കേരള സർവിസ് ചട്ടഭേദഗതിയും അറബി ഭാഷാ പഠനവും
ഡോ. സൈനുൽ ആബിദീൻ പുത്തനഴി
ക്ലാസിക്കൽ ഭാഷകളിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്ന ഭാഷയാണ് അറബി. സെമിറ്റിക്ക് ഭാഷകളിൽ പലതും കാലക്രമേണ നാമാവശേഷമായെങ്കിലും ലോക ജനസംഖ്യയിൽ നാലിലൊന്ന് പേർ സംസാരിക്കുന്ന ഈ ഭാഷ പുതിയ ലോകക്രമത്തിനൊപ്പം മുന്നേറിക്കൊണ്ടിരിക്കുന്നു. എന്നാൽ 2022 ഒാഗസ്റ്റ് 19ന് കേരള ഗസറ്റ് വിജ്ഞാപനപ്രകാരം കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തകൾ ഭാഷാപഠനമേഖലയെ പൊതുവായും അറബി ഭാഷയെ പ്രത്യേകിച്ചും പാടെ തകർക്കുന്ന രീതിയിലുള്ളതാണ്. സർക്കാർ സർവിസിൽ പ്രവേശിക്കുന്നവരിൽ ബിരുദതലംവരെ മലയാളം പഠിച്ചിട്ടില്ലാത്തവർ പി.എസ്.സി നടത്തുന്ന മലയാളം പരീക്ഷ വിജയിക്കണമെന്ന നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായി സർവിസ് ചട്ടം സർക്കാർ ഭേദഗതി ചെയ്തിരിക്കുകയാണ്. ഇതുസംബന്ധിച്ച് നേരത്തെ സർക്കാർ ഉത്തരവുണ്ടായിരുന്നെങ്കിലും കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവിസ് റൂളിൽ ഭേദഗതി വരുത്തി വിജ്ഞാപനം ചെയ്തിരുന്നില്ല. പുതുതായി സർക്കാർ സർവിസിൽ പ്രവേശിക്കുന്നവർ പത്താം ക്ലാസ്, പ്ലസ് ടു, ബിരുദ തലങ്ങളിൽ മലയാളം ഒരുഭാഷയായി പഠിച്ചിരിക്കണം. അല്ലാത്തവർ പി.എസ്.സി നടത്തുന്ന മലയാളം ഭാഷാ പരീക്ഷ 40 ശതമാനത്തിൽ കുറയാത്ത മാർക്കോടെ വിജയിച്ചിരിക്കണമെന്നുമാണ് വ്യവസ്ഥ. മലയാളം മിഷൻ നടത്തുന്ന മലയാളം സീനിയർ ഹയർ ഡിപ്ലോമയ്ക്ക് തുല്യമായി അംഗീകരിക്കുന്ന ഈ പരീക്ഷ വിജയിച്ചാൽ മാത്രമേ പ്രൊബേഷൻ കാലയളവ് പൂർത്തിയാക്കാനാകൂ. മലയാളേതര ഭാഷകൾ മക്കളെ പഠിപ്പിക്കാൻ രക്ഷിതാക്കൾ തയാറാകാത്ത സാഹചര്യം ഈ ഭേദഗതിയാലുണ്ടാകും. കേരളത്തിൽ മറ്റു ഭാഷകളുടെ പ്രസക്തി തന്നെ ഇതോടെ ഇല്ലാതാകും.
കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കേരള പതിപ്പായി വേണം ഇൗ നീക്കത്തെ കണക്കാക്കാൻ. മലയാളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന അറബി ഭാഷാ പഠനത്തെയും സാരമായി ബാധിക്കുന്ന തീരുമാനമാണിത്. 2020ലെ ദേശീയ വിദ്യാഭ്യാസ നയം വിദേശ സർവകലാശാലകളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനു ലക്ഷ്യമിടുന്നുണ്ട്. നമ്മുടെ ജി.ഡി.പിയുടെ നല്ലൊരു പങ്കും വിദ്യാഭ്യാസ മേഖലക്കായി നീക്കിവയ്ക്കാനും പദ്ധതിയിട്ടിരിക്കുന്നു. എന്നാൽ ആഗോളതലത്തിൽനിന്ന് വിദ്യാർഥികളെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനു ഒരു കർമപരിപാടിയും പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലില്ല.
