ലിംഗശങ്കയും സ്വയം നിർണയവും
തിരുവനന്തപുരത്തെ സെൻ്റർ ഫോർ ഡവലപ്‌മെൻ്റ് സ്റ്റഡീസ് 2018ൽ 'ലിംഗ-ലിംഗത്വ ന്യൂനപക്ഷങ്ങൾക്കു വേണ്ടിയുള്ള കൈപ്പുസ്തകം' എന്ന പേരിൽ ഒരു മാർഗരേഖ തയാറാക്കിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയാണ് അത് തയാറാക്കിയിട്ടുള്ളത്. ലിംഗനിഷ്പക്ഷതയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നുവന്ന വിവാദത്തെ കൂടുതൽ മനസിലാക്കാൻ ഈ കൈപ്പുസ്തകം സഹായിക്കും. ആധുനിക ജെൻഡർ തിയറിയും എൽ.ജി.ബി.ടി രാഷ്ട്രീയവും തദ്ദേശ സ്വയംഭരണ മേഖലകളിൽ കൂടി നടപ്പാക്കാനാണ് പ്രസ്തുത രേഖ ആവശ്യപ്പെടുന്നത്. ലിംഗനിഷ്പക്ഷതയിലൂടെ സാമൂഹികനീതി ഉറപ്പാക്കുക എന്നതിലുപരി ആഗോള ലിംഗരാഷ്ട്രീയത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളെ നയപരിപാടിയാക്കി മാറ്റി സ്‌കൂളുകളിലൂടെയും തദ്ദേശ സ്വയംഭരണ സംവിധാനങ്ങളിലൂടെയും ചുട്ടെടുക്കുക എന്ന പദ്ധതികൂടി ഇതിൻ്റെ പിന്നിലുണ്ടെന്ന് ഈ കൈപ്പുസ്തകം വായിച്ചാൽ വ്യക്തമാവും.
ജെൻഡർ തീരുമാനിക്കുന്നതിൽ ജീവശാസ്ത്രത്തിനോ ലൈംഗികാവയവങ്ങൾക്കോ യാതൊരു പങ്കും നിർവഹിക്കാനില്ലെന്ന സിദ്ധാന്തം സ്വീകരിക്കാനാവശ്യമായ പൊതുബോധം നിർമിക്കാൻ സഹായിക്കുന്ന ആശയമാണ് ജെൻഡർ ന്യൂട്രാലിറ്റി, അഥവാ ലിംഗനിഷ്പക്ഷത. ലിംഗനിഷ്പക്ഷ പൊതുബോധം നിലനിൽക്കുന്ന സമൂഹങ്ങളിൽ സ്വാഭാവികമായും ലിംഗശങ്ക (gender confusion) വളരും. ഇത് ക്രമേണ ജെൻഡർ ഡിസ്‌ഫോറിയയിലേക്ക് നയിക്കുകയും ചെയ്യും. ലിംഗത്തോട് (sex) ലിംഗത്വം (gender) ചേരാതെ നിൽക്കുന്ന അവസ്ഥയാണ് ജെൻഡർ ഡിസ്‌ഫോറിയ. അഥവാ, ലൈംഗികാവയവം പുരുഷൻ്റെയാണെങ്കിൽ മനസ് സ്ത്രീയുടേതും ലൈംഗികാവയവം സ്ത്രീയുടെയാണെങ്കിൽ മനസ് പുരുഷൻ്റേതുമാകുന്ന അവസ്ഥ. ഇത്തരം അവസ്ഥയിലൂടെ ദുരിതജീവിതം നയിക്കുന്ന ട്രാൻസ്‌ജെൻഡർ സഹോദരങ്ങളുടെ പ്രശ്‌നങ്ങൾ വേണ്ടവിധം പരിഹരിക്കേണ്ടതുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. കുട്ടികളിൽ കാണുന്ന എതിർലിംഗപരത (childhood-onset gender dysphoria), മുതിർന്ന പുരുഷന്മാരിൽ സ്ത്രീവസ്ത്രമണിയുമ്പോൾ ലൈംഗികാനന്ദമനുഭവിക്കുന്ന തരത്തിലുള്ള എതിർലിംഗപരത (autogynephilic gender dysphoria) തുടങ്ങിയവയും തള്ളിക്കളയുന്നില്ല.
