സർവകലാശാലകളെ സർക്കാർ വിലാസം ഏജൻസികളാക്കുമ്പോൾ
പ്രൊഫ. റോണി കെ. ബേബി
കേരളത്തിലെ സർവകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ നിയമസഭയുടെ മുൻപിലേക്ക് എത്തുകയാണ്. സർവകലാശാലകളുടെ തലവനായ ചാൻസലർ പദവി വഹിക്കുന്ന ഗവർണറെ നോക്കുകുത്തിയാക്കി അധികാരങ്ങളെല്ലാം പിടിച്ചെടുക്കാൻ സർക്കാർ നിയമനിർമാണത്തിന് ഒരുങ്ങുന്നത് ഉന്നതവിദ്യാഭ്യാസമേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നതിൽ സംശയമില്ല. മികവിന്റെയും സ്വതന്ത്രചിന്തയുടെയും ഇടങ്ങളാകേണ്ട സർവകലാശാലകളെ സർക്കാർ വിലാസം ഏജൻസികളായി മാറ്റുന്നതിനാണ് ഗവർണർ തള്ളിക്കളഞ്ഞ ഓർഡിനൻസ് നിയമമാക്കി അടിച്ചേൽപ്പിക്കുന്നതിന് സർക്കാർ നീക്കം നടത്തുന്നത്.
സർവകലാശാല നിയമഭേദഗതി ബില്ലിലൂടെ വൈസ് ചാൻസലറെ തെരഞ്ഞെടുക്കാൻ ചാൻസലർ എന്ന നിലയിൽ ഗവർണരുടെ അധികാരം കവർന്നെടുക്കാനുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ തീരുമാനമാണ് നടപ്പാക്കപ്പെടുന്നത്. സർവകലാശാലയിലെ നിയമനങ്ങൾ കൈപ്പിടിയിൽ ഒതുക്കുന്നതിനും വരുതിയിൽ നിർത്തുന്നതിനുമാണ് സി.പി.എമ്മിന്റെ ശ്രമം. സ്വന്തക്കാരെ തിരുകിക്കയറ്റുന്നതുവഴി സ്വയംഭരണ സ്ഥാപനങ്ങളായ സർവകലാശാലകളിൽ ബാഹ്യനിയന്ത്രണമാണ് സി.പി.എം ആഗ്രഹിക്കുന്നത്. കാലിക്കറ്റ്, കണ്ണൂർ, സംസ്‌കൃത സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങളിൽ ഇഷ്ടക്കാരെയും പാർശ്വവർത്തികളെയും കുത്തിനിറക്കാനുള്ള സർക്കാരിന്റെ നീക്കത്തിനെതിരേ ഗവർണർ പരസ്യ വിമർശനം നടത്തിയിരുന്നു. പാർട്ടിക്കും സർക്കാരിനും കടുത്ത ക്ഷീണമുണ്ടാക്കുന്നതായിരുന്നു ഈ വിമർശനങ്ങളും വ്യാപകമായ ബന്ധു നിയമനകളെക്കുറിച്ച് പുറത്തുവന്ന വാർത്തകളും. ഇത്തരം വിമർശനങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഗവർണറുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്ന പുതിയ ബിൽ നിയമസഭയിൽ കൊണ്ടുവരുന്നത്.
തട്ടിക്കൂട്ട് ശുപാർശകൾ
സർവകലാശാലകളുടെ അധികാരങ്ങൾ ഗവർണറിൽ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കണമെന്ന അംബേദ്കർ സർവകലാശാല മുൻ വൈസ് ചാൻസലർ ശ്യാം ബി. മേനോൻ അധ്യക്ഷനായ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷൻ കഴിഞ്ഞ ദിവസം നൽകിയ ശുപാർശ ആവശ്യമുള്ള ചർച്ചകൾപോലും നടത്താതെ തിടുക്കപ്പെട്ട് സർക്കാർ നടപ്പാക്കുന്നതിന് പിന്നിൽ നിക്ഷിപ്ത താൽപ്പര്യങ്ങളുണ്ട്. നേരത്തെ എൻ.കെ ജയകുമാർ അധ്യക്ഷനായ നിയമ പരിഷ്‌കരണ കമ്മിഷനും വി.സി നിയമനത്തിൽ ഗവർണറുടെ അധികാരം കുറക്കാൻ ശുപാർശ ചെയ്തിരുന്നു. ഇതും സർക്കാർ ആയുധമാക്കുകയാണ്. സ്വകാര്യ സർവകലാശാലകൾക്കായി ബിൽ കൊണ്ടുവരണം, മലബാറിൽ കൂടുതൽ കോളജുകൾ വേണം തുടങ്ങി ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷന്റെ മറ്റു ശുപാർശകൾ കാറ്റിൽപ്പറത്തിയാണ് ഗവർണറുടെ ചിറകരിയാൻ മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ള നിയമനിർമാണവുമായി സർക്കാർ രംഗത്തുവന്നിട്ടുള്ളത്.
