സ്റ്റാമ്പിലൊളിപ്പിച്ച ലഹരി ; ഗന്ധമില്ലാത്ത മിഠായികൾ
അശ്റഫ് കൊണ്ടോട്ടി
സ്‌കൂൾ ഉച്ചഭക്ഷണം കഴിച്ച് പാത്രം കഴുകുകയായിരുന്നു അധ്യാപികമാർ. ഇതിനിടയിലാണ് ശുചിമുറിക്ക് പിറകിൽ നിന്ന് സിഗരറ്റ് പുകച്ചുരുളുകൾ ഉയരുന്നതു കണ്ടത്. പന്തികേട് തോന്നി ചെന്നുനോക്കുമ്പോൾ രണ്ട് വിദ്യാർഥികൾ നിലത്ത് കിടക്കുന്നു. ഒരാൾ ചുണ്ടിൽ നിന്നെടുത്ത ബീഡി മറ്റൊരാൾക്ക് നൽകുന്നു. അധ്യാപികമാർ മുന്നിലെത്തിയിട്ടുപോലും തിരിച്ചറിയാനുള്ള ബോധം അവർക്കുള്ളിലെ ലഹരി കെടുത്തിക്കളഞ്ഞിരുന്നു. പിന്നീട് പൊലിസും എക്‌സൈസ് വകുപ്പും നടത്തിയ പരിശോധനയിൽ സ്‌കൂൾ മതിലിന്റെ വിടവുകളിൽ നിന്നടക്കം പിടിക്കപ്പെട്ടത് ചെറിയ പൊതികളിൽ സൂക്ഷിച്ച കഞ്ചാവ്. ഇത് മലപ്പുറത്തെ തീരദേശമേഖലയിലെ സ്‌കൂളിൽ നിന്നുള്ള കാഴ്ച.
കോഴിക്കോട്ടെ പ്രമുഖ സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്കും പത്താം ക്ലാസ് കഴിഞ്ഞിറങ്ങുന്നവർക്കും ഒരുമിച്ചൊരു യാത്രയയപ്പ്. സെന്റ്ഓഫ് പൊളിച്ചടുക്കുമെന്ന് വിദ്യാർഥികൾ. നിശാക്ലബ്ബ് പോലെ അവർ ക്ലാസ്മുറി അലങ്കരിച്ചു. പിന്നെ കാതടപ്പിക്കുന്ന ഡി.ജെ മ്യൂസിക്, മിന്നിത്തിളങ്ങുന്ന ലൈറ്റ്, താളംചവിട്ടുന്ന വിദ്യാർഥിക്കൂട്ടം... ആർക്കും ഒരു ക്ഷീണവുമില്ല. എന്തൊരു സ്റ്റാമിനയാണ് ഈ കുട്ടികൾക്ക്; പ്രധാനാധ്യാപികയുടെ ആത്മഗതം. എന്നാൽ അവർ ശരീരത്തിലേക്ക് വലിച്ചുകയറ്റിയ ലഹരിയെക്കുറിച്ച് മറ്റ് അധ്യാപകർ പറഞ്ഞപ്പോഴാണ് പ്രധാനാധ്യാപിക ഞെട്ടിയത്. അതിരുവിടുന്ന സെന്റോഫ് പാർട്ടികൾക്ക് അതോടെ സ്‌കൂൾ അധികൃതർ ഫുൾസ്റ്റോപ്പിട്ടു. സംസ്ഥാനത്ത് എൽ.പി തലം മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾ വരെ ലഹരിവസ്തുക്കൾ പ്രത്യക്ഷമായും പരോക്ഷമയും ഉപയോഗിക്കുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.
