ലഹരിയില്‍ കരിയുന്ന കൗമാരം
മൊഴി നല്കുമ്പോള് ആ പതിനേഴുകാരിയുടെ കണ്ണ് നിറഞ്ഞൊഴുകി; മഹ്സര്‍ തയാറാക്കുന്ന പൊലിസുകാരനും ഇടയ്ക്ക് കണ്ണീർ തുടയ്ക്കുന്നുണ്ടായിരുന്നു. ചൈല്ഡ്ലൈന് പ്രവര്‍ത്തകരുടെയും പ്രിയപ്പെട്ട ഗുരുനാഥന്റെയും മുന്നില്‍ അവള് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. ലഹരി വില്പനക്കാരായ മാതാപിതാക്കളുടെ പക്കൽ നിന്ന് ലഹരി തേടിയെത്തിയ ചിലരാണ് അവളോട് ആദ്യം ക്രൂരത കാട്ടിയത്. പിന്നീടുണ്ടായതൊക്കെ അവള് സഹിക്കുകയായിരുന്നു.
സ്കൂളില്‍ പോകാന്‍ ഭയപ്പെട്ടു. അധ്യാപകന് നിര്‍ബന്ധപൂര്‍വം സ്കൂളിലെത്തിച്ചപ്പോഴാണ് കൊടിയ പീഡ പുറംലോകത്തോട് അവള് വിളിച്ചുപറഞ്ഞത്.
തൃശൂര്‍-മലപ്പുറം അതിര്‍ത്തിയിലെ 17 കാരിയുടെ അനുഭവം ഒറ്റപ്പെട്ടതല്ല. ലഹരിയെന്ന മാരകവിപത്ത് കശക്കിയെറിഞ്ഞവരുടെയും സ്വയം നശിക്കുന്നവരുടെയും ജീവിതത്തിന്റെ ചോരപൊടിയുന്ന ഏടാണത്.
കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തുന്ന കേസുകള്‍ വര്‍ധിക്കുന്നതായാണ് എക്സൈസ് വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്. ഈ വര്‍ഷം ജൂണ്‍ വരെ ആറു മാസത്തിനിടെ 21 വയസിന് താഴെയുള്ളവര്‍ പ്രതികളായ 389 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2016 ജൂണ്‍ ഒന്നുമുതല്‍ ഇന്നുവരെ ലഹരിമരുന്ന് വില്പനയുമായി ബന്ധപ്പെട്ട് 30,869 കേസുകളാണ് കേരളത്തില്‍ എക്സൈസ് വകുപ്പ് മാത്രം രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 29,208 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 16,980 കേസുകളില്‍ പ്രതികളെ വിവിധ കോടതികള്‍ ശിക്ഷിച്ചു. 1,078 കേസുകളില്‍ തെളിവില്ലെന്ന കാരണത്താല്‍ പ്രതികളെ വിട്ടയച്ചു.
പ്രായപൂര്ത്തിയാകാത്തവരുൾപ്പെട്ട 215 കേസുകള്‍ പിടിക്കപ്പെട്ടു.
ഇവര്‍ക്ക് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിര്‍ദേശത്തില്‍ എക്സൈസ് വകുപ്പ് കൗണ്‍സലിങ് നല്‍കുന്നുണ്ട്. പിടിക്കപ്പെടുന്ന കുട്ടികള്‍ക്ക് പിഴയും ചുമത്തുന്നു. 2016 ജൂണ്‍ മുതല്‍ സ്കൂള്‍ കുട്ടികളില്‍ നിന്ന് മാത്രം ലഹരി പിടിക്കപ്പെട്ട 69 കേസുകളുണ്ട്. കാംപസുകളിലേക്ക് ലഹരി വരുന്ന വഴികളേതൊക്കെ.. അതേപ്പറ്റി നാളെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."