വാജ്പേയ് മുതല്‍ മോദി വരെ; ഭരണകൂടവും പ്രതിപക്ഷവും
അഡ്വ. കെ. ത്വഹാനി
അധികാരത്തിലുള്ളവര്‍ പ്രതിപക്ഷത്തോട് എങ്ങനെ പെരുമാറണം? അടിയന്തരാവസ്ഥയുടെ ഹ്രസ്വ കാലമൊഴിച്ചാല്‍ ഇന്ത്യയില്‍ പ്രതിപക്ഷത്തിന് അതിന്റേതായ വിലയും മൂല്യവും സര്‍ക്കാരുകള്‍ നല്‍കിയിട്ടുണ്ട്. ഭരണാധികാരികള്‍ മാറിവന്നപ്പോഴും ആ രീതിക്ക് കാര്യമായ മാറ്റമുണ്ടായിട്ടില്ല. മോദിക്ക് മുന്നേ ബി.ജെ.പി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്ത് പോലും പ്രതിപക്ഷത്തെ പൂര്‍ണമായും തള്ളിയ ഭരണനിര്‍വഹണം ഉണ്ടായിട്ടില്ല. വിനയ് സീതാപതിയുടെ JUGALBANDI: THE BJP BEFORE MODI എന്ന പുസ്തകത്തില്‍ വാജ്പേയിയെക്കുറിച്ച് ജസ്വന്ത് സിങ്ങിന്റെ മകന്‍ മാനവേന്ദ്രസിങ് അനുഭവം പങ്കിടുന്നുണ്ട്. 'ഇറാഖ് യുദ്ധ കാലത്ത് ബാഗ്ദാദിലേക്ക് ഇന്ത്യന്‍ സേനയെ അയക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി അദ്വാനിയും പ്രതിരോധമന്ത്രി യശ്വന്ത് സിന്‍ഹയും സേനയെ അയക്കണമെന്ന നിലപാടെടുത്തു. ഇടത് എം.പിമാര്‍ പ്രധാനമന്ത്രി വാജ്പേയിയെ കണ്ട് സേനയെ അയക്കരുതെന്ന് അഭ്യര്‍ഥിച്ചു. എതിര്‍പ്പ് തെരുവില്‍ കാണിക്കൂ എന്നായിരുന്നു വാജ്പേയിയുടെ പ്രതികരണം. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് ചൂണ്ടിയാണ് സൈന്യത്തെ അയക്കാനാകില്ലെന്ന് വാജ്പേയി നിലപാടെടുത്തത്'. നെഹ്റുവിന്റെ കാലം മുതല്‍ പാര്‍ലമെന്റിന്റെ ഭാഗമായിരുന്ന വാജ്പേയിക്ക് അത്തരം മൂല്യങ്ങള്‍ കൈയൊഴിയാനാകുമായിരുന്നില്ല. അല്ലെങ്കില്‍ അത്തരം മൂല്യങ്ങള്‍ അനിവാര്യമായും പാലിക്കേണ്ട സാമൂഹ്യസമ്മര്‍ദം വാജ്പേയിക്ക് മേലുണ്ടായിരുന്നു എന്ന് പറയാം. ഹിന്ദുത്വവാദിയായ വാജ്പേയിക്കു പോലും മുറിച്ചുകടക്കാന്‍ കഴിയാത്ത ജനാധിപത്യമൂല്യങ്ങളുടെ സമ്മര്‍ദമാണത്.
