സർവകലാശാലകളിൽ ഗവർണറെ ഒഴിവാക്കാൻ ബിൽ ഇന്നു പാസാക്കും
സർവകലാശാലകളുമായി നേരിട്ട് ബന്ധം ഉള്ളവരെ കൺവീനർ ആക്കുന്നത് യു.ജി.സി മാർഗ നിർദേശത്തിന് വിരുദ്ധമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ
തിരുവനന്തപുരം • സർവകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടികുറക്കുന്ന ബിൽ ഇന്ന് നിയമസഭ പാസാക്കുന്നതോടെ നിയമനിർമാണത്തിനു വേണ്ടി കൂടിയ പ്രത്യേക സമ്മേളനം ഇന്നവസാനിക്കും.
വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ രണ്ട് സർക്കാർ പ്രതിനിധികളെ കൂടി ചേർത്തു ഗവർണറുടെ നിയമന അധികാരം ഇല്ലാതാക്കുകയാണ് ബില്ലിലെ ലക്ഷ്യം.
സബ്ജക്ട് കമ്മിറ്റിയിൽ വിയോജിച്ച പ്രതിപക്ഷം സഭയിലും എതിർപ്പ് ആവർത്തിക്കും.
കഴിഞ്ഞ ദിവസം പാസാക്കിയ ലോകയുക്ത ബില്ലിലും ഇന്ന് പാസാക്കുന്ന സർവകലാശാല നിയമ ഭേദഗതി ബില്ലിലും ഗവർണർ ഒപ്പിടുമോ എന്നതാണ് ഇനിയുള്ള ചോദ്യം.
ഗവർണറെ അനുനയിപ്പിക്കാൻ സർവകലാശാല നിയമ ഭേദഗതി ബില്ലിൽ മാറ്റത്തിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി കൺവീനർ ആയി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ നിയമിക്കാനുള്ള വ്യവസ്ഥ ഒഴിവാക്കി. പകരം ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധി മതി എന്നാണ് ധാരണ.
സർവകലാശാലകളുമായി നേരിട്ട് ബന്ധം ഉള്ളവരെ കൺവീനർ ആക്കുന്നത് യു.ജി.സി മാർഗ നിർദേശത്തിന് വിരുദ്ധമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. കഴിഞ്ഞ ദിവസം ഗവർണറും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."