ഡൽഹി കലാപം: പരാതിക്കാരനെ പ്രതിയാക്കിയ നടപടികുറ്റവിമുക്തനാക്കി കോടതി; പൊലിസിന് വിമർശനം
ന്യൂഡൽഹി • വടക്കുകിഴക്കൻ ഡൽഹി കലാപത്തിനിടെ വെടിയേറ്റ സാജിദ് അടക്കമുള്ള ആറു പ്രതികളെ അഡിഷണൽ സെഷൻസ് കോടതി കുറ്റവിമുക്തരാക്കി. പൊലിസിനെതിരേ കടുത്ത വിമർശനമുന്നയിച്ചാണ് ജസ്റ്റിസ് അമിതാബ് റാവത്തിന്റെ നടപടി. സാജിദിനെ കേസിലെ പരാതിക്കാരനും പ്രതിയുമാക്കിയായിരുന്നു പൊലിസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
ഒരാളെ ഒരു കേസിൽ പ്രതിയും സാക്ഷിയുമാക്കാൻ എങ്ങനെ സാധിക്കുമെന്ന് കോടതി ചോദിച്ചു. കലാപത്തിനിടെ വെടിയേറ്റത് കലാപത്തിൽ പങ്കെടുത്തത് കൊണ്ടാണെന്നാണ് പൊലിസ് പറയുന്നത്. ഈ യുക്തിവച്ച് കലാപത്തിൽ പരുക്കേറ്റവരെയെല്ലാം കേസിൽ പ്രതിയാക്കേണ്ടവരും.
കൗതുകരമായ നടപടിയാണിതെന്നും പൊരുത്തമില്ലാത്ത വാദമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കലാപകാരികൾക്കൊപ്പമാണ് സാജിദുണ്ടായിരുന്നതെങ്കിൽ എങ്ങനെ വെടിയേറ്റുവെന്ന് പൊലിസ് വിശദീകരിക്കണം. ഈ കേസിലെ പ്രധാന സാക്ഷിയാണ് സാജിദെന്നും കോടതി പറഞ്ഞു. സാജിദ് അടക്കമുള്ള ആറു പ്രതികൾക്കെതിരേ വധശ്രമം അടക്കമുള്ള കുറ്റങ്ങളായിരുന്നു പൊലിസ് ചുമത്തിയിരുന്നത്. 2020 ഫെബ്രുവരി 25ന്, കലാപത്തിനിടെ അക്രമികളിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ഒരു സംഘം പിന്തുടർന്ന് പിന്നിൽനിന്ന് വെടിവച്ചുവെന്നാണ് സാജിദ് പൊലിസിൽ മൊഴിനൽകിയിരുന്നത്. എന്നാൽ, സാജിദും കലാപത്തിന്റെ ഭാഗമാണെന്നാരോപിച്ച് പൊലിസ് വധശ്രമത്തിന് കേസെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."