ചീഫ് ജസ്റ്റിസ് രമണ: കരുണയും കാർക്കശ്യവും
ഡൽഹി നോട്സ്
കെ.എ സലിം
കാർക്കശ്യത്തെക്കാൾ സമ്പന്നമായ ഫലമുണ്ടാക്കുന്നത് കരുണയോടെയുള്ള നീതിയാണെന്ന് പറഞ്ഞത് എബ്രഹാം ലിങ്കനാണ്. ചീഫ് ജസ്റ്റിസ് പദവിയിൽ ജസ്റ്റിസ് എൻ.വി രമണ ഒരേസമയം കർക്കശക്കാരനും കാരുണാമയനുമായി. ഇന്ത്യൻ ജുഡീഷ്യൽ സംവിധാനത്തിന് പുതുവെളിച്ചം നൽകുന്ന നിരവധി വിധികളുമായാണ് എൻ.വി രമണ ഇന്ന് സുപ്രിംകോടതിയിൽ നിന്ന് പടിയിറങ്ങുക. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള പൊന്നാവരം ഗ്രാമത്തിലാണ് രമണയുടെ ജനനം. 1970കളിൽ വിദ്യാർഥിയായിരിക്കെ പൗരാവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി. കുറച്ചുകാലം ഈനാട് പത്രത്തിൽ മാധ്യമപ്രവർത്തകനായും പ്രവർത്തിച്ചു. കുട്ടിക്കാലത്തെ കഷ്ടപ്പാടുകളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും രമണ കോടതി മുറിയിലും അല്ലാതെയും അനുസ്മരിച്ചിട്ടുണ്ട്. രമണയുടെ വിധിയിലെല്ലാം സാധാരണക്കാരന്റെ സ്പർശമുണ്ടായിരുന്നു. അതെല്ലാം നീതിയുമായി പൊരുത്തപ്പെട്ടുപോകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.
സഹതാപം നീതിപോലെയുള്ള നിയമവും ദയ സത്യസന്ധതപോലെയുള്ള കടമയുമാണെന്നാണ് വിക്ടർ ഹ്യൂഗോയുടെ വാക്കുകൾ. ബലഹീനമായതിന് ശക്തിയുള്ളതിന്റെ ദയ ലഭിക്കാൻ അവകാശമുണ്ട്. നീതി തേടുന്നവർ അവസാന പ്രതീക്ഷയായാണ് ജുഡീഷ്യറിയിലേക്ക് നോക്കുക. അവിടെ നീതി കിട്ടിയിരിക്കണം. രമണ ചുമതലയേൽക്കുമ്പോൾ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് സുപ്രിംകോടതിയിലെ നാലു സിറ്റിങ് ജഡ്ജിമാർ തന്നെ വാർത്താസമ്മേളനം നടത്തിയതിന്റെ ബഹളത്തിൽനിന്ന് ജുഡീഷ്യൽ സംവിധാനത്തിന് രക്ഷപ്പെടാനായിട്ടുണ്ടായിരുന്നില്ല.
അമിത്ഷാ പ്രതിയായ ജസ്റ്റിസ് ലോയ കേസ് മുൻഗണനാക്രമം മറികടന്ന് അരുൺ മിശ്രയുടെ ബെഞ്ചിൽ ലിസ്റ്റ് ചെയ്തതിനെയാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിൽ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്‌ക്കെതിരേ നാലു ജഡ്ജിമാർ വാർത്താസമ്മേളനം നടത്തി അറിയിച്ചത്. കോടതിയിൽ എല്ലാം ശരിയല്ലെന്നും അസാധാരണമായതെല്ലാം നടക്കുന്നുവെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി. നാലു ജഡ്ജിമാർ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് അവിടെയെന്താണ് നടക്കുന്നതെന്ന രാജ്യമറിയണമെന്ന് പറയുന്നത് സുപ്രിംകോടതിയുടെ ചരിത്രത്തിലെ അസാധാരണ സംഭവമായിരുന്നു. ഈ നാലു ജഡ്ജിമാരിലൊരാളായ ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ചീഫ് ജസ്റ്റിസായ കാലത്ത് തന്നെ സുപ്രിംകോടതി വിവാദങ്ങളുടെ ശക്തമായ കേന്ദ്രമായി മാറി.