ക്ലാസിൽ മയങ്ങുന്ന വിദ്യാർഥികൾ
ക്ലാസിൽ അധ്യാപകൻ എന്ത് ചോദിച്ചാലും ഒരു പ്രതികരണവുമില്ലാതെ ചിലർ. ഉറക്കംതൂങ്ങിയ പ്രകൃതം. ഈ കുട്ടികളെന്താ ഇങ്ങനെ. സ്റ്റാഫ് റൂമിൽ, സഹപ്രവർത്തകരോട് ഒരധ്യാപകന്റെ ചോദ്യമാണിത്. തങ്ങളുടെ ക്ലാസുകളിലും ചിലർ ഇതേ സ്വഭാവക്കാരാണെന്ന് അവരും. പന്തികേട് മണത്ത ആ അധ്യാപകൻ ഉറക്കംതൂങ്ങികളായ കുട്ടികളെ അവരറിയാതെ നിരീക്ഷിക്കാൻ തുടങ്ങി. പല ക്ലാസുകളിലും ഉറക്കം തൂങ്ങുന്ന ഈ കുട്ടികളെല്ലാം സ്‌കൂൾവിട്ട് പോകുന്നത് ഒരുമിച്ച്. അവരുടെ കൈയിൽ ലൈറ്ററും തീപ്പെട്ടിയും കാണാറുണ്ടെന്ന് മറ്റു ചില കുട്ടികളുടെ സാക്ഷ്യം. ഒടുവിൽ ഇവരെ വിടാതെ പിന്തുടർന്ന അധ്യാപകൻ ചെന്നെത്തിയത് ലഹരി മാഫിയയുടെ മടയിൽ. രാവിലെ വീട്ടിൽനിന്ന് സ്‌കൂളിലേക്കെന്നു പറഞ്ഞിറങ്ങുന്ന വിദ്യാർഥികൾ ലഹരി മാഫിയയുടെ മരണവലയിലകപ്പെടുന്നത് രക്ഷിതാക്കൾ പേലും അറിയുന്നത് ഏറെ വൈകിയാണ്. അവരുടെ സ്വഭാവത്തിൽ വരുന്ന അസ്വാഭാവിക മാറ്റങ്ങൾ അധ്യാപകരാണ് ആദ്യം കണ്ടെത്തുന്നത്.
സ്‌കൂൾ
പരിസരത്തെ
ലഹരിക്കച്ചവടം
സ്‌കൂൾ പരിസരത്ത് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് കഴിഞ്ഞ ആറ് മാസത്തിനിടെ 612 പേർക്കെതിരേയാണ് പൊലിസ് കേസെടുത്തത്.18 വയസിൽ താഴെയുള്ളവർക്ക് പുകയില വിൽപ്പന നടത്തിയതിന് 1074 പേർക്കെതിരേയും കേസെടുത്തു. പാൻമസാല ഉൽപ്പന്നങ്ങളും സിഗരറ്റുകളും വിൽപ്പന നടത്തിയതിനാണ് നടപടി. സ്‌കൂൾ പരിസരത്ത് ഇവ വിൽപ്പന നടത്തുന്ന കടകളുടെ മറവിലാണ് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കലാലയങ്ങളിലേക്ക് എത്തുന്നത്. ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യംവച്ചെത്തുന്ന ലഹരി വസ്തുക്കളിലേക്ക് വിദ്യാർഥികളും ആകൃഷ്ടരാവുകയാണ്. ഈ ലഹരിയിൽ നിന്നാണ് എം.ഡി.എം.എ ഉൾപ്പെടെയുള്ള മറ്റു മാരക ലഹരികളിലേക്ക് വിദ്യാർഥികൾ നിലതെറ്റി വീഴുന്നത്.
മണമില്ലാത്ത ലഹരി
നിങ്ങളുടെ മക്കൾക്ക് സ്റ്റാമ്പ് ശേഖരിക്കൽ ഹോബിയുണ്ടോ. എങ്കിൽ ചിലരുടെയെങ്കിലും മേൽ ഒരു കണ്ണുണ്ടാവുന്നത് നല്ലതാണ്. കഞ്ചാവും മദ്യവും ഉപയോഗിച്ചവരെ ഗന്ധത്തിലൂടെ തിരിച്ചറിയാനാവുമെങ്കിൽ വിദ്യാർഥികളിൽ നിന്ന് കണ്ടെടുക്കുന്ന ഇപ്പോഴത്തെ ലഹരിക്ക് ഇവയൊന്നുമില്ല. മണിക്കൂറുകളോളം ലഹരി ശരീരത്തിൽ കിടക്കുമ്പോൾ ചെയ്യുന്ന പ്രവൃത്തികളിൽ അവൻ ഉന്മാദവനാവുകയും ചെയ്യും.