സ്വയംഭരണ അധികാരങ്ങൾ അട്ടിമറിക്കപ്പെടുന്നു
സർവകലാശാലകളുടെ സ്വയംഭരണവും വിശ്വാസ്യതയും ഉറപ്പാക്കാൻ ചാൻസലർക്ക് നൽകിയിട്ടുള്ള സവിശേഷ, വിവേചന അധികാരങ്ങൾ സുപ്രിംകോടതിയിലെയോ ഹൈക്കോടതിയിലെയോ സിറ്റിങ് ജഡ്ജിയെ അധ്യക്ഷനാക്കി രൂപീകരിക്കുന്ന ട്രൈബ്യൂണലിന് നൽകണമെന്ന ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ സമിതിയുടെ ശുപാർശകളും ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. 15 വർഷം പ്രവത്തനപരിചയമുള്ള ഹൈക്കോടതി അഭിഭാഷകൻ, വൈസ് ചാൻസലറുടേതിന് തുല്യമായ യോഗ്യതയുള്ള വിദ്യാഭ്യാസ വിചക്ഷണൻ എന്നിവരാണ് പുതുതായി രൂപംകൊള്ളാൻ പോകുന്ന ട്രൈബ്യൂണലിലുള്ളത്. ഇവരെ സർക്കാരാണ് നിയമിക്കുന്നത്. ഇതും രാഷ്ട്രീയനിയമങ്ങളായിരിക്കും എന്നതിൽ സംശയമില്ല. നിലവിൽ സർവകലാശാലകളിലെ എല്ലാ അപ്പീലുകളിലും അന്തിമവാക്ക് ഗവർണറായ ചാൻസലറുടേതാണ്. അടിയന്തരഘട്ടത്തിൽ സർവകലാശാലയിലെ ഏത് അധികാരിയെയും സസ്‌പെൻഡ് ചെയ്യാനും പിരിച്ചുവിടാനും ചാൻസലർക്ക് അധികാരമുണ്ട്. ഈ വിവേചനാധികാരങ്ങളെല്ലാം എടുത്തുമാറ്റാനാണ് ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ സമിതി ശുപാർശ നൽകിയിരിക്കുന്നത്. സർവകലാശാലകളിലെ അക്കാദമികവും ഭരണപരവുമായ കാര്യങ്ങളെക്കുറിച്ച് വിശദീകരണം തേടാനുള്ള അധികാരം പ്രോ ചാൻസലറായ വിദ്യാഭ്യാസ മന്ത്രിക്ക് നൽകാനും ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ സമിതി ശുപാർശ നൽകിയിട്ടുണ്ട്. നിലവിൽ വിദ്യാഭ്യാസ മന്ത്രിക്ക് സർവകലാശാലകളുടെ ഭരണത്തിൽ ഇടപെടാൻ അധികാരമില്ല. ഇതിൽ മാറ്റംവരുത്തി സർവകലാശാലകൾ പൂർണമായും രാഷ്ട്രീയവൽക്കരിക്കപ്പെടാൻ പോവുകയാണ് .
ലക്ഷ്യം രാഷ്ട്രീയവൽക്കരണം
സെർച്ച് കമ്മിറ്റിയിലെ ആദ്യത്തെ രണ്ടുപേരെ ഒഴിവാക്കി, ആരോഗ്യ സർവകലാശാലാ വൈസ് ചാൻസലറായി ഡോ. മോഹൻ കുന്നുമ്മലിനെ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിയമിച്ചത് സർക്കാരിന് തിരിച്ചടിയായിരുന്നു. കാലിക്കറ്റ്, കണ്ണൂർ, കാലടി സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിലും ഗവർണറും സർക്കാരും ഏറ്റുമുട്ടിയിരുന്നു. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം ചാൻസലറുടെ അധികാരം ഉപയോഗിച്ചാണ് ഗവർണർ മരവിപ്പിച്ചത്. സ്വജനപക്ഷപാതം താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് അരമണിക്കൂറിനുള്ളിലാണ് സമാനതകളില്ലാത്ത നടപടിയുമായി ഗവർണർ രംഗത്തെത്തിയത്. ചാൻസലർ എന്ന നടപടി ഉപയോഗിച്ചാണ് ഗവർണർ വളരെ പെട്ടെന്നുതന്നെ നിയമനം മരവിപ്പിച്ച് നടപടിയെടുത്തത്. കണ്ണൂർ വി.സിക്ക് അടക്കം കാരണം കാണിക്കൽ നോട്ടിസും അയച്ചിട്ടുണ്ട്.
സർവകലാശാലകളെ തങ്ങളുടെ നിയന്ത്രണത്തിൽ നിർത്താൻ ഗവർണർ തടസമാണെന്ന തിരിച്ചറിവിലാണ് അവയുടെ സ്വയംഭരണാധികാരങ്ങളെ പൂർണമായും തകർക്കുന്ന നിയമനിർമാണവുമായി സർക്കാർ രംഗത്തുവരുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന ഏകീകൃത സർവകലാശാല നിയമത്തെ എതിർത്തവരാണ് ഇപ്പോൾ പുതിയ നിയമനിർമാണവുമായി രംഗത്തുവന്നിരിക്കുന്നത് എന്ന വിരോധാഭാസം കൂടിയുണ്ട്. ഏകീകൃത സർവകലാശാല നിയമം അക്കാദമിക്, ഭരണ ഏകീകരണമാണ് ലക്ഷ്യംവച്ചിരുന്നതെങ്കിൽ പുതിയ നിയമം ലക്ഷ്യംവയ്ക്കുന്നത് സമ്പൂർണ രാഷ്ട്രീയവൽക്കരണമാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകർച്ചക്കാണ് പുതിയ നിയമനിർമാണത്തിലൂടെ കളമൊരുങ്ങുന്നതെന്ന് നിസ്സംശയം പറയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."