എന്നാൽ, സോഷ്യൽമീഡിയ വഴിയും മറ്റും ജെൻഡർ ന്യൂട്രാലിറ്റി പോലുള്ള അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുക വഴി സ്വയം ആണാണോ പെണ്ണാണോ എന്നു തിരിച്ചറിയാൻ കഴിയാതെ ലിംഗശങ്കയിലകപ്പെടുന്ന ആളുകളുടെ എണ്ണം വർധിച്ചുവരുന്നുണ്ടെന്ന് ലിസ ലിറ്റ്മാനെ പോലുള്ള ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയ മാത്രമല്ല ജെൻഡർ ആക്ടിവിസം ഒരു പ്രത്യയശാസ്ത്രരൂപം സ്വീകരിച്ചതോടെ കൂട്ടുകാരുടെ സമ്മർദം വഴി ജെൻഡർ ഡിസ്‌ഫോറിയ ബാധിച്ച ആളുകളുടെ എണ്ണവും കൂടിക്കൂടി വരുന്നുണ്ട്. റാപിഡ് ഓൺസെറ്റ് ജെൻഡർ ഡിസ്‌ഫോറിയ(ROGD) എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. മാത്രമല്ല, ഇങ്ങനെ ഡിസ്‌ഫോറിയ ബാധിച്ച പെൺകുട്ടികൾ സ്തനങ്ങൾ മുറിച്ചുകളയാനും ആൺകുട്ടികൾ ലിംഗം മുറിച്ചുകളയാനും ആവശ്യപ്പെടുന്ന തരത്തിലേക്ക് പാശ്ചാത്യരാജ്യങ്ങളിൽ ഈ സാമൂഹിക ദുരന്തം വളർന്നിട്ടുണ്ട്. ഇത്തരം സർജറികളുടെ ദുരന്തങ്ങൾ വിവരിച്ച് എബിഗെയ്ൽ ശ്രിയർ 2020ൽ പുറത്തിറക്കിയ പുസ്തകമാണ് ദ ഇറിവേഴ്‌സിബ്ൾ ഡാമേജ്. ജെൻഡർ ഡിസ്‌ഫോറിയ സാംക്രമികമായ ഒരു ഫാഷൻ ഭ്രാന്തായി മാറിയിട്ടുണ്ടെന്നും അവർ മുന്നറിയിപ്പു നൽകുന്നു.
ജെൻഡർ ഡിസ്‌ഫോറിയ ബാധിച്ചാൽ പിന്നെ മനസിനനുസരിച്ച് ശരീരം കീറിമുറിക്കാനുള്ള അവകാശത്തിനുവേണ്ടിയും ആക്ടിവിസ്റ്റുകൾ വാദിക്കുന്നത് കാണാം. മാത്രമല്ല, ഡിസ്‌ഫോറിയയുടെ ഒരേയൊരു പരിഹാരം ലിംഗമാറ്റ ശസ്ത്രക്രിയ(SRS)യാണെന്ന അന്ധവിശ്വാസം കൂടി അവർ പ്രചരിപ്പിക്കുന്നു. ഇങ്ങനെ സർജറി നടപടികൾക്ക് വിധേയരാകുന്ന നിരവധിയാളുകളിൽ തിരിച്ച് പഴയ അവസ്ഥയിലേക്ക് തന്നെ മാറാൻ ആഗ്രഹിക്കുന്ന പ്രവണതയും കാണുന്നുണ്ട്. ഇത്തരക്കാരുടെ അനുഭവങ്ങൾ മുൻനിർത്തി യൂറോ-അമേരിക്കൻ നാടുകളിൽ തന്നെ നിരവധി പഠനങ്ങൾ ലഭ്യമാണ്. കൂടുതൽ പഠനങ്ങൾ ഈ മേഖലിൽ സർക്കാർ മുൻകൈയിൽ തന്നെ നടക്കേണ്ടതുണ്ട്. എന്നാൽ, അതേക്കുറിച്ചുള്ള ഗവേഷണങ്ങളിലേർപ്പെടുന്ന ഡോക്ടർമാർ അടക്കമുള്ളവരെ തടയുകയും പറയുന്നവരെ ട്രാൻസ്‌ഫോബിയ ആരോപിച്ച് അരുക്കാക്കുന്ന പ്രവണതയും പാശ്ചാത്യ രാജ്യങ്ങളിൽ നിലവിലുണ്ട്.