എൽ.എസ്.ഡി എന്നറിയപ്പെടുന്ന സ്റ്റാമ്പ് രൂപത്തിലുള്ള മയക്കുമരുന്നാണ് കാംപസുകളിൽ ഇപ്പോഴത്തെ താരം. ഒരു സ്റ്റാമ്പ് നാലായി മുറിച്ച് നാവിനടയിൽ വെച്ചാൽ മണിക്കൂറുകൾ നീളും അതിന്റെ ഉന്മാദലഹരി. മുംബൈയിൽ നിന്നെത്തുന്ന ഈ സ്റ്റാമ്പ് ലഹരി 400 രൂപയ്ക്ക് എത്തിച്ച് 2000 രൂപയ്ക്കാണ് മറിച്ചുവിൽക്കുന്നത്. ഇതിന്റെ പ്രധാന ഉപഭോക്താക്കളും വിദ്യാർഥികൾ തന്നെ.
കരിയർമാരാകുന്ന വിദ്യാർഥികൾ
ലഹരി വിൽപ്പനക്കാർ കരിയർമാരാക്കുന്നത് ഏറെയും വിദ്യാർഥികളെയാണ്. പണം കൈയിൽ വന്നാൽ എന്തും ചെയ്യുമെന്ന മനോഭാവമുള്ള, ഒറ്റപ്പെട്ടു നടക്കുന്നവരെ സ്‌കൂളുകളിൽ നിരീക്ഷിച്ച് കണ്ടെത്തും. ഇവർക്ക് ആദ്യം ഹാൻസും പാൻപരാഗും നൽകും. അതുകഴിഞ്ഞ് സിഗരറ്റ്. പിന്നെ കഞ്ചാവ്...
ആദ്യം സിഗരറ്റ് സൗജന്യമായി നൽകുമ്പോൾ അവൻ ആവശ്യക്കാരനായി മാറുന്നു. അപ്പോൾ സംഘം പണം ചോദിക്കും. അവൻ കൈമലർത്തും. എങ്കിൽ പത്ത് സിഗരറ്റ് വിറ്റാൽ ഒന്ന് നിനക്ക്. അവൻ കൂട്ടുകാർക്ക് വിറ്റുകൊണ്ടിരിക്കും. രസത്തിന് തുടങ്ങിയവർ പലരും നിത്യ ആവശ്യക്കാരായി. ഇതോടെ വിൽപ്പനക്കാരുടെ കമ്മിഷൻ ഏജന്റായി മാറി. വീട്ടുകാർ അറിയാതെ ആവശ്യങ്ങൾ സ്വന്തം നിറവേറ്റുന്നവനായി. പിടിക്കപ്പെടുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളെ വിവരം അറിയിക്കുമ്പോൾ കേസ് നൽകാനും പരാതിപ്പെടാനും ആരും മുന്നോട്ടുവരുന്നില്ല.
കരുനാഗപ്പള്ളിയിൽ എൻജിനീയറിങ് വിദ്യാർഥിയും ഗുരുവായൂരിൽ മുൻ കോളജ് യൂനിയൻ സെക്രട്ടറിയും കഞ്ചാവു വിൽപ്പനയ്ക്ക് പിടിയിലായത് അടുത്തിടെയാണ്. ബംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥികളിൽ ചിലർ ഖത്തറിലെ ജയിലിലായ കഥയും ഞെട്ടിക്കുന്നതാണ്.അതേക്കുറിച്ച് നാളെ;
മകന്റെ പഠനം ബംഗളൂരുവിൽ; വീട്ടിലേക്ക് വിളി എത്തിയത് ഖത്തർ ജയിലിൽ നിന്ന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."