ഉറക്കംകെടുത്തുന്ന തെരുവുനായ്ക്കൾ
ജീവനും കൈയിൽ പിടിച്ചുകൊണ്ടല്ലാതെ പുറത്തേക്കിറങ്ങാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. ഒറ്റപ്പെട്ടുപോകുന്ന സ്കൂൾ കുട്ടികളെ തെരുവുനായ്ക്കൾ കൂട്ടത്തോടെ കടിച്ചുകീറുകയാണ്. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ പിന്തുടർന്ന് കടിച്ചുവീഴ്ത്തുന്നു. കഴിഞ്ഞദിവസം കോഴിക്കോട് താമരശ്ശേരിയിൽ മകളെ സ്കൂൾ ബസിൽ കയറ്റിവിടാൻ എത്തിയ യുവതിയെ തെരുവുനായ അക്രമിക്കാനെത്തിയതും ജീവരക്ഷാർഥം ഓടുന്നതിനിടെ അതിവേഗതയിൽ വന്ന ടിപ്പറിനടിയിൽപ്പെട്ട് അവർ മരണപ്പെട്ടതും മനഃസാക്ഷിയെ നൊമ്പരപ്പെടുത്തിയ വാർത്തയായിരുന്നു. ഈ ദാരുണ സംഭവം കഴിഞ്ഞിട്ടും തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനോ വന്ധ്യംകരിക്കുന്നതിനോ സർക്കാറിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ വീട്ടമ്മ ഇന്നലെ രാവിലെ മരണപ്പെട്ടത് ഒടുവിലത്തെ സംഭവമാണ്. അലഞ്ഞുതിരിയുന്ന നായകളെ പിടിക്കാനും വന്ധ്യംകരിക്കാനും സർക്കാർ ഫണ്ട് ലഭ്യമല്ലെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ന്യായം.
രാജ്യത്ത് പ്രതിവർഷം പതിനെണ്ണായിരത്തിലധികം ആളുകളാണ് പേവിഷബാധ മൂലം മരണമടയുന്നത്. ഇതാകട്ടെ ഏഷ്യയിൽ മരണപ്പെടുന്നതിന്റെ അറുപത് ശതമാനത്തോളം വരും. കേരളത്തിൽ അടുത്തിടെയായി തെരുവുനായ്ക്കൾ എണ്ണമില്ലാതെ പെരുകുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വന്ധ്യംകരണം നിർത്തിവച്ചതാണ് തെരുവുനായ്ക്കൾ പെറ്റുപെരുകാൻ കാരണം. നായകടിയേറ്റ് രോഗലക്ഷണങ്ങൾ പ്രകടമായാൽ മരണമല്ലാതെ വേറെ വഴിയില്ല. അതുകൊണ്ടാണ് പേവിഷബാധ ലോകത്തിലെ ഏറ്റവും മാരകരോഗങ്ങളിൽ ഒന്നായി കണക്കാക്കുന്നത്. കുട്ടികളും മുതിർന്നവരും ഒരുപോലെ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുമ്പോൾ സർക്കാർ പുലർത്തുന്ന അലംഭാവം നീതികരിക്കാനാവില്ല. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യമാണ് തെരുവുനായ്ക്കളുടെ ശല്യം കാരണം ഇല്ലാതാവുന്നത്. നിർഭയമായി യാത്ര ചെയ്യാനുള്ള പൗരന്റെ അവകാശം ഹനിക്കപ്പെടുന്നതിനെതിരേ നടിപടിയെടുക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ നൽകേണ്ട ബാധ്യതയും സർക്കാരിനു തന്നെ. തെരുവുനായ്ക്കളുടെ കടിയേറ്റ് ആളുകൾക്ക് നിത്യവും മാരകമായ പരുക്കേൽക്കുകയാണ്. പലർക്കും മതിയായചികിത്സ കിട്ടുന്നില്ല. മറ്റു പലരും ചികിത്സ ഫലിക്കാതെ മരണത്തിന് കീഴടങ്ങുകയാണ്. ഇത്തരമൊരവസ്ഥയിൽ സർക്കാർ തുടരുന്ന അനങ്ങാപ്പാറനയം അപലപനീയമാണ്.
നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും പൊന്തക്കാടുകളിലുമാണ് തെരുവുനായ്ക്കളുടെ വാസം. മനുഷ്യനോട് ഇണങ്ങുന്ന മൃഗമാണെങ്കിലും കാട്ടിൽ നിന്ന് ഇറങ്ങിവന്നതാണ് നായ്ക്കളുടെ പൂർവികർ. കൂട്ടംകൂടുന്ന നായ്ക്കളിൽ പഴയ വന്യസ്വഭാവം ഉടലെടുക്കുമെന്ന് ഇതു സംബന്ധിച്ച പഠനങ്ങളിൽ പറയുന്നുണ്ട്. അതിനാലാണ് ഒറ്റപ്പെട്ടുപോകുന്ന മനുഷ്യർ നായ്ക്കളുടെ കൂട്ടമായ ആക്രമണത്തിന് ഇരയാകുന്നതെന്നതത്രെ. കൂട്ടമായി നടക്കുന്ന തെരുവുനായ്ക്കളെ തുരത്താനാകില്ല. അത് വിഫല ശ്രമവുമായിരിക്കും. തുരത്തപ്പെട്ട തെരുവുനായ്ക്കൾ മണിക്കൂറുകൾക്കകം അതേ സ്ഥലത്ത് വീണ്ടും തമ്പടിക്കുന്നത് കാണാം. അലഞ്ഞുതിരിയുന്ന നായ്ക്കളെ ആരോഗ്യവിഭാഗത്തിന്റെ മേൽനോട്ടത്തിൽ വന്ധ്യംകരണത്തിന് വിധേയമാക്കുകയോ അവയെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കുകയോ ചെയ്യാതെ തെരുവുനായശല്യത്തിൽ നിന്നും മാരകമായിത്തീരുന്ന അവയുടെ അക്രമണത്തിൽ നിന്നും രക്ഷപെടുക എന്നത് സാധാരണക്കാരെ സംബന്ധിച്ചേടത്തോളം അസാധ്യമായിരിക്കുകയാണ്.
