കുരുങ്ങല്ലേ ലഹരിവലയിൽ
സ്വയം അവബോധം വളർത്തണം
ഗോപിനാഥ് മുതുകാട്
ലഹരി ഉപയോഗിച്ചതുകൊണ്ടുമാത്രം ആരും ഇന്ന് ലോകം കീഴടക്കിയിട്ടില്ല. ലഹരി കൊണ്ട് ആകാശത്തിന് മീതെ പറക്കാൻ കഴിയാതെ ജീവിതവിജയത്തിൽ ചിറകറ്റ് വീഴുക മാത്രമാണ് ചെയ്തത്. ലഹരിക്കെതിരേ ബോധവത്കരണം നടത്തിയത് കൊണ്ടായില്ല. ജീവിതത്തിൽ ലഹരി തൊടില്ലെന്നത് ഓരോരുത്തരുടെയുള്ളിലും അവബോധമായി വളരണം. ഈ അവബോധം ഓരോരുത്തരും മനസിൽ നട്ടുവളർത്തണം. എന്റെ ജീവിതത്തിൽ ഞാൻ എടുത്ത പ്രതിജ്ഞയാണ് ലഹരി തൊടില്ലെന്നത്. ഞാൻ ഡിഗ്രിക്ക് ശേഷം എൽ.എൽ.ബി വിദ്യാർഥിയായിരിക്കെ ബംഗളൂരുവിലെ കലാശിപ്പാളയം എന്ന സ്ഥലത്ത് ഹോട്ടലിൽ താമസിച്ചിരുന്നു. അവിടത്തെ മുഴുവൻ താമസക്കാരും വിദ്യാർഥികളാണ്. രാത്രിയായാൽ മദ്യവും കഞ്ചാവും. രാവിലെ പെൺകുട്ടികളുമായി കറക്കം. എന്നാൽ എന്റെയുള്ളിലെ അവബോധം എന്നെ ആ ഭാഗത്തേക്ക് അടുപ്പിച്ചില്ല. ജീവിതത്തിൽ ലഹരി തൊടില്ലെന്ന തീരുമാനം ഇന്നും തുടർന്നുപോരാനും അതുവഴി ലഹരിക്കെതിരേ രാജ്യത്തുടനീളം ബോധവൽക്കരണം നടത്താനും ഇന്നും കഴിയുന്നു. കൊച്ചു കുഞ്ഞുങ്ങൾവരെ ലഹരിക്ക് അടിമകളാവുന്നു എന്ന് കേൾക്കുമ്പോൾ വല്ലാത്ത വേദനയാണ്. ഈ വിപത്തിനെ ഓരോരുത്തരും ദൃഢപ്രതിജ്ഞയെടുത്ത് തുരത്തണം.
ബോധവൽക്കരണം
സിലബസിൽ ഉൾപ്പെടുത്തണം
റഷീദ് ഫൈസി
വെള്ളായിക്കോട്
ലഹരി മനുഷ്യന്റെ നാശത്തിന് വഴിയൊരുക്കുന്ന മാരക വിഷമാണ്. അതുകൊണ്ട് മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചെങ്കിൽ മാത്രമേ വിദ്യാർഥി സമൂഹത്തെ ഈ മഹാവിപത്തിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളൂ. എസ്.കെ.എസ്.എസ്.എഫ് ലഹരിക്കെതിരേ ശക്തമായ ബോധവൽക്കരണ പദ്ധതികളുമായി മുന്നേറുകയാണ്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന യാത്ര കാംപസുകൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണം നടത്തുന്നു. ബോധവൽക്കരണത്തിന് ആവശ്യമായ പാഠ്യപദ്ധതികൾ സിലബസിൽ ഉൾപ്പെടുത്തുക, കാംപസുകൾ കേന്ദ്രീകരിച്ച് ലഹരിവിൽക്കുന്ന മാഫിയകളെയും ഉപയോഗിക്കുന്ന വിദ്യാർഥികളെയും നിയന്ത്രിക്കാനാവിശ്യമായ മാതൃകാ നിയമനിർമാണം നടത്തുക, എല്ലാ ലഹരി വസ്തുക്കളെയും നിരോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എസ്.കെ.എസ്.എസ്.എഫ് മുന്നോട്ടുവയ്ക്കുന്നത്. ശക്തമായ നിയമ നടപടികളുണ്ടെങ്കിൽ ഒരിക്കൽ തെറ്റു ചെയ്തവനെ പിന്നീട് ആ തെറ്റിലേക്ക് നയിക്കില്ല. ഉൗർജിത ഇടപെടലാണ് സർക്കാർതലത്തിൽ വേണ്ടത്.
