പ്രിയ വർഗീസിൻ്റെ നിയമനവും യു.ജി.സി മാനദണ്ഡവും
ഡോ. എം.പി ബിന്ദു
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടമാടുന്ന കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയും ഏറ്റവും പുതിയ തെളിവാണ് പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല കാംപസിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാൻ തീരുമാനിച്ച സംഭവം. മുൻ രാജ്യസഭാ എം.പിയും നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയ വർഗീസ്. നിലവിലെ സർക്കാർ അധികാരമേറ്റ ശേഷം കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളുടെ ഭാര്യമാർക്ക് സർവകലാശാലയിൽ ജോലി കൊടുക്കുന്ന ആറാമത്തെ സംഭവമാണിത്. ഇപ്പോൾ വിവാദമായത് ഉയർന്ന റിസർച്ച് സ്‌കോറുള്ളവരുണ്ടായിട്ടും അഭിമുഖത്തിന് ലഭിച്ച ഉയർന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രം പ്രിയ വർഗീസിനെ നിയമിക്കാനെടുത്ത തീരുമാനത്തിലാണ്.
സാധാരണയായി ഒരു പദവിയിലേക്ക് വിജ്ഞാപനം ഇറക്കുമ്പോൾ വേണ്ട യോഗ്യതകളെപ്പറ്റി കൃത്യമായി പറയുകയാണ് ചെയ്യാറുള്ളത്. വിജ്ഞാപനം പുറപ്പെടുവിച്ച ശേഷം യോഗ്യതകൾ 'തിരുകിക്കയറ്റുക'യാണെങ്കിൽ അതൊരു ഗൂഢലക്ഷ്യം ഉണ്ടാവുന്നത് കൊണ്ടാകണം. നിലവിൽ വിവാദമായ കണ്ണൂർ സർവകലാശാലയിലെ മലയാളം വകുപ്പിലേക്ക് അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തു വരുന്നത് 2021 നവംബറിലാണ്. അതിൽ നിയമനത്തിനുള്ള യോഗ്യതകൾ 2018ലെ യു.ജി.സി വ്യവസ്ഥകൾ അനുസരിച്ചായിരിക്കും എന്ന് എടുത്തുപറഞ്ഞിരുന്നു.
2018ലെ യു.ജി.സി റെഗുലേഷനിൽ അറുപതാം പേജിൽ അസോസിയേറ്റ് പ്രൊഫസർക്ക് വേണ്ട യോഗ്യതകൾ അക്കമിട്ട് പറയുന്നുണ്ട്. അതിൽ ആദ്യം തന്നെ പറയുന്നത് മികച്ച അക്കാദമിക റെക്കോർഡിനെ സംബന്ധിച്ചാണ്. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമിക്കപ്പെട്ട ശേഷം മാത്രം ആ ഉദ്യോഗാർഥി നേടിയെടുത്ത അക്കാദമിക നേട്ടങ്ങളെയാണ് ഇവിടെ സൂചിപ്പിക്കുന്നത്. അതായത് അസിസ്റ്റന്റ് പ്രൊഫസറായി നിയമിതനാകുന്നതിന് മുമ്പ് സ്വന്തമാക്കിയ നേട്ടങ്ങൾ അടിസ്ഥാന യോഗ്യതയായി മാത്രമേ കണക്കാക്കാനാകുള്ളൂ.