വിരമിച്ച ഗൊഗോയിക്ക് ബി.ജെ.പി രാജ്യസഭാംഗത്വം നൽകി. തൊട്ടുപിന്നാലെ വന്ന ചീഫ് ജസ്റ്റിസ് ബോബ്ദെ ഒന്നിനു പിറകെ ഒന്നായി വിവാദങ്ങളിലേക്ക് സഞ്ചരിച്ചു. സുപ്രിംകോടതിയിൽ അസാധാരണമായെന്തോ നടക്കുന്നെന്ന് സാധാരണ മനുഷ്യർ വിശ്വസിച്ചു തുടങ്ങിയ കാലം. ബാബരി കേസ് മുതൽ റാഫേലിലൂടെ വന്ന് കശ്മിരിലെ ഇന്റർനെറ്റ് നിരോധനം വരെയുള്ള അനവധി വിഷയങ്ങളിൽ വിധിയുണ്ടായ കാലം കൂടിയായിരുന്നു ഇതെല്ലാമെന്നോർക്കണം. ഈ പശ്ചാത്തലത്തിൽ നിന്നാണ് രമണ സുപ്രിംകോടതിയെ വീണ്ടും സാധാരണക്കാരന് പ്രതീക്ഷയുള്ളതാക്കിയത്. പെഗാസസ് കേസിലെ ആദ്യ ഉത്തരവ് തന്നെ രമണയുടെ നിലപാടിന്റെ തെളിവാണ്. പെഗാസസ് കേസിലെ രമണയുടെ വിധിന്യായം സുപ്രിംകോടതി നിലനിൽക്കുന്ന കാലത്തോളം ചരിത്രമോർക്കും. അഴിമതി മറച്ചുവയ്ക്കാൻ രാജ്യസുരക്ഷയുടെ ചാട്ടവാർ വീശിയാണ് റാഫേൽ കേസിൽ നിന്ന് കേന്ദ്രസർക്കാർ രക്ഷപ്പെട്ടത്. രാജ്യസുരക്ഷ പറഞ്ഞ് എപ്പോഴും ജുഡീഷ്യറിയുടെ പിടിയിൽനിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് പെഗാസസ് കേസിലെ വിധിന്യായത്തിൽ കേന്ദ്രത്തോട് രമണ പറഞ്ഞു.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ പെഗാസസ് ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയോ ഇല്ലയോ എന്ന കാര്യം വെളിപ്പെടുത്താൻ പറ്റില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. രാജ്യസുരക്ഷയെക്കുറിച്ച് സർക്കാർ പറയുന്നതുകൊണ്ട് മാത്രം പൗരൻമാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയ നടപടിയിൽ ജുഡീഷ്യറി നിശബ്ദ കാഴ്ച്ചക്കാരനായിരിക്കില്ലെന്നായിരുന്നു കോടതിയുടെ മറുപടി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതിനാൽ ചോദിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് കേന്ദ്രസർക്കാരിന് പറയാം. എന്നാൽ കോടതി തേടുന്ന വിവരങ്ങൾ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് രഹസ്യമായി സൂക്ഷിക്കേണ്ടവയാണെന്ന് കേന്ദ്രസർക്കാർ തെളിയിക്കണമെന്നും കോടതി പറഞ്ഞു. പെഗാസസിനെക്കുറിച്ച് അന്വേഷിക്കാൻ സ്വന്തമായി അന്വേഷണ സംഘം രൂപീകരിച്ച് കേന്ദ്ര സർക്കാരിനെയും അതിന്റെ നിയന്ത്രണത്തിലുള്ള ഡിപ്പാർട്ടുമെന്റുകളെയും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയാണ് രമണ കേന്ദ്രസർക്കാരിന്റെ ധാർഷ്ട്യത്തെ വെല്ലുവിളിച്ചത്.
