമ), എഞ്ചിനീയർ കുഞ്ഞി (സിജി), ഷാജു അത്താണിക്കൽ (ഗ്രന്ഥപ്പുര ), തസ്‌ലീമ അഷ്‌റഫ് (പ്രവാസി വനിതാ വിഭാഗം), ഇബ്‌റാഹീം ഷംനാട് (ജിദ്ദ സർഗ്ഗ വേദി) എന്നിവർ സംസാരിച്ചു. ട്രഷറർ സിറാജ് താമരശ്ശേരി സ്വാഗതവും സെൻട്രൽ കമ്മിറ്റി അംഗം ഓവുങ്ങൽ മുഹമ്മദ് അലി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."