ആസാദ് കശ്മിർ പരാമർശം: കെ.ടി ജലീലിനെതിരേ നടപടിയെടുക്കണം സ്പീക്കർക്ക് മാത്യു കുഴൽനാടൻ്റെ കത്ത്
തിരുവനന്തപുരം • ആസാദ് കശ്മിർ പരാമർശവുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെതിരേ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി ആവശ്യപ്പെട്ട് സ്പീക്കർ എം.ബി രാജേഷിന് പരാതി നൽകി മാത്യു കുഴൽനാടൻ എം.എൽ.എ. നിയമസഭാ സമിതിയുടെ കശ്മിർ സന്ദർശനത്തിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റിൽ ജലീൽ വിവാദ പരാമർശം നടത്തിയത്.
രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമായ പ്രസ്താവന സമൂഹമാധ്യമത്തിലൂടെ നടത്തി, പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിക്കും നിയമസഭയ്ക്കും പൊതുസമൂഹത്തിന് മുന്നിൽ കെ.ടി.ജലീൽ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് മാത്യു കുഴൽനാടൻ കത്തിൽ പറയുന്നത്.
പരാമർശങ്ങൾ വിവാദമായപ്പോൾ പോസ്റ്റ് ദുർവ്യാഖ്യാനം ചെയ്തതാണെന്ന് കാണിച്ച് ജലീൽ ഓഗസ്റ്റ് 13ന് ഫേസ്ബുക്കിലൂടെ വിശദീകരണം നൽകിയിരുന്നു.
എന്നാൽ വിശദീകരണത്തിൽ, കശ്മീർ സംബന്ധിച്ചു ഭരണഘടനാ വിരുദ്ധമായ പ്രസ്താവന നടത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നതിനോ തന്റെ നിലപാട് തിരുത്തുന്നതിനോ അദ്ദേഹം തയാറായിട്ടില്ല. അതിനാൽ, നിയമസഭാ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 27, 49 എന്നിവയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ച കെ.ടി.ജലീൽ എം.എൽ.എയ്‌ക്കെതിരേ നിയമസഭ അംഗങ്ങളുടെ പെരുമാറ്റച്ചട്ട പ്രകാരം നടപടി സ്വീകരിക്കണമെന്ന് സ്പീക്കർക്ക് നൽകിയ കത്തിൽ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതി അംഗം കൂടിയായ മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."