'ഞങ്ങള്‍ക്ക് പേടിയാണ് ഇനിയവിടെ കഴിയാന്‍' ബില്‍ക്കീസ് ബാനു കേസ് പ്രതികളുടെ മോചനത്തിന് പിന്നാലെ നാടും വീടുമുപേക്ഷിച്ച് റിലീഫ് കോളനിയില്‍ അഭയം തേടി മുസ്‌ലിം കുടംബങ്ങള്‍
ന്യൂഡല്‍ഹി: നാടും വീടും ഉപേക്ഷിച്ച് അവര്‍ വീണ്ടും സുരക്ഷിതമായൊരു അഭയസ്ഥാനം തേടിയിറങ്ങിയിരിക്കുന്നു. എത്ര മറക്കാന്‍ ശ്രമിച്ചാലും മറക്കാന്‍ കഴിയാത്ത ഭീകരമായ നോവുകളുടെ ഭാണ്ഡവും പേറി. ഗുജറാത്തിലെ രണ്‍ദിക്പൂര്‍ ഗ്രാമത്തിലെ മുസ്‌ലിം കുടുംബങ്ങള്‍. ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വെറുതെ വിട്ടതാണ് അവരെ വീണ്ടും ഭീതിയുടെ കയത്തിലേക്കാഴ്ത്തിയിരിക്കുന്നത്.
'കഴിഞ്ഞയാഴ്ച മുതലേ ഗ്രാമത്തില്‍ ഒരു ഭീതി നിറഞ്ഞ അന്തരീക്ഷമായിരുന്നു. നേരിട്ട് ഭീഷണിയോന്നുമുണ്ടായിട്ടല്ല. എന്നാല്‍ ബില്‍ക്കീസ് കേസ് പ്രതികളെ ഗ്രാമീണര്‍ വരവേറ്റ രീതിയും മറ്റും തെല്ലൊന്നുമല്ല ഞങ്ങളെ ഭയചകിതരാക്കുന്നത്. ഗ്രാമത്തിലെ ആര്‍പ്പുവിളിയും ആഘോഷവും ഞങ്ങളെ വല്ലാതെ പേടിപ്പെടുത്തുന്നു. അങ്ങിനെയാണ് നാടുവിടാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. അവിടം ഇനി ഞങ്ങള്‍ക്കൊട്ടും സുരക്ഷിതമല്ലെന്നൊരു തോന്നല്‍. അവര്‍ പരോളില്‍ വരുന്നത് പോലെയല്ലല്ലോ ഇത്. അന്ന് അവര്‍ തിരിച്ച് ജയിലില്‍ പോവും എന്ന ഒരു ആശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇത് അവര്‍ ജയില്‍ മോചിതരായിരിക്കുകയാണ്' 24കാരിയായ സുല്‍ത്താന പറയുന്നു. ഞായറാഴ്ചയാണ് സുല്‍ത്താന ഉമ്മക്കും സഹോദരിക്കും ഒപ്പം റിലീഫ് കോളനിയിലെത്തിയത്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരാണ് സുല്‍ത്താനയും ഉമ്മയും.
ഒരു സമുദായം മുഴുവന്‍ കത്തിയെരിഞ്ഞ 2002ല്‍ വെറും നാലു വയസ്സുള്ള സുല്‍ത്താനയേയും ഒക്കത്തിരുത്തി ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ട രംഗങ്ങള്‍ ഓര്‍ത്തെടുക്കുന്നു ഉമ്മ.
'ഭീകരതയുടെ ആ ചിത്രങ്ങള്‍ ഇന്നും ഓര്‍മയില്‍ മിന്നിമറയുന്നുണ്ട്. വാളേന്തി പാഞ്ഞു നടക്കുന്ന ചോരക്കൊതിയന്‍മാരും എങ്ങും കത്തിയാളുന്ന തീകുണ്ഠങ്ങളും രക്തക്കറകളും ഇപ്പോഴും എന്റെ കണ്‍മുന്നിലുണ്ട്. ഭാഗ്യം കൊണ്ട് അന്ന് ഞങ്ങള്‍ രക്ഷപ്പെട്ടു' അവര്‍ പറയുന്നു. രാജ്യത്തിന്റെ നീതിവ്യവസ്ഥയില്‍ തങ്ങള്‍ക്ക് പൂര്‍ണമായും വിശ്വസിക്കാനാവില്ലെന്നൊരു നിസ്സഹാവസ്ഥയും അവര്‍ പങ്കുവെക്കുന്നു.
'കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി പോരാടാന്‍ ബില്‍ക്കിസ് കാണിച്ച ധൈര്യമൊന്നും എനിക്കുണ്ടാകില്ല. ഞങ്ങള്‍ വരുന്ന വഴിക്കും ഭരണകക്ഷിയുടെ ഒരു വലിയ വാഹനവ്യൂഹത്തെ കണ്ടിരുന്നു. മകളെ മുറുക്കെ ചേര്‍ത്തുപിടിച്ചാണ് ഞാന്‍ നടന്നത്,' അവര്‍ പറഞ്ഞു.
ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ച സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ രണ്‍ദിക്പൂരിലെ നിരവധി മുസ്‌ലിം കുടുംബങ്ങളാണ് ഗ്രാമം വിട്ട് റാഹിമാബാദ് റിലീഫ് കോളനിയില്‍ അഭയം പ്രാപിച്ചത്.
'എന്റെ കുടുംബത്തോടും എന്റെ സഹോദരിയോടും നെറികേടുകാട്ടിയവര്‍ ഇപ്പോള്‍ സ്വതന്ത്രരായി നടക്കുകയാണ്. അവര്‍ മാര്‍ക്കറ്റുകളിലും മറ്റ് പൊതു ഇടങ്ങളിലും ആരേയും ഭയപ്പെടാതെ നടക്കുന്നു. പക്ഷേ അത് ഞങ്ങള്‍ക്ക് ഭയമാണ്. എല്ലാ ക്രൂരതകളും ചെയ്തവരെ വിട്ടയച്ചു. നിരപരാധികളായ ഞങ്ങള്‍ ഓരോ നിമിഷവും പേടിച്ചാണ് ജീവിക്കുന്നത്. ഒരു പരീക്ഷണത്തിന് വയ്യ. എന്റെ ഭാര്യയെയും കുഞ്ഞിനേയും കൂട്ടി ഞാന്‍ അവിടം വിട്ടു. എനിക്ക് വേറെ വഴിയില്ല,' ബില്‍ക്കിസിന്റെ ബന്ധുവായ യുവാവിന്റെ പ്രതികരണം ഇപ്രകാരമാണ്.
'ഈ കുട്ടികളില്‍ ഭൂരിഭാഗം പേരും ഇവിടെ ജനിച്ചവരാണ്' അവിടെ കൂടിയ കുട്ടികളെ ചൂണ്ടി അബുല്‍ റസാഖ് എന്നയാള്‍ പറയുന്നു. '74 വീടുകളുള്ള ഈ കോളനിയിലേക്ക് 2004ലാണ് ഞങ്ങള്‍ മാറുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, കാര്യങ്ങള്‍ ഒത്തുതീര്‍പ്പായി കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ പലരും രണ്‍ദിക്പൂരിലേക്ക് മടങ്ങിപ്പോയി. പുതിയ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെ. ബില്‍ക്കീസും അവളുടെ ധൈര്യവും തന്നെയാണ് ഇത് നല്‍കിയതും. എന്നാല്‍ കുറ്റവാളികള്‍ മോചിക്കപ്പെട്ടതോടെ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ തകര്‍ന്നിരിക്കുന്നു. അന്ന ഞങ്ങള്‍ കെട്ടിപ്പടുത്ത ഞങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും എല്ലാം നഷ്ടമായിരിക്കുന്നു. ഇനിയുമൊരു കലാപത്തിലൂടെ കടന്നു പോകാന്‍ ഞങ്ങളാരും ആഗ്രഹിക്കുന്നില്ല' ഇനിയും മറക്കാനാവാത്ത 2002ന്റെ ഭീകരമായ ഓര്‍മകളില്‍ റസാഖ് പറയുന്നു.
പ്രതികള്‍ പരോളിനായി നിരന്തരം ശ്രമങ്ങള്‍ ആരംഭിച്ചതു മുതല്‍ ബില്‍ക്കിസ് ബാനുവിനെതിരെ നടത്തിയ ആക്രമണത്തിലെ ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി ജാമ്യം നിഷേധിക്കാന്‍ ഹരജികള്‍ സമര്‍പ്പിച്ചിരുന്ന വ്യക്തിയായിരുന്നു അബ്ദുള്‍ റസാഖ്.
'എനിക്ക് ഒരു മകളാണ് ഉള്ളത്. നാലു പേരക്കുട്ടികളും ഉണ്ട്. അവരും പെണ്‍കുട്ടികളാണ്. ഇനിയും ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും അതിനായി അവര്‍ മറ്റുള്ളവരെ പ്രേരിപ്പിക്കില്ലെന്നും ഉള്ളതിന് എന്താണ് ഒരുറപ്പ്. ഞങ്ങള്‍ക്കിവിടെ ഒരു സുരക്ഷയുമില്ല' പ്രദേശവാസിയായ സബേരപട്ടേല്‍ തന്റെ ആധി പങ്കുവെക്കുന്നു.
ഒരു ഗര്‍ഭിണിയോട് ദയയില്ലാതെ പെരുമാറാന്‍ കഴിഞ്ഞവര്‍ക്ക് എന്റെ കൊച്ചുമക്കളോട് ദയയുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്ത് ധൈര്യത്തിലാണ് ഞാന്‍ ഇവരോടൊപ്പം ആ ഗ്രാമത്തില്‍ നില്‍ക്കേണ്ടത് അവര്‍ ചോദിക്കുന്നു. എനിക്കെന്റെ കുടുംബത്തെ വേണം..എനിക്ക് ജീവിക്കണം,സബേര ആവര്‍ത്തിക്കുന്നു.
