ഉണ്യാലിലുണ്ടായത് ആസൂത്രിത ആക്രമണം: കുഞ്ഞാലിക്കുട്ടി
തിരൂര്‍: ഉണ്യാലില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയുണ്ടായ ആക്രമണം ആസൂത്രിതവും മൃഗീയവുമാണെന്നു മുസ്ലിംലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഉണ്യാലില്‍ സി.പി.എം ആക്രമണത്തില്‍ തകര്‍ന്ന മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പോലും വടിവാളും കത്തിയും മറ്റു മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തിയത് ആസൂത്രിതമാണെന്നു വ്യക്തമാക്കുന്നതായി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തീരദേശവാസികള്‍ക്കു ജീവിക്കാനുള്ള സാഹചര്യവും സമാധാനവും ഉറപ്പുവരുത്തുന്ന കാര്യത്തില്‍ പൊലിസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. അക്രമത്തിനെതിരേ പൊലിസും ബന്ധപ്പെട്ട അധികൃതരും നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനു മുസ്ലിംലീഗ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമം നടക്കുമ്പോള്‍ ഉണ്യാലില്‍ സുരക്ഷയൊരുക്കാന്‍ പൊലിസ് തയ്യാറായിട്ടില്ല. ആക്രമണം ഉണ്ടായപ്പോള്‍ തന്നെ പൊലിസ് എത്തിയിരുന്നെങ്കില്‍ അക്രമത്തിന്റെ തീവ്രത കുറയുമായിരുന്നുവെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. പൈശാചിക രീതിയിലുള്ള ആക്രമണം ആസൂത്രിതമായിട്ടാണ് ഉണ്യാലില്‍ സി.പി.എം നടത്തിയതെന്നും വീടുകളെല്ലാം തകര്‍ത്തു തരിപ്പണമാക്കിയതായും നേതാക്കള്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളും കുട്ടികളും ഭയപ്പാടിലാണു കഴിയുന്നത്. ഉണ്യാലില്‍ അക്രമമുണ്ടായപ്പോള്‍ പേടിച്ചോടിയ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കു നേരെയാണ് ആലിന്‍ചുവട് വെച്ചു പൊലിസ് ആക്രമണം നടത്തിയതെന്നും നേതാക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."