വിഴിഞ്ഞം സമരം തണുപ്പിക്കാൻ ഇടപെട്ട് സർക്കാർ പുനരധിവാസത്തിന് പത്ത് ഏക്കർ ⭗ ക്യാംപുകളിൽ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റും
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരേ നടക്കുന്ന സമരം ശക്തമാകവെ നിർണായക ഇടപെടലുമായി സർക്കാർ. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള നിർദേശങ്ങൾ ഇന്നലെ അടിയന്തരമായി ചേർന്ന മന്ത്രിസഭാ ഉപസമിതി മുന്നോട്ട് വച്ചു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഉപസമിതി യോഗം ചേർന്നത്. സമരക്കാരുമായി ചർച്ച നടത്താനും യോഗത്തിൽ തീരുമാനമായി. മുട്ടത്തറയിലെ മൃഗസംരക്ഷണ വകുപ്പിന്റെ എട്ടേക്കറും തിരുവനന്തപുരം നഗരസഭയുടെ രണ്ട് ഏക്കറും മത്സ്യത്തൊഴിലാളി പുനരധിവാസത്തിനു വിട്ടു നൽകും. രണ്ടു സ്ഥലങ്ങളിലുമായി ഫ്ളാറ്റുകളിൽ 3,000 മത്സ്യത്തൊഴിലാളികളെ താമസിപ്പിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. ക്യാംപുകളിൽ താമസിക്കുന്ന 335 കുടുംബങ്ങൾക്ക് ആദ്യ പരിഗണന നൽകും. അവരെ വാടകവീടുകളിലേക്ക് ഉടൻ മാറ്റും. വാടക സർക്കാർ നൽകും. മൃഗസംരക്ഷണ വകുപ്പിന് ജയിൽ വകുപ്പിന്റെ ഭൂമി പകരം നൽകാനും തത്വത്തിൽ ധാരണയായി. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറിമാരുടെ റിപ്പോർട്ടിനു ശേഷം ഉപസമിതി വീണ്ടും യോഗം ചേരും. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷം ഭൂമി കൈമാറ്റത്തിൽ അന്തിമ തീരുമാനമെടുക്കും. മന്ത്രിമാരായ എം.വി ഗോവിന്ദൻ, ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, വി.അബ്ദുറഹിമാൻ, കെ.രാജൻ, ചിഞ്ചുറാണി എന്നിവരും മേയർ ആര്യാ രാജേന്ദ്രനും ചർച്ചയിൽ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."