പരോളിലിറങ്ങിയ സമയത്ത് കവലയില്‍ തര്‍ക്കമുണ്ടാക്കിയതിനെ തുടര്‍ന്ന് പ്രതികളായ രാധേശ്യാം ഷായ്ക്കും മിതേഷ് ഭട്ടിനുമെതിരെ 2017ല്‍ കേസ് കൊടുത്തത് സബേരയായിരുന്നു.
2002ലെ ഗുജറാത്ത് വംശഹത്യാ ഇരകളെന്നു പറയുമ്പോള്‍ നമുക്ക് മുന്നില്‍ ആദ്യമെത്തുന്ന മുഖമാണ് ബില്‍ക്കീസ് ബാനുവിന്റേത്. രണ്‍ദിക്പൂരിലായിരുന്നു അഞ്ച് മാസം ഗര്‍ഭിണിയായ ബില്‍ക്കീസിനെ, അവരുടെ കുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ വെച്ച് ഒരു സംഘം അതിക്രൂരമായി ബലാത്സംഗം ചെയ്തത്. തന്റെ മൂന്നു വയസ്സുള്ള മകളെ ഉള്‍പ്പെടെ ഏഴുപേരെയാണ് അന്ന് ബില്‍ക്കിസിന് നഷ്ടമായത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇവര്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്. തന്നെ ബലാത്സംഗം ചെയ്ത 11പേരെയും ബില്‍ക്കിസ് തടവിലാക്കി. മനുഷ്യരില്‍ നിന്നും അകന്ന് സ്വന്തമായി ഒരു മേല്‍വിലാസമില്ലാതെ കഴിഞ്ഞ 20വര്‍ഷമായി ബില്‍ക്കിസും കുടുംബവും ജീവിക്കുകയാണ്.
ഇതിനിടെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസിലെ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് പുറത്തുവന്നത്. പ്രതികളുടെ 'നല്ല നടപ്പ്' ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഇവരെ വെറുതെ വിട്ടത്.
പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ദഹോദിലെ മുസ്‌ലിം കുടുംബങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു.
മുറിവുകളെ ചേര്‍ത്തിണക്കി അവള്‍ പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നാണ് ഇത് കേട്ടപ്പോള്‍ ബില്‍ക്കിസിന്റെ ഭര്‍ത്താവ് യാക്കൂബ് റസല്‍ പട്ടേല്‍ പറഞ്ഞത്. 'ഇത്രയും ദൂരം വരാന്‍ എടുത്ത പ്രയത്‌നം അവള്‍ ഒരിക്കലും മറക്കില്ല. തളരില്ല എന്ന് തീരുമാനിച്ചതാണ്,' യാക്കൂബ് കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം സഹോദരന്‍ ടൂറിലാണെന്നും അദ്ദേഹത്തെ വിട്ടയച്ച നടപടിയില്‍ ആര്‍ക്കെങ്കിലും ഭയമോ അഭിപ്രായ വ്യത്യാസമോ ഉണ്ടെങ്കില്‍ അവര്‍ക്ക് നിയമത്തിന്റെ വഴി സ്വീകരിക്കാമെന്നാണ് പ്രതിയായ രാധേശ്യം ഷായുടെ സഹോദരന്റെ പ്രതികരണം.
വിട്ടയക്കപ്പെട്ട തന്റെ സഹോദരന്‍ ആരുടേയും ഒരു കാര്യങ്ങളിലും ഇടപെടാതെ സമാധാനപരമായി ജീവിക്കുകയാണെന്നാണ് കൂട്ടുപ്രതിയായ ശൈലേഷ് ഭട്ടിന്റെ കുടുംബത്തിന്റെ വാദം. ആഗസ്റ്റ് 15ന് പ്രതികള്‍ ഗ്രാമത്തിലെത്തിയതു മുതല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് രണ്‍ദിക്പൂര്‍ പൊലീസ് പറയുന്നത്.
ആയിരക്കണക്കിന് പേരുടെ നെഞ്ചകത്ത് ഭീതിയുടെ തിരിനാളമെരിയുമ്പോഴും തങ്ങളൊന്നുമറിഞ്ഞില്ലേ എന്നാണ് പൊലിസ് പറയുന്നത്. പ്രതികളെ വിട്ടയച്ച നടപടിയെ തുടര്‍ന്ന് മുസ്‌ലിം കുടുംബങ്ങള്‍ ഗ്രാമം വിടുന്ന സംഭവം പൊലിസ് അറിഞ്ഞിട്ടില്ല. മാത്രമല്ല ഗ്രാമം പതിവ് പോലെ ശാന്തമാണന്നും പൊലിസ് ചൂണ്ടിക്കാട്ടുന്നു.
കടപ്പാട് ഇന്ത്യന്‍ എക്‌സ്പ്രസ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."