ജെൻഡർ രാഷ്ട്രീയം പ്രത്യയശാസ്ത്രരൂപം പ്രാപിച്ചപ്പോൾ പാശ്ചാത്യരാജ്യങ്ങളിലുണ്ടായ പ്രശ്‌നങ്ങൾ നിരവധിയാണ്. പുരുഷൻമാർ സ്ത്രീകളാണെന്ന് വാദിച്ച് സ്ത്രീകളുടെ ശുചിമുറികളിൽ കയറാൻ തുടങ്ങിയത് അവയിൽ ചെറുതു മാത്രമാണ്. ന്യൂജെഴ്‌സിയിലെ ഒരു ജയിലിൽ സ്ത്രീയാണെന്ന് വാദിച്ച് ഡെമി മൈനർ എന്നു പേരുള്ള ഒരു ട്രാൻസ് വുമൺ കയറുകയും ജയിലിലെ രണ്ട് സ്ത്രീകളെ ഗർഭിണിയാക്കിയതിനെ തുടർന്ന് അയാളെ പുരുഷന്മാരുടെ സെല്ലിലേക്ക് തന്നെ മാറ്റിയതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ മാസമാണ്. പെൻസിൽവാനിയയിലെ ഒരു യൂനിവേഴ്‌സിറ്റിയിൽ പുരുഷന്മാരുടെ നീന്തൽ മത്സരത്തിൽ 462ാം റാങ്ക് നേടിയ വില്യം തോമസ് എന്നയാൾ, ലിയാ തോമസ് എന്നു പേരു മാറ്റുകയും ട്രാൻസ് വുമൺ ആണെന്നു വാദിച്ച് സ്ത്രീകളുടെ വിഭാഗത്തിൽ മത്സരിച്ച് ഒന്നാം റാങ്ക് നേടി സ്ത്രീകളുടെ കൂട്ടത്തിലെ ഒളിമ്പ്യൻ കൂടിയായ വനിതയുടെ റെക്കോർഡ് തകർക്കുകയും ചെയ്തത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സ്‌കൂളിലെ വിദ്യാർഥികളിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന ആശയം സജീവമായാൽ ഇത്തരം സാമൂഹികാഘാതങ്ങൾ ഉണ്ടാവില്ലെന്ന് എന്ത് ഉറപ്പാണ് സർക്കാരിന് വേണ്ടി നയരൂപീകരണം നടത്തുന്നവർക്ക് നൽകാൻ കഴിയുക? കുടുംബങ്ങളുടെ തകർച്ച മാത്രമല്ല സമൂഹങ്ങളുടെ തകർച്ചക്ക് വരെ വഴിവെക്കുന്ന ഇത്തരം അന്ധവിശ്വാസങ്ങൾ പുരോഗമനം എന്ന പേരിൽ സ്വീകരിക്കപ്പെടുക എന്നത് അത്ഭുതകരമായ കാര്യമാണ്. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയ പാശ്ചാത്യൻ സമൂഹങ്ങളിലെ ആഘാതങ്ങളെക്കുറിച്ച് പഠനം നടത്താതെ ഇക്കാര്യത്തിൽ ഒരടി പോലും മുന്നോട്ടുപോകാനാവില്ല. ആഗോള ലിംഗരാഷ്ട്രീയ പ്രമാണങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങുന്നതിനു പകരം, ഇക്കാര്യത്തിൽ വിമർശനസ്വരങ്ങളെ ജനാധിപത്യപരമായ സംവാദത്തിന്റെ ഭാഗമായി കണ്ടാണ് സർക്കാർ മുന്നോട്ടുപോകേണ്ടത്.
