'പരസ്പരം കെട്ടിപ്പിടിച്ചു, പൊട്ടിക്കരഞ്ഞു' നോയിഡ ടവറുകള്‍ തകര്‍ത്ത നിമിഷം പങ്കുവെച്ച് എഞ്ചിനീയര്‍
ഡല്‍ഹി: 'ഞാന്‍ ബട്ടന്‍ അമര്‍ത്തി. ഒരു വലിയ ശബ്ദം മാത്രം കേട്ടു... കെട്ടിടത്തിലേക്ക് നോക്കിയപ്പോള്‍ അവിടെ ഒന്നുമില്ല, വെറും പൊടിപടലം മാത്രം'... ഞായറാഴ്ച ഉച്ചക്ക് 2.30 ന് രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ നോക്കിയ ഉത്തര്‍ പ്രദേശിലെ നോയിഡയിലെ ഇരട്ട കെട്ടിടങ്ങള്‍ തകര്‍ക്കുന്നതിനുള്ള ബട്ടന്‍ അമര്‍ത്തിയ എഞ്ചിനീയര്‍ പറയുന്നു. ചരിത്രത്തില്‍ വരച്ചിട്ട ആ നിമിഷം ഓര്‍ത്തെടുക്കുമ്പോള്‍ വല്ലാതെ വൈകാരികമാവുന്നുണ്ട് എഡിഫൈസ് എഞ്ചിനീയറായ ചേതന്‍ ദത്തയുടെ വാക്കുകള്‍. അനധികൃതമായി നിര്‍മിച്ച 100 മീറ്റര്‍ ഉയരമുള്ള ആ ബഹുനില കെട്ടിടം വെറും പത്ത് സെക്കന്റുകള്‍ കൊണ്ടാണ് തകര്‍ന്നുവീണത്.
'പൊടി പടലങ്ങള്‍ ശമിക്കാന്‍ ഞങ്ങള്‍ കാത്തുനിന്നില്ല..മുഖംമൂടി ധരിച്ച് ഞങ്ങള്‍ ആ സൈറ്റിന്റെ അകത്തേക്ക് പ്രവേശിച്ചു. സ്‌ഫോടനം വിജയകരമാണെന്ന് ഞങ്ങള്‍ക്ക് മനസിലായി. ആ നിമിഷം ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു'..അദ്ദേഹം പറഞ്ഞു.
'സ്‌ഫോടനം നടക്കുന്നതിന് അര മണിക്കൂര്‍ മുമ്പാണ് ഞങ്ങള്‍ സ്ഥലത്തെത്തിയത്. ഇരട്ടക്കെട്ടിടം പൊളിക്കാനായി സൈറണ്‍ മുഴക്കിയതിന് ശേഷം ടീമിലെ ആരും പരസ്പരം സംസാരിച്ചില്ല. ടെന്‍ഷനിലായിരുന്നു എല്ലാവരും- അദ്ദേഹം പറഞ്ഞു.
3,700 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുള്ള നിയന്ത്രിത സ്‌ഫോടനങ്ങളാണ് നോയിഡയില്‍ നടന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെ സ്‌ഫോടനത്തിലൂടെ കെട്ടിടം പൊളിക്കുന്നത്. കെട്ടിട നിര്‍മാണ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ടവറുകള്‍ പൊളിക്കാന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 31 നാണ് സുപ്രിംകോടതി ഉത്തരവിട്ടത്.
ചേതന്‍ ദത്ത പൊളിക്കുന്ന ആദ്യത്തെ റെസിഡന്‍ഷ്യല്‍ ടവറാണിത്. 2002 മുതല്‍ കെട്ടിടങ്ങള്‍ പൊളിക്കുന്ന ബിസിനസാണ് ചെയ്യുന്നത്. താപവൈദ്യുത നിലയങ്ങള്‍, ഖനികള്‍, മറ്റ് ഘടനകള്‍ എന്നിവ പൊളിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്‌ഫോടനത്തിന് മുമ്പ് സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കിയിരുന്നു. തെരുവ് നായ്ക്കളെ വരെ പ്രദേശത്ത് നിന്ന് മാറ്റിയിരുന്നു. സമീപത്തെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനുള്ള കാര്യങ്ങളും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."