അതേ പേജിൽതന്നെ അധ്യാപന പരിചയത്തെ സംബന്ധിച്ചും വ്യക്തമായി പറയുന്നുണ്ട്. കുറഞ്ഞത് എട്ടു വർഷം അസിസ്റ്റന്റ് പ്രൊഫസറായോ അല്ലെങ്കിൽ അംഗീകൃത ഗവേഷണ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർക്ക് തുല്യമായ പദവിയിലോ ജോലി ചെയ്ത പരിചയം ഉണ്ടായിരിക്കണം. ഇവിടെ രണ്ടാമത് സൂചിപ്പിക്കുന്നത് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പോ അല്ലെങ്കിൽ അംഗീകൃത ഗവേഷണ സ്ഥാപനങ്ങളിൽ ചേർന്ന് നടത്തിയ ഗവേഷണ പ്രവൃത്തിയെയോ ആണ്. കണ്ണൂർ സർവകലാശാല തന്നെ പുറത്തുവിട്ട രേഖകൾ പ്രകാരം പ്രിയ വർഗീസ് 2012 മാർച്ച് 14നാണ് തൃശൂർ കേരളവർമ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായി പ്രവേശിച്ചത്. 2015 ജൂലൈ 29 മുതൽ 2018 ഫെബ്രുവരി 8 വരെ പിഎച്ച്ഡിക്കായി ഫാക്കൽറ്റി ഡെവലപ്‌മെൻ്റ് പ്രോഗ്രാം പ്രകാരം സർവിസിൽ നിന്ന് മാറിനിൽക്കുകയും ചെയ്തു. തുടർന്ന് 2019 ഓഗസ്റ്റ് ഏഴിന് കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡൻസ് സർവിസ് ഡയരക്ടറായി അഡ്മിനിസ്‌ട്രേറ്റീവ് പോസ്റ്റിൽ ഡെപ്യൂട്ടേഷനിൽ ചേർന്നു. അതിനുശേഷം 2021 ജൂലൈ ഏഴിന് കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിനിസ്‌ട്രേറ്റീവ് പോസ്റ്റിൽ ചേർന്നു. ഇനി അവർ ഗവേഷണത്തിനു പോയ കാലാവധി കൂട്ടിയാൽ തന്നെ ഏതാണ്ട് ആറു വർഷത്തെ അധ്യാപനപരിചയം മാത്രമേ വരുന്നുള്ളൂ. അപ്പോൾ കുറഞ്ഞത് എട്ടു വർഷത്തെ അധ്യാപന പരിചയം എന്ന യോഗ്യത പോലും പ്രിയ വർഗീസിന് ഇല്ലെന്ന് കാണാം.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പറയുന്നതുപോലെ സ്റ്റുഡൻസ് സർവിസ് ഡയരക്ടർ എന്നത് ഒരു ഗവേഷണ പദവിയോ അല്ലെങ്കിൽ അധ്യാപന പരിചയത്തിന് തുല്യമായ പദവിയോ അല്ല. അത് ഭരണസംബന്ധമായ പദവി മാത്രമാണ്. ഉദാഹണത്തിന് ഒരു കോളജ് അധ്യാപകൻ സർവകലാശാലയിലെ രജിസ്ട്രാർ അല്ലെങ്കിൽ കൺട്രോളർ ഓഫ് എക്‌സാമിനേഷൻ പദവിയിൽ ജോലി ചെയ്യുകയാണെങ്കിൽ ആ കാലയളവ് അദ്ദേഹത്തിന്റെ അധ്യാപനപരിചയമായി നിയമനങ്ങൾക്ക് പരിഗണിക്കുവാൻ സാധിക്കുകയില്ല. യു.ജി.സി റെഗുലേഷൻ 2018 പ്രകാരവും ഒരു തരത്തിലുമുള്ള ഡെപ്യൂട്ടേഷൻ കാലയളവ് എവിടെയും അധ്യാപനവൃത്തിയായി പരിഗണിക്കാൻ സാധിക്കില്ല.