എന്നാല്‍ സര്‍ക്കാരിനെതിരേ വലിയ വെളിപ്പെടുത്തലുകള്‍ നടത്തിയ മാധ്യമങ്ങളെ വാജ്പേയി ഭരണകൂടം നിര്‍ദയം കൈകാര്യം ചെയ്തതിനെക്കുറിച്ചും ഈ പുസ്തകം പറയുന്നുണ്ട്. ആയുധ ഇടപാടുകളിലെ ഇടനിലക്കാരെ പുറത്തുകൊണ്ടുവന്ന തെഹല്‍ക ഒളികാമറ ഓപറേഷനു പിറകെയായിരുന്നു വേട്ട. 'ഔട്ട്‌ലുക്, തെഹല്‍ക തുടങ്ങിയ മാധ്യമങ്ങള്‍ വാജ്പേയി സര്‍ക്കാരിനെ വളഞ്ഞു. ഇതോടെ ബി.ജെ.പി ഭരണകൂടം മാധ്യമ ഉടമകളെ പീഡിപ്പിക്കാന്‍ തുടങ്ങി. 12 നഗരങ്ങളിലെ 120 മാധ്യമ ഓഫിസുകള്‍ ഇന്‍കം ടാക്സ് റെയ്ഡ് ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫിസ് നിയന്ത്രിച്ച ബ്രജേഷ് മിഷ്രയെ കണ്ട് മാപ്പ് പറയാന്‍ മാധ്യമ ഉടമകളെ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു'. ഇ.ഡി വേട്ടയുടെ കാര്യത്തില്‍ മോദിയുടെ യഥാര്‍ഥ മാര്‍ഗദര്‍ശി വാജ്പേയ് ആണെന്ന് വേണെങ്കില്‍ പറയാം.
വാജ്പേയ് ഭരണത്തിന് ശേഷം ഒരു പതിറ്റാണ്ട് കൂടി കഴിഞ്ഞ് മോദി എത്തുമ്പോള്‍ ഭരണകൂടത്തിന്റെ മര്‍ദനോപകരണങ്ങള്‍ കൂടുതല്‍ ശക്തിയോടെ ഉപയോഗിക്കുന്നതാണ് കാണുന്നത്. ജനാധിപത്യമോ പ്രതിപക്ഷ ബഹുമാനമോ മോദിയെ ഒന്നില്‍ നിന്നും തടയുന്നില്ല. എതിരായ എന്തിനെയും തകര്‍ത്തുകളയുക എന്നതാണ് നയം. സുപ്രിംകോടതി ഉത്തരവിന്റെ ബലത്തില്‍ പരമാധികാരം ഇ.ഡിക്ക് നല്‍കി. പ്രതിപക്ഷ ശബ്ദത്തിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നല്ല ബോധ്യം ഇപ്പോഴുണ്ട്. മാധ്യമപ്രവര്‍ത്തകരായ സിദ്ദീഖ് കാപ്പന്റെ അനന്തമായ ജയില്‍ വാസവും മുഹമ്മദ് സുബൈറിന്റെ അറസ്റ്റും കൂട്ടത്തില്‍ ചിലത് മാത്രം.
മോദി ഭക്തര്‍ പൊതുനിരത്തില്‍വച്ചാണ് മാധ്യമപ്രവർത്തകൻ രാജ്ദീപ് സര്‍ദേശായിയെ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമാക്കിയത്. മുതിര്‍ന്ന സുപ്രിംകോടതി അഭിഭാഷകനെ ഓഫിസില്‍ കയറി ആക്രമിച്ചു. കേന്ദ്ര ഏജന്‍സികളെയും മടിത്തട്ട് മാധ്യമങ്ങളെയും ഉപയോഗിച്ച് സൃഷ്ടിച്ച ഭയം മൂലധനമാക്കി പ്രതിപക്ഷ ശബ്ദങ്ങളെയെല്ലാം മോദി ഭരണകൂടം മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. സ്വാഭാവികമായും പ്രതിപക്ഷ പാര്‍ട്ടികള്‍ ചരിത്രത്തിലെ ഏറ്റവും വലിയ നിലനില്‍പ്പ് പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ ഏതുവിധേനയും കേസുകള്‍ കുത്തിപ്പൊക്കി വിവാദങ്ങളില്‍ കെട്ടിയിടുന്നതാണ് സര്‍ക്കാരിന്റെ രീതി.