ജെൻഡർ നിഷ്പക്ഷത സംബന്ധിച്ച ചർച്ചകൾ ഒരു യൂനിഫോമിൽ തട്ടി നിന്നു പോകേണ്ടതല്ല എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. പൂനൂരിലെ ഒരു ഹയർ സെക്കൻഡറി സ്‌കൂളിലെ 8, 9 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരു അധ്യാപിക ഓൺലൈനായി നൽകിയ നിർദേശം ഇങ്ങനെയാണ്: '8,9 ക്ലാസ് വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്. കുടുംബശ്രീ ജില്ലാമിഷൻ സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌കിന്റെ സഹകരണത്തോടെ നമ്മുടെ സ്‌കൂളിൽ ജെൻഡർ ക്ലബ് രൂപീകരിക്കുന്നു. ലിംഗവിവേചനമില്ലാത്ത പുതുതലമുറയെ വാർത്തെടുക്കുക അതുവഴി സാമൂഹികനീതിയും ലിംഗനീതിയും ഉറപ്പുവരുത്തുകയുമാണ് ക്ലബിന്റെ ലക്ഷ്യം. അംഗങ്ങളാവാൻ താൽപര്യമുള്ള വിദ്യാർഥികൾ ക്ലാസ് അധ്യാപകർ വശം രണ്ടുദിവസത്തിനകം പേര് നൽകേണ്ടതാണ്'. പാശ്ചാത്യൻ നാടുകളിലെ സ്‌കൂളുകളിൽ ജെൻഡർ ക്ലബുകളുണ്ട്. മുകളിൽ സൂചിപ്പിച്ച അന്ധവിശ്വാസങ്ങൾ അവിടെയും അവിടെയും കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ഇങ്ങനെ പൂനൂർ സ്‌കൂളിലേതു പോലുള്ള ജെൻഡർ ക്ലബുകളിലൂടെ നമ്മുടെ നാട്ടിലെ കുട്ടികളിലേക്ക് പകരുന്നത് ഒരിക്കലും ലിംഗപരമായ നീതിബോധമായിരിക്കില്ല. ഇഷ്ടമുള്ളപ്പോൾ ആണാവാനും ഇഷട്ടമുള്ളപ്പോൾ പെണ്ണാവാനുമുള്ള കുത്തഴിഞ്ഞ പ്രവണതയായിരിക്കും. പ്രാദേശികമായി വേരുകളുള്ള കുടുംബശ്രീകൾ വരെ അതിന്റെ ഭാഗമാവുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
അതിനാൽ, പാഠ്യപദ്ധതി ചട്ടക്കൂട്, സാമൂഹിക വികസന പഠന കേന്ദ്രങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഇടപെടൽ, മന്ത്രി ആർ. ബിന്ദുവിന്റെ ട്വീറ്റ്, സ്‌കൂളുകളിലെ ജെൻഡർ ക്ലബുകൾ തുടങ്ങിയ മുഴുവൻ കാര്യങ്ങളോടും ബന്ധപ്പെടുത്തി മാത്രമേ നിലവിലെ ജെൻഡർ ന്യൂട്രലിറ്റി വിവാദത്തെ നമുക്ക് വിലയിരുത്താൻ കഴിയൂ. 'ഒരു പാന്റ്‌സിൽ ഇത്ര വിവാദമാക്കാൻ എന്തിരിക്കുന്നു' എന്ന ചോദ്യത്തിൽ നിന്ന് ഈ വിഷയത്തെ മർമപ്രധാനമായ ചർച്ചകളിലേക്ക് വഴി തിരിച്ചുവിട്ടവർ തീർച്ചയായും അഭിനന്ദനമർഹിക്കുന്നു.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."