സമൂഹമാധ്യമത്തിലിട്ട കുറിപ്പിന്റെ പേരില്‍ രാജ്യദ്രോഹിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ.ടി ജലീല്‍
തിരുവനന്തപുരം: കശ്മീര്‍ സന്ദര്‍ശനത്തിനിടെ സമൂഹമാധ്യമത്തിലിട്ട കുറിപ്പിന്റെ പേരില്‍ തന്നെ രാജ്യദ്രോഹിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ.ടി ജലീല്‍. ജവാഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ളവര്‍ പാക്ക് അധിനിവേശ കശ്മീരിനെ ആസാദ് കശ്മീര്‍ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. വര്‍ത്തമാന ഇന്ത്യയില്‍ ആരു പറയുന്നു എന്നല്ല എന്തു പറയുന്നു എന്നാണ് നോക്കുന്നത്. ചിലര്‍ പാക്കിസ്ഥാനിലേക്കു തനിക്കു ടിക്കറ്റുവരെ എടുത്തു.
കുറിപ്പില്‍ ഒരിടത്തും ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ എന്ന് ഉപയോഗിച്ചിട്ടില്ല. വര്‍ഗീയ ധ്രുവീകരണം ഉണ്ടാകാതിരിക്കാന്‍ കുറിപ്പ് പിന്നീട് പിന്‍വലിച്ചു. ഉമ്മയുടെ പിതാവ് മിലിട്ടറിയില്‍നിന്നു റിട്ടയര്‍ ചെയ്ത ആളാണ്. അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് വീണ്ടും മിലിട്ടറി സേവനത്തിനായി നിയോഗിക്കപ്പെട്ട ആള്‍ പിന്നീടു തിരിച്ചു വന്നിട്ടില്ല. പിതാവിന്റെ അച്ഛന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഇത്തരം ഒരു കുടുംബ പശ്ചാത്തലത്തില്‍ വരുന്ന തന്നെ രാജ്യദ്രോഹിയാക്കാന്‍ ശ്രമിക്കുന്നവരോട് പരിഭവമില്ല. രാജ്യത്തിന്റെ അഭിമാനമായ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ ചാനലില്‍ പാക് ചാരന്‍ എന്ന് വിളിച്ചവരാണ് സംഘ്പരിവാര്‍. സര്‍വകലാശാല നിയമഭേദഗതി ബില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."