മമതാ ബാനര്‍ജിയും ഹേമന്ദ് സോറനും തേജസ്വി യാദവുമെല്ലാം അന്വേഷണ ഏജന്‍സികളോട് നിരന്തരം മറുപടി പറയേണ്ടിവരുന്നത് പ്രതിപക്ഷ പ്രവര്‍ത്തനം അസാധ്യമാക്കാനുള്ള മോദി സര്‍ക്കാരിന്റെ തന്ത്രമാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന പോലെയാണ് ഉദ്യോഗസ്ഥ സംവിധാനം. വേട്ടനായ്ക്കളെന്ന പോലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അവരുടെ നേതാക്കള്‍ക്കുമെതിരേ ഏജന്‍സികള്‍ ചാടിവീഴുന്നു. രാഹുല്‍ഗാന്ധിയെ 55 മണിക്കൂര്‍ ഇ.ഡി ചോദ്യം ചെയ്തതും ലോകശ്രദ്ധ നേടിയ ഡല്‍ഹിയിലെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ അമരക്കാരന്‍ മനീഷ് സിസോദിയയുടെ വീട്ടിലെ സി.ബി.ഐ റെയ്ഡും കൂട്ടത്തില്‍ ചിലത് മാത്രം. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന നീക്കങ്ങൾ മാധ്യമങ്ങൾ ആഘോഷിക്കാന്‍ കാത്തിരിക്കുകയാണ്. ഭരണകൂടത്തിന്റെ ഗുരുതര വീഴ്ചകൾ എവിടെയും പരാമര്‍ശിക്കപ്പെടുക പോലും ചെയ്യുന്നുമില്ല.
ഫെഡറലിസം തകർക്കുന്നു
ഫെഡറലിസത്തിന്റെ സ്പിരിറ്റ് നഷ്ടപ്പെട്ടതോടെ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ തുറന്ന പോരിലാണ്. പശ്ചിമബംഗാളിലും തമിഴ്നാട്ടിലും രാജസ്ഥാനിലുമെല്ലാം ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് ഭരണ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.പത്ത് സംസ്ഥാനങ്ങളില്‍ സി.ബി.ഐക്കുള്ള അനുമതി സര്‍ക്കാരുകള്‍ റദ്ദാക്കി. തമിഴ്നാട്ടിലും കേരളത്തിലും സര്‍വകലാശാലാ വി.സിമാരെ നിയമിക്കാനുള്ള ഗവർണര്‍മാരുടെ അധികാരം റദ്ദാക്കുന്നു. ഫലത്തില്‍ ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിന്റെ രാഷ്ട്രീയ സംവാദ- ഭരണക്രമം സമ്പൂര്‍ണമായി അട്ടിമറിക്കപ്പെട്ടു. ഇതിലും നിഴലിച്ചു കാണുന്നത് പ്രതിപക്ഷത്തെ ഹിംസിക്കുക എന്ന അജൻഡയാണ്.
പ്രതിപക്ഷം ആവശ്യമില്ലാത്ത ജനത
പ്രതിപക്ഷമേ പാടില്ലെന്നതാണ് ഇന്ത്യന്‍ പൊതുമണ്ഡലത്തിന്റെ ഇപ്പോഴത്തെ പൊതുസമീപനം. ഏകാധിപത്യവും കഴിവുകേടും കൊണ്ട് സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാവുകയും ചെറുകിട വ്യാപാരമേഖല പാടേ തകരുകയും ചെയ്തിട്ടും അതൊരു രാഷ്ട്രീയ പ്രശ്നമായി വികസിക്കുന്നില്ല. ശ്രീലങ്കക്കും പാകിസ്താനും പിറകേ ബംഗ്ലദേശും സാമ്പത്തിക തകര്‍ച്ച നേരിടുമ്പോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത് എന്തെന്ന് പറയാനാവില്ല. മുസ്‌ലിംകളും ദലിതുകളും ആക്രമിക്കപ്പെടുമ്പോള്‍ അധികൃതർ നോക്കുകുത്തിയായി നില്‍ക്കുന്നു. നിതി ആയോഗ് മുതല്‍ നെഹ്റു യുവകേന്ദ്ര വരെ സമ്പൂര്‍ണമായി അടക്കി ഭരിക്കുകയാണ് ബി.ജെ.പി.