തുടർന്നങ്ങോട്ട് കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടേണ്ടിയിടത്ത് ഏറ്റുമുട്ടാനും അനുനയപ്പെടേണ്ടിടത്ത് അനുനയപ്പെടാനും രമണ മടികാട്ടിയില്ല. വിനയത്തിന്റെയും സൗമ്യതയുടെയും ഭാഷയിലാണ് ജസ്റ്റിസ് രമണ സംസാരിക്കുക. പക്ഷേ, ആ വാക്കുകളിൽ ഇന്ത്യൻ ജനത വലിയൊരു പ്രതീക്ഷ കണ്ടിരുന്നു. രാജ്യത്തെ ട്രൈബ്യൂണലുകളിൽ നിയമനം നടത്താതെ ആ വ്യവസ്ഥയെത്തന്നെ ദുർബലമാക്കിയ കേന്ദ്ര സർക്കാരിനെ രമണ ശക്തമായ വിമർശനങ്ങൾകൊണ്ട് നേരിട്ടു. നിയമനം നടത്തിയില്ലെങ്കിൽ ട്രൈബ്യൂണൽ നിയമം തന്നെ സ്‌റ്റേ ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി. ഇതോടെ കേന്ദ്രത്തിന് ട്രൈബ്യൂണലുകളിൽ അംഗങ്ങളെ നിയമിക്കേണ്ടിവന്നു. ലേഖിംപൂർ സംഭവത്തിൽ ഇടപെട്ട രമണ അന്വേഷണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടുക മാത്രമല്ല തിരുത്തൽ നടപടികൾക്കായി ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തു. രാഷ്ട്രീയക്കാരുൾപ്പെട്ട ക്രിമിനൽക്കേസുകൾ തീർപ്പാക്കുന്നതിന് ആവശ്യത്തിന് പ്രത്യേക കോടതികൾ രൂപീകരിക്കാൻ നിർദേശിച്ചു. രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അത് സ്‌റ്റേ ചെയ്തു. ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകൾ അതിവേഗത്തിൽ നികത്താൻ നിലപാട് സ്വീകരിച്ചു.
സുപ്രിംകോടതിയിൽ കൂടുതൽ വനിതാ ജഡ്ജിമാരെ നിയമിച്ചു. താഹ ഫസൽ കേസിൽ, വിചാരണ തുടങ്ങാത്ത കേസിൽ യു.എ.പി.എ നിലനിൽക്കില്ലെന്ന ശ്രദ്ധേയ നിരീക്ഷണവും നടത്തി. ഭീകരസംഘടനയെ പിന്തുണയ്ക്കുകയോ അതിന്റെ ഭാഗമായിരിക്കുകയോ ചെയ്യുന്നതുകൊണ്ട് മാത്രം യു.എ.പി.എയുടെ 38,39 വകുപ്പുകൾ ചുമത്താൻ പറ്റില്ലെന്നും പറഞ്ഞു. ഭീമാ കൊറെഗാവ് കേസിൽ നിരോധിത സംഘടനകളെ പിന്തുണച്ചുവെന്നാരോപിച്ച് ആക്ടിവിസ്റ്റുകളെ സർക്കാർ വേട്ടയാടുന്ന കാലത്താണിത്. രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റിസായിരുന്ന സമയത്താണ് കുപ്രസിദ്ധമായ മുദ്രവച്ച കവറുകൾ രംഗപ്രവേശം ചെയ്തത്. റാഫേൽ വിമാന ഇടപാട്, അസം പൗരത്വപ്പട്ടിക തുടങ്ങിയ കേസുകളിലൊക്കെ വിവരങ്ങൾ മുദ്രവച്ച കവറിൽ തരാനാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ആവശ്യപ്പെട്ടത്. ഈ സംസ്‌കാരം അവസാനിപ്പിക്കുകയാണ് രമണ ചെയ്തത്. കോടതി വിധി എന്തിന്റെ അടിസ്ഥാനത്തിലാണെന്നറിയാനുള്ള പൗരസമൂഹത്തിന്റെ അവകാശത്തെ ഉയർത്തിപ്പിടിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. വിധിക്കടിസ്ഥാനമായ വിവരങ്ങൾ മൂടിവയ്ക്കപ്പെടുമ്പോൾ വിധിയിൽ ജനങ്ങൾക്കുള്ള വിശ്വാസ്യതയ്ക്കാണ് ഇളക്കം തട്ടുക.എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ വാക്‌സിൻ ഒന്നിച്ച് വാങ്ങി എല്ലാ സംസ്ഥാനങ്ങൾക്കും വിതരണം ചെയ്യാത്തതെന്ന് സുപ്രിംകോടതി ചോദിച്ചപ്പോൾ മറ്റൊരു പോംവഴിയുമില്ലാതെയാണ് സൗജന്യമായി വാക്‌സിൻ നൽകാനുള്ള തീരുമാനം കേന്ദ്ര സർക്കാറെടുത്തത്.
