ബൽകീസ് ബാനു കേസ്; കുറ്റവാളികൾ പലതവണ പരോളിലിറങ്ങി
അഹമ്മദാബാദ് • ബൽകീസ് ബാനു കൂട്ടബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളികൾ ഇടയ്ക്കിടെ പരോളിലിറങ്ങി സാക്ഷികളെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. മക്കളുടെ കല്യാണം, മാതാവിന്റെ കാൽമുട്ട് ശസ്ത്രക്രിയ, ബന്ധുക്കളുടെ ഗൃഹപ്രവേശന ചടങ്ങ് തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കുറ്റവാളികൾ പരോളിലിറങ്ങിയിരുന്നത്.
ഈ വർഷം ഏപ്രിലിൽ പ്രതികളിലൊരാളായ രാധശ്യാം ഷാ ഗൃഹപ്രവേശന ചടങ്ങിന് 28 ദിവസത്തെ പരോളാണ് ആവശ്യപ്പെട്ടത്. ഈ ഹരജി ഹൈക്കോടതി നിരസിച്ചു. ഈ വർഷം ജനുവരി 29 മുതൽ മാർച്ച് 30 വരെ ഷാ 60 ദിവസം പരോളിൽ പുറത്തിറങ്ങിയത് ചൂണ്ടിക്കാണിച്ചായിരുന്നു വീണ്ടും പരോൾ വേണമെന്ന ആവശ്യം കോടതി നിരസിച്ചത്.
2019 മെയിൽ കേസിലെ മറ്റൊരു പ്രതിയായ കേഷാർ വൊഹാനിയ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായി പരോളിന് അപേക്ഷിച്ചെങ്കിലും ഹൈക്കോടതി തള്ളി. 2018 ഓഗസ്റ്റ് മുതൽ 2019 മാർച്ച് വരെയുള്ള കാലയളവിൽ വൊഹാനിയ മൂന്നുമാസത്തെ പരോളിലിറങ്ങിയത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഉമേഷ് ത്രിവേദിയുടെ ബെഞ്ച് അപേക്ഷ നിരസിച്ചത്. പരോൾ കഴിഞ്ഞ് ജയിലിലെത്തി അടുത്തമാസം തന്നെ വീണ്ടും പരോളിന് അപേക്ഷിക്കുകയായിരുന്നു ഉമേഷ്.
11 കുറ്റവാളികളും പരോളിലിറങ്ങി സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി 2017-2020 കാലയളവിൽ ഇരകളും കുടുംബങ്ങളും നിരവധി പരാതികളാണ് പഞ്ച്മഹൽ ജില്ലാ പൊലിസ് മേധാവിക്കും ഗുജറാത്ത് ആഭ്യന്തര വകുപ്പിനും കൈമാറിയത്. 2020 ജൂലൈയിൽ സിങ്കവാദ് സ്വദേശി സബിറാബൻ പട്ടേൽ എന്ന സ്ത്രീയാണ് ഒരു പരാതി നൽകിയത്. ഭീഷണിപ്പെടുത്തൽ, ശാരീരികമായി അപായപ്പെടുത്താൻ ശ്രമിക്കൽ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ, തടഞ്ഞുവയ്ക്കൽ, അപമാനിക്കൽ തുടങ്ങിയ വകുപ്പുപ്രകാരം കുറ്റവാളികളായ മിതേഷ്ഭായ് ഭട്ട്, രാധശ്യാം എന്നിവർക്കെതിരേയാണ് പരാതി നൽകിയത്. ഇത്തരത്തിൽ മിക്ക കുറ്റവാളികൾക്കുമെതിരേ വിവിധ സ്റ്റേഷനുകളിൽ ഇരകളുടെയും സാക്ഷികളുടെയും കുടുംബം പരാതി നൽകിയതായി ഹിന്ദുസ്ഥാൻ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
ഈ പരാതികളെല്ലാം നിലനിൽക്കെയാണ് തടവുകാരെ 'നല്ല നടപ്പ്'പരിഗണിച്ച് മോചിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."