ജർമൻ, പാഴ്‌സി, റഷ്യൻ, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകളെക്കുറിച്ച് ദേശീയ വിദ്യാഭ്യാസ നയം 2020ൽ എടുത്തുപറയുമ്പോൾ രാജ്യത്തിന് ഏറ്റവുമധികം പ്രവാസി പണം നൽകുന്ന അറബി ഭാഷയെക്കുറിച്ച് ഒരു വാക്കുപോലും ഇല്ലെന്നതാണ് യാഥാർഥ്യം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നീ കേന്ദ്രീയ വിദ്യാഭ്യാസ സിലബസുകളിലും അറബി ഭാഷക്ക് സ്ഥാനമില്ല. ഉന്നതവിദ്യാഭ്യാസ രംഗത്ത് സർക്കാരുകൾ അറബി ഭാഷക്ക് പ്രോത്സാഹനം നൽകുന്നില്ലെന്നത് നാം തിരിച്ചറിയേണ്ടതുണ്ട്.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി ഭാഷകളെയും അവയുടെ ഭാവിയെയും സംബന്ധിച്ച് ചർച്ചകൾ ഉയർന്നുവരണം. ഇൗ നയത്തിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കുമെന്ന് പറയുന്ന ഖണ്ഡിക 4.13ൽ മൂന്ന് ഭാഷകളിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായിരിക്കണമെന്നാണ് നിഷ്‌കർഷിക്കുന്നത്. ഇൗ ഉപാധി കേരളത്തിൽ അറബി ഭാഷാ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നത് തീർച്ചയാണ്. ഇപ്രകാരം ഓരോ സംസ്ഥാനവും തങ്ങളുടെ പ്രാദേശിക, സാമൂഹിക വൈവിധ്യങ്ങൾ പരിഗണിച്ച് പിന്തുടർന്നുവരുന്ന വിദ്യാഭ്യാസ രീതികളെ കേന്ദ്രീകൃത സ്വഭാവത്തിൽ നിയന്ത്രിക്കുന്ന രീതി അംഗീകരിക്കാനാവില്ല. അതിനാൽ വൈവിധ്യങ്ങളെ നിരാകരിക്കുന്ന അത്തരം നിബന്ധനകൾ ഒഴിവാക്കപ്പെടേണ്ടതാണ്.
കേരളത്തിലെ ഏഴായിരത്തോളം സ്‌കൂളുകളിലും പതിനായിരത്തിൽപരം മദ്‌റസകളിലും വിവിധ സംഘടനകൾക്ക് കീഴിലുള്ള ആയിരത്തോളം അറബിക് കോളജുകളിലും പള്ളിദർസുകളിലും മറ്റു അനൗപചാരിക കേന്ദ്രങ്ങളിലും അറബി ഭാഷാപഠനത്തിന് മികച്ച സൗകര്യങ്ങളുണ്ട്. ഇന്ത്യാ രാജ്യത്ത് കേന്ദ്ര, സംസ്ഥാന സർവകലാശാലകളിലും അറബി ഭാഷ പഠിപ്പിക്കപ്പെടുന്നുണ്ട്. കൂടാതെ, കേരളത്തിൽ നിന്ന് ഉപജീവനം തേടി പുറംരാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്നവരുടെ എണ്ണം 24 ലക്ഷം ആണ്. ഇതിൽ 22 ലക്ഷം പേരും ഗൾഫ് രാജ്യങ്ങളിൽ പണിയെടുക്കുന്നു. അവിടങ്ങളിലെ മാതൃഭാഷയാണ് അറബി. അവരിൽ പലരും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് ജീവിത വിഭവം തേടുന്നവരുമാണ്. അതിനാൽ കേരളത്തിൽ അറബി ഭാഷക്ക് പ്രത്യേക പരിഗണ നൽകേണ്ടത് സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്ക് അനിവാര്യമാണ്.
വലിയ സാധ്യതകളുള്ള അറബി ഭാഷയെ പരിപോഷിപ്പിക്കുന്നതിനു പകരം തകർത്തില്ലാതാക്കുന്ന സമീപനം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചെയ്യുന്നത് കാപട്യമാണ്. ഭാഷാ സാധ്യതകൾ വർധിപ്പിക്കാനുള്ള ഇടപെടലുകളും നടക്കേണ്ടതുണ്ട്. അറബി ഭാഷയുടെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി, രാജ്യത്തിന്റെ അഭിവൃദ്ധിക്കായുള്ള യത്നങ്ങൾ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്.
(എം.എസ്.ടി.എം ആർട്‌സ് ആൻഡ് സയൻസ് കോളജ് അസി.പ്രൊഫസറാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."