ഗൊഗോയിക്കെതിരായ ലൈംഗികാതിക്രമം അന്വേഷിക്കുന്ന സമിതിയിൽനിന്ന് ഗൊഗോയിയുടെ കുടുംബ സുഹൃത്തായ രമണയെ ഒഴിവാക്കണമെന്ന് പരാതിക്കാരിയായ പെൺകുട്ടി ആവശ്യപ്പെട്ടപ്പോഴായിരുന്നു ആദ്യമായി ജസ്റ്റിസ് രമണ വാർത്തകളിൽ നിറഞ്ഞത്. ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കുള്ള രമണയുടെ വരവിനെ സംശയത്തോടെ കണ്ടവരുണ്ടായിരുന്നു. ചീഫ് ജസ്റ്റിസായതിന് പിന്നാലെ ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി വലിയ ആരോപണമാണ് രമണയ്‌ക്കെതിരേ ഉന്നയിച്ചത്. ഈ ആരോപണങ്ങൾ പക്ഷേ, സുപ്രിംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളിക്കളഞ്ഞു.
1983 ഫെബ്രുവരി 10നാണ് രമണ അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. അഡീഷണൽ സ്റ്റാന്റിങ് കൗൺസലായും റയിൽവേ സ്റ്റാന്റിങ് കൗൺസലായും ആന്ധ്രാ സർക്കാരിന്റെ അഡീഷണൽ അഡ്വക്കറ്റ് ജനറലായും പ്രവർത്തിച്ചു. 2000 ജുൺ 27ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി. ഡൽഹി, ആന്ധ്രാപ്രദേശ് ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായി. 2014 ഫെബ്രുവരിയിൽ സുപ്രിംകോടതി ജഡ്ജിയായി. പെഗാഗസ്, ഹിജാബ് നിരോധനം, യു.എ.പി.എ കേസ്, രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത, 370ാം വകുപ്പ് റദ്ദാക്കൽ, ഇലക്ട്രൽ ബോണ്ട്, ഇ.ഡി ഡയരക്ടറുടെ കാലാവധി നീട്ടൽ, മഹാരാഷ്ട്ര രാഷ്ട്രീയത്തർക്കം, രാഷ്ട്രീയപ്പാർട്ടികളുടെ സൗജന്യങ്ങൾ തുടങ്ങി നിരവധി സുപ്രധാന കേസുകളാണ് ഇനിയും തീർപ്പാക്കാതെ കിടക്കുന്നത്. ഏതാനും വർഷങ്ങൾ കൂടുമ്പോൾ ഭരണാധികാരിയെ മാറ്റാം എന്നതുകൊണ്ടുമാത്രം ഏകാധിപതികൾ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താനാവില്ലെന്ന് ഒരിക്കൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു. രാജ്യത്തിന് ഒരു ചീഫ് ജസ്റ്റിസിന് നൽകാവുന്ന ഏറ്റവും ശക്തമായ മുന്നറിയിപ്പായിരുന്നു അത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."