അഞ്ചു വർഷ സന്ദർശക വിസയുമായി യു.എ.ഇ
അഷറഫ് ചേരാപുരം
ദുബൈ • യു.എ.ഇയുടെ അഞ്ചുവര്‍ഷ കാലാവധിയുള്ള സന്ദര്‍ശക വിസക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കാം. ഏത് രാജ്യക്കാര്‍ക്കും അഞ്ച് വര്‍ഷ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എൻട്രി വിസിറ്റ് വിസക്ക് അപേക്ഷ നല്‍കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിന്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പിന്റെ ഐ.സി.പി വെബ്സൈറ്റ്, ദുബൈ താമസകുടിയേറ്റ വകുപ്പിന്റെ ജി.ഡി.ആർ.എഫ്.എ വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവ വഴി അപേക്ഷ നല്‍കാം. യു.എ.ഇയിലുള്ളവര്‍ക്ക് ആമര്‍ സെന്ററുകള്‍ വഴി അപേക്ഷിക്കാവുന്നതാണ്.
വീസ ഫീസ് 1500 ദിര്‍ഹമാണ്. കലക്ഷന്‍ കമ്മീഷനും ആമര്‍ സെന്ററുകളുടെ സര്‍വീസ് ഫീസും ഇതിനു പുറമെയുണ്ടാകും. അപേക്ഷിക്കുന്നവര്‍ 4,000 യു.എസ് ഡോളറോ തത്തുല്യമായ തുകയോ ബാങ്ക് ബാലന്‍സുണ്ടെന്ന് തെളിയിക്കുന്ന സ്റ്റേറ്റ്മെന്റ്, യു.എ.ഇയിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് രേഖ എന്നിവ ഒപ്പം നല്‍കണം.
പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, വെള്ള പശ്ചാത്തലത്തിലുള്ള ഫോട്ടോ, യു.എ.ഇയില്‍ എവിടെ താമസിക്കും എന്ന് വ്യക്തമാക്കാന്‍ ബന്ധുവിന്റെ ക്ഷണക്കത്ത്, ഹോട്ടല്‍ ബുക്കിങ്, വാടകരേഖ എന്നിവയില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിക്കണം. ചില സാഹചര്യത്തില്‍ വിമാനടിക്കറ്റും സമര്‍പ്പിക്കേണ്ടി വരും. വീസ ലഭിച്ച് യു.എ.ഇയിലെത്തിയാല്‍ 90 ദിവസം തുടര്‍ച്ചയായി രാജ്യത്ത് തങ്ങാം. ഇത് 90 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുകയുമാവാം. എന്നാല്‍, വര്‍ഷത്തില്‍ 180 ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി രാജ്യത്ത് തങ്ങാന്‍ അനുമതിയില്ല. അഞ്ചു വര്‍ഷ സന്ദര്‍ശക വിസ ബിസിനസുകാര്‍ക്കും മറ്റും ഏറെ ഗുണകരമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."