സാന്വിയുടെ വര ലോകം
ഗിരീഷ് കെ. നായർ
കടലാസിനെ നോവിക്കാതെ പെൻസിൽ കൊണ്ടൊരു അടയാളമിട്ടു. കടലാസ് പല ദിശകളിലേക്ക് മാറുന്നുണ്ടെങ്കിലും ആദ്യമിട്ട അടയാളത്തെ ചുറ്റി നൃത്തം ചെയ്യുകയാണ് പെൻസിൽ. ആ നൃത്തം പല ഷേഡുകളുള്ള കറുപ്പുകളിലേക്ക് ഒഴുകിപ്പരന്നപ്പോൾ ഒരു പുരുഷമുഖം വെളിപ്പെട്ടു. പെൻസിൽ പിന്നെയും ഇടവരകളായി മുകളിലേക്ക് കടന്നെത്തുമ്പോൾ മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ മൂക്കും കശണ്ടിയുമെല്ലാം തെളിഞ്ഞുവന്നു. ദേവു എന്ന സാൻവി ഈ ലോകത്തെങ്ങുമല്ല. അവൾ കൈയിലെ നൃത്തം ചെയ്യുന്ന പെൻസിലിലൂടെ മനസിലെ എക്കാലത്തെയും എഴുത്തുകാരന്റെ മുഖാകാരം കടലാസിന് പകർന്നു നൽകുകയാണ്.
സാൻവിക്ക് വയസ് എട്ട്. കോഴിക്കോട് കുണ്ടായിത്തോട് സെന്റ് ഫ്രാൻസിസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി. സാൻവിയിലെ വരക്കാരിയെ നാടറിഞ്ഞത് ഇക്കഴിഞ്ഞ ബഷീർ ഓർമദിനത്തിലാണ്. സ്കൂളിൽവച്ച് ബാഗിലുണ്ടായിരുന്ന വരപ്പുസ്തകത്തിലെ ഒരു ചിത്രം അധ്യാപികമാരിലാരോ കണ്ടു. അവൾ വരച്ച ചിത്രങ്ങളിൽ മുഖഭാവങ്ങൾ സജീവമായിരുന്നു. കണ്ണുകളുടെ സൂക്ഷ്മത പ്രത്യേക സവിശേഷതയായി അധ്യാപികയ്ക്കു തോന്നി. വൈക്കം മുഹമ്മദ് ബഷീർ എന്ന സാഹിത്യസാമ്രാട്ടിനെ വരയ്ക്കാമോ എന്ന് സാൻവിയോടു ചോദിച്ചപ്പോൾ ആരെന്നറിയില്ലെങ്കിലും അവൾ തലയാട്ടി. വീട്ടിൽ വന്ന് അമ്മ വിദ്യയോടും മുത്തച്ഛൻ ബി.എസ്.എൻ.എൽ റിട്ട. ഉദ്യോഗസ്ഥനുമായ വേണുഗോപാൽ മേലേടത്തിനോടും കാര്യം പറഞ്ഞതോടെ അവർ ബഷീറിന്റെ ചിത്രം കാണിച്ചു. 15 മിനുട്ടിൽ ബഷീറിനെ കടലാസിലേക്ക് പകർത്തി സാൻവി അവരെ ഞെട്ടിച്ചു. പത്തു മുതൽ 30 മിനുട്ടുകൾക്കകം ഒരു മുഖം അവൾ കടലാസിലേക്ക് പകർത്തുന്നത് അത്ഭുതമാണ്. ബഷീർ ചിത്രം അധ്യാപകർക്കിഷ്ടമായി. അവരത് ബഷീർ ദിനത്തിൽ ബഷീറിന്റെ വീട്ടിലെത്തിച്ചു. മകൻ അനീസ് ബഷീർ സാൻവിയിൽനിന്ന് പിതാവിന്റെ ചിത്രം ഇരുകൈയും നീട്ടി സ്വീകരിച്ചത് സാൻവിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ്.
കാർട്ടൂൺ കഥാപാത്രങ്ങളായിരുന്നു അവൾക്ക് ആദ്യം വഴങ്ങിയത്. അതു ഗൗരവമേറിയ വരയല്ലെന്ന് തോന്നിയിട്ടാവാം അവൾ പെട്ടെന്ന് മനുഷ്യരുടെ മുഖഭാവങ്ങളിലേക്ക് തിരിഞ്ഞതെന്ന് അമ്മ വിദ്യ ഓർക്കുന്നു. ഒരു ചിത്രം അതേപടി പെൻസിൽ ഡ്രോയിങ്ങിലേക്ക് സാൻവി മാറ്റുന്നു. പലപ്പോഴും രാത്രി പത്തുവരെ പഠനം കഴിഞ്ഞാണ് വര. ചിലപ്പോൾ ടി.വി കാണുന്നതിനിടെ ഒരു ചിത്രം വരയ്ക്കണമെന്ന് നിർബന്ധം പിടിച്ച് മാറിയിരുന്ന് വരയ്ക്കുന്നതും നിത്യസംഭവമാണ്.
സ്ഥലസൗകര്യമൊന്നും വേണ്ട. കട്ടിലിലുൾപ്പെടെ എവിടെയിരുന്നും ചിത്രം വരയ്ക്കും. മുഖങ്ങൾ വരയ്ക്കുമ്പോൾ കണ്ണുകളുടെ ഭാവം, ചുണ്ടുകളുടെ സ്ഥിതി ഇവയ്ക്ക് അവൾ കൂടുതൽ ശ്രദ്ധ നൽകുന്നതായി കാണാം. മുഖം വരയ്ക്കുമ്പോൾ അവളെ ആകർഷിക്കുന്ന ഏതോ ഒരു ഭാഗത്ത് നിന്നാണ് രചന തുടങ്ങുക എന്നതും ശ്രദ്ധേയം. ഒട്ടുമിക്ക പ്രമുഖരുടെ ചിത്രങ്ങളും സാൻവി വരച്ചിട്ടുണ്ട്. ഗാന്ധിജി, ബഷീർ, മോഹൻലാൽ, മമ്മുട്ടി, ടൊവിനോ... വരച്ച ചിത്രങ്ങൾ സൂക്ഷിച്ചുവയ്ക്കുന്നതിൽ സാൻവിക്ക് ശ്രദ്ധയില്ലെന്ന് അമ്മ വിദ്യ പറയുന്നു. അതേചിത്രം അതിലേറെ മിഴിവോടെ വീണ്ടും വരയ്ക്കാനാകുമെന്ന് അവൾക്കു ബോധ്യമുള്ളതിനാലാണതെന്നാണ് വിദ്യ പറയുന്നത്. ഇനിയും വരയ്ക്കാമല്ലോ എന്ന മറുപടിയതിലുണ്ട്.
അവൾ വരച്ചുകൂട്ടുന്ന ചിത്രങ്ങളെല്ലാം വീട്ടുകാർ ഫയലുകളിലാക്കുകയാണ്. ഭിത്തിയിൽ വരയ്ക്കുക തുടങ്ങി കുട്ടിക്കളിയൊന്നും സാൻവിക്കില്ല. അച്ഛൻ അനിൽ അവൾക്ക് എട്ടുമാസം പ്രായമുള്ളപ്പോൾ അപകടത്തിൽ വിടപറഞ്ഞിരുന്നു. ചെറുവണ്ണൂർ ഗോകുലം വീട്ടിലാണ് ഈ കൊച്ചുചിത്രകാരി താമസിക്കുന്നത്. കളർ ചിത്രരചനയിലും ഒരുകൈ നോക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."