പേവിഷബാധക്കെതിരേയുള്ള വാക്സിന് വില വർധിക്കുന്നു എന്നതും ഇതിനിടയിൽ കാണാതിരുന്നു കൂടാ. കേരളത്തിൽ പേപ്പട്ടികളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർധിക്കു മ്പോൾ മരുന്നുകമ്പനികളും അവസരം മുതലാക്കുകയാണ്. വികസിത രാജ്യങ്ങളിൽ പേവിഷബാധ ഏറെക്കുറെ തുടച്ചുനീക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയെപ്പോലുള്ള ദരിദ്ര രാജ്യങ്ങളിൽ റാബിസ് ഇപ്പോഴും വലിയ പൊതുജനാരോഗ്യ പ്രശ്നമാണ്. ഈ അവസ്ഥയെയാണ് മരുന്നുകമ്പനികൾ ചൂഷണം ചെയ്യുന്നത്. രോഗം വന്നാൽ ഫലപ്രദമായ ചികിത്സ ഇല്ലാത്തതുകൊണ്ടാണ് കടിയേറ്റ ഉടൻ വാക്സിനേഷൻ നടത്തുന്നത്. ഇതിന്റെ വില കൂടുന്നതിനൊപ്പം മരുന്നിന് ക്ഷാമം അനുഭവപ്പെടുകയുമാണ്. ഗുണനിലവാരമില്ലാത്ത വാക്സിനുകളും വിറ്റഴിക്കപ്പെടുന്നുണ്ട്. ഈയടുത്താണ് അയൽവീട്ടിലെ വളർത്തുനായയുടെ കടിയേറ്റ പാലക്കാട്ട് കോളജ് വിദ്യാർഥിനി വാക്സിൻ എടുത്തിട്ടും മരണത്തിന് കീഴടങ്ങേണ്ടിവന്നത്. മങ്കരയിൽ പടിഞ്ഞാക്കര വീട്ടിൽ ശ്രീലക്ഷ്മി എന്ന പതിനെട്ടുകാരിയായിരുന്നു ഈ ഹതഭാഗ്യ. പേവിഷബാധക്കെതിരേയുള്ള വാക്സിനുകൾ സ്വീകരിച്ചിട്ടും ആളുകൾ മരിക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. കേരളത്തിൽ ഇപ്പോൾ ലഭ്യമായ നാല് ഡോസ് പ്രതിരോധ വാക്സിനും ആന്റി റാബിസ് സിറവും എത്രത്തോളം ഫലപ്രദമാണെന്ന് അധികൃതർക്ക് പോലും കൃത്യമായി അറിയില്ല. ഈ വർഷം ഓഗസ്റ്റ് വരെ കേരളത്തിൽ പത്തൊമ്പത് പേവിഷബാധാ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2030 ഓടെ പേവിഷബാധയേറ്റുള്ള മരണങ്ങൾ പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ദേശീയ പേവിഷബാധ നിയന്ത്രണ പരിപാടി ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ ഇനിയും എത്ര പേർ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിക്കേണ്ടിവരും. സർക്കാർ മെഡിക്കൽ കോളജുകളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും വാക്സിന് ക്ഷാമമുണ്ട്. സ്വകാര്യ ആശുപത്രികളിലാകട്ടെ പൊള്ളുന്ന വിലയാണ് ഈടാക്കുന്നത്.
വർധിച്ചുവരുന്ന തെരുവുനായ ശല്യം ഒഴിവാക്കാനും അവയെ വന്ധ്യംകരണത്തിന് വിധേയമാക്കാനും സംരക്ഷണ കേന്ദ്രങ്ങളിൽ പാർപ്പിക്കുവാനും സർക്കാർ അടിയന്തര നടപടി കൈക്കൊള്ളണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പട്ടിപിടിത്തവും അവയെ വന്ധ്യംകരിക്കാൻ എടുത്തിരുന്ന നടപടികളും പുനരാരംഭിക്കണം. സർക്കാരിന്റ ഭാഗത്ത് നിന്നുള്ള തടസങ്ങളാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നടപടികൾ എടുക്കാൻ കഴിയാതെ വരുന്നതെങ്കിൽ അത്തരം തടസങ്ങൾ എത്രയും വേഗത്തിൽ ഒഴിവാക്കേണ്ടതാണ്. പേവിഷബാധക്കെതിരേയുള്ള വാക്സിന്റെ വില മരുന്നുകമ്പനികൾ ക്രമാതീതമായി വർധിപ്പിക്കുന്നതിനെതിരേയും സർക്കാർ ശ്രദ്ധ പതിയേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."