ഗുജറാത്ത് വംശഹത്യ, ബാബരി മസ്ജിദ് തകര്‍ക്കല്‍: ഇടപെടല്‍ ആവശ്യപ്പെട്ടുള്ള മുഴുവന്‍ ഹരജികളിലും നടപടികള്‍ അവസാനിപ്പിച്ച് സുപ്രിം കോടതി; കേസുകള്‍ നിഷ്ഫലമായെന്ന് കോടതി
ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യ, ബാബരി മസ്ജിദ് തകര്‍ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇടപെടല്‍ ആവശ്യപ്പെട്ടുള്ള മുഴുവന്‍ ഹരജികളിലും നടപടികള്‍ അവസാനിപ്പിച്ച് സുപ്രിം കോടതി. കേസുകള്‍ നിഷ്ഫലമായെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
ബാബരി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതിയലക്ഷ്യ നടപടികളാണ് കോടതി അവസാനിപ്പിച്ചത്. നിലവില്‍ ഹരജിക്ക് പ്രസക്തി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മസ്ജിദ് തകര്‍ക്കുന്നത് ഉദ്യോഗസ്ഥര്‍ തടഞ്ഞില്ലെന്നായിരുന്നു ഹരജി. 30 വര്‍ഷം മുമ്പുള്ള ഹരജിയാണ് തീര്‍പ്പാക്കിയത്. 2019 നവംബര്‍ ഒമ്പതിന് അയോധ്യ രാമജന്മഭൂമി ബാബരി മസ്ജിദ് കേസിലെ വിധി വന്ന സാഹചര്യത്തിലും ഹരജിക്കാരന്‍ മരിച്ചതിനാലും കോടതിയലക്ഷ്യ ഹരജിയിലെ നപടികള്‍ അപ്രസക്തമായെന്നാണ് തീര്‍പ്പ് കല്‍പ്പിച്ച് കോടതി പറഞ്ഞത്. യുപി സ്വദേശി മുഹമ്മദ് അസ്‌ലം ഭൂരെയാണ് സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
ബാബരി മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് അയോധ്യയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് ലംഘിച്ചാണ് 1992 ഡിസംബര്‍ ആറിന് മസ്ജിദ് തകര്‍ത്തത്. സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നതിലും പള്ളി പൊളിക്കുന്നത് തടയുന്നതിലും ഉത്തര്‍പ്രദേശ് സര്‍ക്കാരും ഉദ്യോഗസ്ഥരും പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് മുഹമ്മദ് അസ്‌ലം സുപ്രിംകോടതിയില്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തത്.
1992ല്‍ കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ച അസ്‌ലം 2010ല്‍ മരിച്ചു. ഇതോടെ ഹരജിക്കാരന് പകരം അമിക്കസ് ക്യൂറിയെ നിയമിക്കണമെന്ന അഭിഭാഷകനായ എം.എം കശ്യപിന്റെ ഹരജി സുപ്രിംകോടതി തള്ളിയിരുന്നു.
ഇതോടൊപ്പം, ഗുജറാത്തില്‍ 2002ലെ ഗോധ്രാനന്തര വര്‍ഗീയ കലാപത്തിന്മേലുള്ള എല്ലാ നടപടികളും സുപ്രിംകോടതി അവസാനിപ്പിച്ചു. കോടതി ഉത്തരവുകള്‍ പ്രകാരം പ്രത്യേക അന്വേഷണ സംഘം പ്രോസിക്യൂട്ട് ചെയ്ത ഒമ്പത് പ്രധാന കേസുകളില്‍ എട്ടെണ്ണത്തിലും വിചാരണ പൂര്‍ത്തിയായതാണെന്നും കാലക്രമേണ കേസുകള്‍ നിഷ്ഫലമായതായും കോടതി പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."