(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി)
ശക്തമായ
നിയമനിർമാണം വേണം
പി.കെ നവാസ്
സ്‌കൂൾ, കോളജ് തലങ്ങളിൽ കാൻസറായി പടരുകയാണ് ലഹരി. ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾപോലും അവരറിയാതെ ലഹരിയുടെ അടിമകളും കരിയർമാരുമാവുകയാണ്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ അത്യാവശ്യമാണ്. നിലവിൽ, കുറഞ്ഞ അളവിൽ ലഹരി പിടിച്ചാൽ പൊലിസ് സ്‌റ്റേഷനിൽനിന്നുതന്നെ ജാമ്യം ലഭിക്കും. ഇതു ലഹരി വിൽപ്പനക്കാർക്ക് ആശ്വാസമാണ്. ഈ നിയമം മാറണം. കുറേക്കൂടി കർശന നിയമം കൊണ്ടുവന്നേ മതിയാകൂ. ചെറുമീനുകളെ പിടികൂടി കേസ് അവസാനിപ്പിക്കാതെ യാഥാർഥ പ്രതികളിലേക്ക് അന്വേഷണം എത്തണം. ലഹരിക്കെതിരേയുള്ള അവബോധം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. ഹൈസ്‌കൂൾതലംവരേയുള്ള കുട്ടികൾക്ക് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലകേരളം എന്ന പേരിൽ ഈ ഓണാവധിക്കാലത്ത് സംഗമം നടത്തുന്നുണ്ട്. ലഹരിക്കെതിരേയുള്ള ബോധവൽക്കരണമാണ് പ്രധാന അജൻഡ. ഹയർസെക്കൻഡറി മേഖലയിൽ ലഹരിവിരുദ്ധ കാംപയിനുകളും എം.എസ്.എഫ് ആരംഭിച്ചിട്ടുണ്ട്.
(എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്)
കാംപസുകളിൽ ഇടപെടൽ നടത്തും
കെ. അനുശ്രീ
കലാലയങ്ങളിൽ പടരുന്ന ലഹരി വിപത്തിനെതിരേ എസ്.എഫ്.ഐ സംസ്ഥാനതല കാംപയിൻ അടുത്ത ദിവസം മുതൽ ആരംഭിക്കുകയാണ്. ലഹരിയുടെ ദൂഷ്യവശങ്ങൾ വിദ്യാർഥികളെ ബോധ്യപ്പെടുത്താൻ അധ്യാപകർ, രക്ഷിതാക്കാൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ബോധവൽക്കരണം. സ്‌കൂളുകളിൽ ലഹരിയെത്തുന്ന വഴികളാണ് ആദ്യം ഇല്ലാതാക്കേണ്ടത്. ലഹരിമാഫിയ പിടിമുറുക്കിയ സ്‌കൂൾ പരിസരങ്ങളിൽ കർശന ഇടപെടൽ നടത്തും. ലഹരിക്കെണിയിൽ കുടുങ്ങിയ വിദ്യാർഥികൾ, ഇതിലേക്ക് അടുത്തു കൊണ്ടിരിക്കുന്നവർ എന്നിവർക്ക് കൗൺസലിങ് നൽകും. ലഹരിമരുന്നുകൾ എങ്ങനെ ആരോഗ്യം തകർക്കുന്നുവെന്ന് ചെറിയ ക്ലാസുകളിൽ തന്നെ കുട്ടികളെ ബോധ്യപ്പെടുത്തും. ലഹരി നൽകി വിദ്യാർഥികളെ കെണിയിൽ വീഴ്ത്തുന്ന സംഘത്തിന്റെ തായ്‌വേര് അറുക്കുന്ന നടപടികളും എസ്.എഫ്.ഐ ഏറ്റെടുക്കും.
(എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്)
സർക്കാർ കാര്യക്ഷമമായി ഇടപെടണം
കെ.എം അഭിജിത്
സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്തായ ലഹരി ഇന്നിന്റെ യുവത്വത്തെയാണ് കാർന്നുതിന്നുന്നത്. ഇതുവഴി നാളത്തെ പ്രതീക്ഷകളെയാണ് തല്ലിക്കെടുത്തുന്നത്. ലഹരിക്കുവേണ്ടി വിദ്യാർഥികളെ ബോധവൽക്കരിച്ചത് കൊണ്ട് മാത്രമായില്ല. ഈ മാഫിയയെ പിടിച്ചുകെട്ടാൻ സർക്കാർ നടപടികൾ കാര്യക്ഷമമാക്കണം. അറിഞ്ഞോ അറിയാതയോ ആണ് സ്‌കൂൾതലം മുതലുള്ള കുട്ടികൾ ലഹരിവലയിൽ വീഴുന്നത്. ഇതിനെതിരേ വിദ്യാർഥികളിൽ അവബോധം വളർത്തുന്ന ക്രിയാത്മക നടപടികളാണ് കെ.എസ്.യു ആവിഷ്‌കരിക്കുന്നത്. സർക്കാർ, വിദ്യാർഥി പ്രതിനിധികൾ, അധ്യാപക സംഘടനകൾ, ലഹരിക്കെതിരേ പ്രവർത്തിക്കുന്ന രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകൾ എന്നിവരെയെല്ലാം ബോധവൽക്കരണത്തിന്റെ ഭാഗമാക്കണം. ലഹരിക്കെതിരേ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കെ.എസ്.യു പിന്തുണ നൽകും. മറ്റു വിദ്യാർഥി സംഘടനകളുമായും ഈ വിഷയത്തിൽ യോജിച്ചു പ്രവർത്തിക്കും.
(കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് )
പ്രത്യേക സ്ക്വാഡ്
രൂപീകരിക്കും
ആർ.എസ് രാഹുൽ
സ്‌കൂളുകളിലും കോളജുകളിലും പിടിമുറുക്കിയ ലഹരിമാഫിയക്കെതിരേ ഈ മാസം 31 മുതൽ എ.ഐ.എസ്.എഫ് യൂണിറ്റ് തലങ്ങളിൽ കാംപയിനുകൾക്ക് തുടക്കം കുറിക്കും. വിദ്യാലയങ്ങളിൽ തുടർച്ചയായി ലഹരിവിരുദ്ധ കാംപയിനുകൾ നടത്തിയതുകൊണ്ടുമാത്രം കാര്യമില്ല. ലഹരിമാഫിയയുടെ അവസാന കണ്ണിയിലേക്കുവരെ അന്വേഷണം എത്തണം. പൊലിസ്, എക്സൈസ് വകുപ്പുകളെ ഈ രീതിയിൽ സജ്ജമാക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തും. കാംപസുകളിൽ ലഹരിവിൽപ്പന നടത്തുന്നവരെ നിരീക്ഷിക്കും. ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ വിദ്യാർഥികളെ ഉൾപ്പെടുത്തി പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിടാതെ എക്‌സൈസ്, പൊലിസ് സംവിധാനം ഉപയോഗിച്ച് നിയമ നടപടികൾ എടുപ്പിക്കും.
(എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്)
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."