ഇതുകൂടാതെ ഏറ്റവും യോജിച്ച ഉദ്യോഗാർഥിയെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ രണ്ടാമത്തെ അപെൻഡിക്‌സ് പട്ടികയിൽ കൊടുത്തിരിക്കുന്ന 1,2,3A,4,5 എന്നിവയ്ക്കനുസരിച്ചുള്ള അപേക്ഷകന്റെ വെയിറ്റേജും കൂടി പരിഗണിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. ഈ പട്ടികയിലുള്ളവ എന്താണെന്ന് നോക്കാം. അതിൽ ഒന്നാമത്തേത് ഡെപ്യൂട്ടേഷനെ സംബന്ധിച്ചുള്ളതാണ്. അതിന്റെ വിശദീകരണം പേജ് 104ൽ പട്ടിക ഒന്നിന്റെ ഭാഗമായി കൊടുത്തിട്ടുണ്ട്. അതുപ്രകാരം അപേക്ഷകന്റെ ഡെപ്യൂട്ടേഷൻ കാലയളവ് പരിഗണിക്കാനേ പാടില്ലെന്ന് വ്യക്തമാണ്. രണ്ടാമത്തേത്, ഗവേഷണപ്രസിദ്ധീകരണങ്ങളെ പറ്റിയാണ്. പേരെടുത്ത ജേർണലുകളിലോ പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ പുസ്തകങ്ങളിലോ വന്ന പ്രസിദ്ധീകരണങ്ങളെ കുറിച്ചാണ്. എന്നുവച്ചാൽ എവിടെയെങ്കിലും പ്രസിദ്ധീകരിക്കുന്നവയൊന്നും പരിഗണിക്കാൻ പാടില്ല. മൂന്നാമത്തേത്, വിവരവിനിമയ സാങ്കേതിക വിദ്യ(െഎ.സി.ടി)യിലുള്ള പരിചയമാണ്. ഇതിലുള്ള പരിജ്ഞാനം അളക്കുന്നതിന് പതിമൂന്നു മാനദണ്ഡങ്ങൾ കൃത്യമായി നൂറ്റിയഞ്ചാം പേജിൽ പറയുന്നുണ്ട്. െഎ.സി.ടിയെ സംബന്ധിച്ച സെമിനാറുകളിൽ പങ്കെടുക്കുന്നതൊന്നും ഒരു മാനദണ്ഡമേ അല്ല. നാലാമത്തേത്, ഗവേഷണങ്ങളിലെ മികവിനെക്കുറിച്ചും മറ്റു ഗവേഷണങ്ങൾക്ക് നൽകുന്ന മാർഗനിർദേശങ്ങളെ കുറിച്ചുമാണ്. സർവകലാശാല അറിവുൽപ്പാദിപ്പിക്കുന്ന കേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. ഒരു അധ്യാപകനെ നിയമിക്കുമ്പോൾ അയാൾ ഭാവിയിൽ സ്വന്തമായും ഗവേഷക വിദ്യാർഥികൾക്ക് മാർഗദർശിയായും എങ്ങനെ അറിവുൽപ്പാദനത്തിന് പ്രാപ്തിയുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇതു വിലയിരുത്താനുള്ള ഒൻപത് മാനദണ്ഡങ്ങളെ കൃത്യമായി 105-106 പേജുകളിലായി പറയുന്നുണ്ട്. വിവരാവകാശ നിയമം വഴി ലഭിച്ച രേഖകളിൽ പ്രിയ വർഗീസിന് ഇവയിൽ ഒന്നുപോലും ഇല്ല എന്നുള്ളതാണ് ബോധ്യപ്പെടുന്നത്.
അഞ്ചാമത്തേത്, പേറ്റന്റുകൾ. ആറാമത്തേത്, ക്ഷണിക്കപ്പെട്ട പ്രഭാഷണങ്ങളെ പറ്റിയാണ്. ഈ വിഭാഗത്തിൽ ഉദ്യോഗാർഥി പങ്കെടുത്ത ദേശീയ-അന്തർദേശീയ സെമിനാറുകൾ, അവതരിപ്പിച്ച പേപ്പറുകൾ എന്നിവയെക്കുറിച്ച് അക്കാദമിക യോഗങ്ങളിൽ പങ്കെടുത്ത രേഖകളാണ് വിലയിരുത്തേണ്ടത്. കൂടാതെ, 76ാം പേജിൽ അപേക്ഷകന്റെ എല്ലാ പ്രസിദ്ധീകരണങ്ങളും സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും അഭിമുഖത്തിന് മുന്നോടിയായി ഇന്റർവ്യു ബോർഡിലുള്ളവർക്ക് ലഭ്യമാക്കണമെന്ന് വ്യക്തമായി പറയുന്നുണ്ട്. അഭിമുഖം നടത്തുന്നവർ അന്തിമതീരുമാനം എടുക്കേണ്ടതെന്ന് ഈ രേഖകൾകൂടി നിർബന്ധമായി കണക്കിലെടുത്താവണം. എന്നാൽ ഇവയൊന്നും അഭിമുഖത്തിൽ പങ്കെടുത്ത വിദഗ്ധർക്ക് ലഭ്യമാക്കിയിട്ടില്ലെന്ന് സർവകലാശാല വി.സി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
(പിറവം വിശ്വവിദ്യാപീഠ് കൽപിത സർവകലാശാല അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."