ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂനിഫോം അടിച്ചേൽപ്പിക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം • വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേതരം യൂനിഫോം അടിച്ചേൽപ്പിക്കില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയിൽ കെ.കെ ശൈലജയുടെ സബ്മിഷനു മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാർഥി പ്രതിനിധികളും ആലോചിച്ച് ഉചിതമായ യൂനിഫോം തീരുമാനിക്കുകയാണ് വേണ്ടത്.
വേഷവിധാനം ആരുടെ മേലും അടിച്ചേൽപ്പിക്കുന്നത് സർക്കാർ നയമല്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തിൽ വ്യക്തികൾക്ക് സാമൂഹ്യകടമകൾക്ക് അനുസൃതമായി സർവസ്വാതന്ത്ര്യമുണ്ട്. യൂനിഫോം വിദ്യാലയ തലത്തിലാണ് തീരുമാനിക്കുക. ഇതിൽ സർക്കാർ പ്രത്യേക നിർദേശം പുറപ്പെടുവിച്ചിട്ടില്ല. അതിന് ഉദ്ദേശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുരോഗമന സ്വഭാവമുള്ള ഒരു വിജ്ഞാന സമൂഹ നിർമിതിയാണ് നമ്മുടെ ലക്ഷ്യം. സർക്കാരിന്റെ എല്ലാ പിന്തുണയും ഇതിനുണ്ടാകും.
സ്ത്രീ സമൂഹത്തിന് തുല്യതാബോധം എന്ന ലക്ഷ്യത്തോടെ നവോത്ഥാന പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചിരുന്നു. ഈ ലക്ഷ്യത്തിന് കടകവിരുദ്ധമായി അടുത്തകാലത്ത് കാണുന്ന ചില പ്രവണതകൾ നിരുത്സാഹപ്പെടുത്തേണ്ടവയാണ്.
തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ, സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ആൺകോയ്മ വ്യവസ്ഥ എന്നിവ സമൂഹ മനഃസ്ഥിതിയിൽ പരിവർത്തനമുണ്ടായാലേ മാറൂ.
ഇതിന് വിഘാതം നിൽക്കുന്ന പ്രസ്താവനകൾ ചില കേന്ദ്രങ്ങളിൽനിന്നുണ്ടാകുന്നത് നിർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."