ഡൽഹി മദ്യനയം: മലയാളികളടക്കം എട്ടുപേർക്കെതിരേ ലുക്കൗട്ട് നോട്ടിസ്
മനീഷ് സിസോദിയയുടെ പേരില്ലെന്ന്
സി.ബി.ഐ, ഏതുനിമിഷവും അറസ്റ്റിലാകും
ന്യൂഡൽഹി • മദ്യനയത്തിലും ബാർ ലൈസൻസ് വിതരണത്തിലും അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മലയാളികടളടക്കം എട്ടുപേർക്കെതിരേ സി.ബി.ഐ ലുക്കൗട്ട് നോട്ടിസ്.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപണവിധേയനായ കേസിൽ, ഒൺലി മച്ച് ലൗഡർ മുൻ സി.ഇ.ഒ വിജയ് നായർ, ബ്രിൻഡ്‌കോ സ്പിരിറ്റ്‌സ് ഉടമ അൻദീപ് ധൽ, ഇൻഡോ സ്പിരിറ്റ് ഉടമ സമീർ മഹേന്ദ്രു, ബഡ്ഡി റീട്ടെയിൽ ഡയരക്ടർ അമിത് അരോറ, രാധ ഇൻഡസ്ട്രീസ് ഉടമ ദിനേഷ് അരോറ, മഹാദേവ് ലിക്വിർ ഡയരക്ടർ സണ്ണി മർവ, ബാറുടമകളായ അർജുൻ രാമചന്ദ്ര പിള്ള, അർജുൻ പാണ്ഡ്യ എന്നിവരുടെ പേരുകളാണ് ലുക്കൗട്ട് നോട്ടിസിലുള്ളത്. ഇവർ വിദേശയാത്രകൾ നടത്തുന്നതും സി.ബി.ഐ തടഞ്ഞു.
കേസിൽ ആകെ 15 പ്രതികളാണുള്ളത്. ഇതിൽ ഒന്നാംപ്രതി മനീഷ് സിസോദിയയുടെ പേര് നോട്ടിസിൽ ഇല്ലെന്നാണ് സി.ബി.ഐ പറയുന്നത്. നേരത്തെ സിസോദിയക്കെതിരേയും തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ഇക്കാര്യം സി.ബി.ഐ നിഷേധിച്ചു. അതേസമയം, എ.എ.പി നേതാവുകൂടിയായ മനീഷ് സിസോദിയയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. സിസോദിയയുടെ വസതിയടക്കം 31 ഇടങ്ങളിൽ വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു.
ഇതിൽനിന്ന് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം പ്രതികളെ ചോദ്യംചെയ്തു. ഇതിനു പിന്നാലെയാണ് സി.ബി.ഐ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."