വ്യവസായ ലോകത്തും
വേട്ട
പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല, ഭരണകൂടത്തോട് കൂറില്ലെന്ന് കരുതുന്ന വ്യവസായികളെയും സ്ഥാപനങ്ങളെയുമെല്ലാം കടന്നാക്രമിക്കുകയാണ്. ഹിന്ദുത്വവാദികളുടെ അതേ ചിന്തയിലാണ് കേന്ദ്ര ഏജന്‍സികള്‍ വ്യക്തികളെയും സ്ഥാപനങ്ങളെയും വേട്ടയാടുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, ജി.എസ്.ടി വെട്ടിപ്പ്, ഷെല്‍ കമ്പനി തുടങ്ങി പല പേരുകളില്‍ മുന്‍വിധിയോടെയുള്ള വേട്ട നടക്കുന്നുവെന്ന് വ്യവസായ ലോകം ആവലാതിപ്പെടുകയാണ്. അതിനെല്ലാമിടയില്‍ മോദിയുടെ കൂട്ടുകാരന്‍ അദാനി ഒരു വ്യാഴവട്ടം നീണ്ട ദുരൂഹ നീക്കങ്ങളിലൂടെ എന്‍.ഡി.ടിവിയുടെ നിയന്ത്രണം സ്വന്തമാക്കുകയും ചെയ്തു. പൂര്‍ണാര്‍ഥത്തില്‍ കോര്‍പറേറ്റ് സൗഹൃദമെന്ന് പോലും ഈ സര്‍ക്കാരിനെ വിളിക്കാനാകില്ല. മോദി-അമിത്ഷാ സംഘത്തിന്റെ കൂട്ടുകാരായ അദാനി, അംബാനികളോട് മാത്രമാണ് സൗഹൃദം. മറ്റാരും വ്യവസായരംഗത്ത് വേണ്ടെന്ന് തന്നെയാണ് ഈ സര്‍ക്കാര്‍ കരുതുന്നത്.
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മോദി ഭരണമെന്ന് നിരീക്ഷിച്ചവര്‍ നിരവധിയാണ്. രാജ്യത്തെ മുസ്‌ലിംകള്‍ വംശഹത്യയുടെ വക്കിലാണെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ പലതും പരസ്യമായി തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. പ്രതിപക്ഷ പ്രവര്‍ത്തനത്തിന് വലിയ പ്രാധാന്യമുള്ള കാലത്ത് പക്ഷേ ബി.ജെ.പിയല്ലാത്ത പാര്‍ട്ടികളെല്ലാം ദുര്‍ബലപ്പെടുന്നതാണ് കാഴ്ച.
മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍നിന്ന് തലയെടുപ്പുള്ള നേതാക്കള്‍ കൊഴിഞ്ഞുപോകുകയാണ്. 2022ല്‍ മാത്രം ദേശീയപ്രാധാന്യമുള്ള പന്ത്രണ്ട് പ്രമുഖര്‍ കോണ്‍ഗ്രസ് വിട്ടു. മുതിര്‍ന്ന നേതാവും മുസ്‌ലിം മുഖവുമായ ഗുലാം നബി ആസാദാണ് പന്ത്രണ്ടാമന്‍. കേരളത്തിലെ പ്രതിപക്ഷത്തിന്റെ നൂറിലൊന്ന് ആത്മവിശ്വാസം പോലും കേന്ദ്രത്തിലെ പ്രതിപക്ഷത്തിനില്ല. പ്രതിപക്ഷമേ പാടില്ലെന്ന ചിന്തയോടെ മുന്നേറുന്ന മോദിയെ പിടിച്ചുകെട്ടാന്‍ വിശാല ജനാധിപത്യ പ്രസ്ഥാനമല്ലാതെ മറ്റൊരു പോംവഴിയില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം തന്നെയാകണം നമ്മുടെ ഊര്‍ജ്ജസ്രോതസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."