കിട്ടിയില്ല പ്രതിയെവിടെ ; എ.കെ.ജി സെന്റർ ആക്രമണം 50 ദിവസം പിന്നിട്ടു
തിരുവനന്തപുരം • സി.പി.എം സംസ്ഥാന ആസ്ഥാനം എ.കെ.ജി സെന്ററിൽ ആക്രമണം നടന്നിട്ട് 50 ദിവസം പിന്നിട്ടു. പൊലിസിൽനിന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും ഇതുവരെയും പ്രതികളെ പിടികൂടാൻ സാധിച്ചില്ല. സമൂഹമാധ്യമത്തിൽ ഇതുസംബന്ധിച്ച് ട്രോളുകളും നിറഞ്ഞിട്ടുണ്ട്. 'കിട്ടിയില്ല മീം' തയാറാക്കുയാണ് മത്സരം. വിജയിക്കുന്നവര്‍ക്ക് സമ്മാനവുമുണ്ട്. പ്രതിയെ പിടിക്കുന്ന ദിവസം സമ്മാനം വിതരണം ചെയ്യുമെന്നാണ് ട്രോള്‍.
ആക്രമണത്തിനു പിന്നിൽ രാജാജി നഗർ സ്വദേശിയായ തട്ടുകടക്കാരനാണെന്നു പൊലിസ് കണ്ടെത്തിയിരുന്നു. ഇയാളെ രണ്ടാം പ്രതിയാക്കി ചോദ്യം ചെയ്യുകയും ചെയ്തു. ഒന്നര ദിവസത്തെ ചോദ്യംചെയ്യലിനു ശേഷം വിട്ടയച്ചു. കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയപ്പോഴും തട്ടുകടക്കാരനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാൽ തട്ടുകടക്കാരന് ആക്രമണത്തിൽ പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. അതോടെ തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.
പൊലിസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ഇയാൾ സി.പി.എം പ്രാദേശിക നേതാവിനെ ഫോണിൽ വിളിച്ചത് നേതൃത്വത്തിനു തലവേദനയായിരുന്നു. എന്നാൽ, തട്ടുകടയിലേക്ക് വെള്ളമെടുക്കാനാണ് ഇയാൾ എ.കെ.ജി സെന്ററിനു സമീപമെത്തിയത്. സി.പി.എം നേതാവിനെ ഫോൺ വിളിച്ചിട്ടില്ലെന്ന് രേഖകൾ പരിശോധിച്ചപ്പോൾ വ്യക്തമായെന്നും അന്വേഷണസംഘം വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."