ഭരണകൂട വിമർശനം ഒഴിവാക്കാൻ മാധ്യമപ്രവർത്തകരെ കൂച്ചുവിലങ്ങിടുന്നു: വി.ഡി സതീശൻ പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനം സമാപിച്ചു
തിരുവനന്തപുരം • ഭരണാധികാരികൾക്കെതിരേയും ഭരണകൂടത്തിനെതിരേയും ശബ്ദിക്കുന്ന മാധ്യമ പ്രവർത്തകരെ കൂച്ചുവിലങ്ങിടുന്നത് വർധിച്ചു വരികയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഗീയതക്കെതിരേയും ഭരണകൂടത്തിനെതിരേയും വാർത്ത എഴുതുന്നവരെ വിവിധ രീതികളിലാണ് വേട്ടയാടുന്നത്. ജോലിയിൽനിന്ന് പിരിച്ചുവിടൽ, പരസ്യമായി അപമാനിക്കൽ, കള്ളക്കേസെടുത്ത് ജയിലിലടയ്ക്കൽ, ഏറ്റവും അവസാനം കൊലചെയ്യൽ എന്നിവയാണ് നിലവിൽ തുടർന്നുപോരുന്നത്. അതിദേശീയതയുടെ അതിപ്രസരത്തിൽ ഒരു പൊതുശത്രുവിനെ സൃഷ്ടിച്ചെടുത്താണ് ഫാസിസ്റ്റ് ശക്തികൾ നിലകൊള്ളുന്നത്. ദലിത് ന്യൂനപക്ഷങ്ങളെ പൊതുശത്രുവായിക്കണ്ട് ഭരണകൂടത്തിനെതിരേയുള്ള എതിർപ്പുകളെ വഴിതിരിച്ചുവിടാനാണ് ശ്രമം. ഇതിന് കുടപിടിക്കാത്തവരെ രാജ്യദ്രോഹികളാക്കി മുദ്രകുത്തി ജയിലിലടയ്ക്കും. തങ്ങൾക്കെതിരേ ശബ്ദിച്ചാൽ ഇതായിരിക്കും അവസ്ഥയെന്നാണ് സിദ്ദീഖ് കാപ്പനടക്കമുള്ളവരെ തുറങ്കിലടച്ചതിലൂടെ ഭരണകൂടം പറഞ്ഞുവെക്കുന്നത്.
കേരളത്തിലും ഇതിന്റെ മറ്റൊരു പതിപ്പാണ് നിലനിൽക്കുന്നത്. സെക്രട്ടേറിയറ്റിൽ പോലും കയറാനുള്ള അവകാശം എടുത്തുകളഞ്ഞും മാധ്യമങ്ങളുടെ സ്രോതസുകളെ അടച്ചുമാണ് സംസ്ഥാനത്ത് മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്നത്. മാധ്യമ പ്രവർത്തകർ ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കുമ്പോഴും അതിൽനിന്ന് ഒഴിഞ്ഞു മാറുന്ന അവസ്ഥയാണുള്ളത്. ഏതെങ്കിലും സമയത്ത് പ്രത്യക്ഷപ്പെടുമ്പോൾ പോലും ചോദ്യങ്ങൾക്ക് പരിധി നിശ്ചയിക്കുന്ന പ്രവണതക്കെതിരേ മാധ്യമ പ്രവർത്തകർ തന്നെ രംഗത്തുവരണം. പലതരത്തിൽ ഹനിക്കപ്പെടുന്ന മാധ്യമ സ്വാതന്ത്ര്യത്തിനെതിരേ കൂട്ടായ പ്രതിരോധമാണ് ഫലം ചെയ്യുക. അതിന് യൂനിയനുകളിൽ രാഷ്ട്രീയം കലർത്താതെ നിഷ്പക്ഷമായ രീതിയിൽ പ്രവർത്തിക്കണം. ഈ നിഷ്പക്ഷതയിലൂടെ മാത്രമേ മാധ്യമങ്ങളിൽ വിശ്വാസ്യത നേടിയെടുക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം.വി വിനീത അധ്യക്ഷയായി. ജനറൽ സെക്രട്ടറി ആർ. കിരൺബാബു, കെ.എൻ.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് വി.എസ് ജോൺസൺ, കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."