മേരി റോയ്: പൊലിഞ്ഞത് സ്ത്രീസമത്വ പോരാട്ടത്തിൻ്റെ പ്രതീകം
സ്വന്തം ലേഖകൻ
കോട്ടയം • മേരി റോയിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത് സ്ത്രീകളുടെ അവകാശപ്പോരാട്ടങ്ങൾക്കും വിദ്യാഭ്യാസ സമ്പ്രദായത്തിനും പുതിയ മാനം നൽകിയ വ്യക്തിത്വത്തെ. 1916ലെ തിരുവിതാംകൂര്‍ സിറിയന്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിനെതിരേ നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് മേരി ശ്രദ്ധേയയായത്.
ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന സുപ്രിം കോടതി വിധിക്ക് വഴിയൊരുക്കി അവർ പുതുചരിത്രം തുറന്നു. കോട്ടയത്തെ സമ്പന്ന സിറിയൻ കുടുംബത്തിൽ ജനിച്ച മേരി ബിരുദ പഠനത്തിനുശേഷം കൊൽക്കത്തയിൽ ഒരു കമ്പനിയിൽ ജോലി ചെയ്യവേ പരിചയപ്പെട്ട ബംഗാളിയായ രാജീബ് റോയിയെ വിവാഹം ചെയ്തു. കുടുംബജീവിതത്തിലെ താളപ്പിഴകളെ തുടർന്ന് കുട്ടികളുമായി പിതാവിൻ്റെ ഊട്ടിയിലെ വീട്ടിൽ താമസത്തിനെത്തിയതു മുതലാണ് സുപ്രധാന വിധിയുടെ ചരിത്രത്തുടക്കം.
1916ലെ നിയമം അസാധുവാണെന്നും വിൽപ്പത്രം എഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ അവകാശമാണുള്ളതെന്നുമുള്ള സുപ്രധാന വിധി കോടതി പുറപ്പെടുവിച്ചത് ആ വീടിനെച്ചൊല്ലി സഹോദരനുമായുണ്ടായ വ്യവഹാരങ്ങൾക്കൊടുവിലാണ്. വിധി നടപ്പാക്കിക്കിട്ടാൻ മേരി ഒരുപാട് വിയർപ്പൊഴുക്കി. 2002ലാണ് മേരി റോയിക്ക് പൈതൃക സ്വത്തിന്റെ ആറില്‍ ഒന്ന് അവകാശം അംഗീകരിച്ചുകൊണ്ട് കോടതിയുടെ വിധി വന്നത്.
കേസിലൂടെ നേടിയെടുത്ത വീട് പിൽക്കാലത്ത് സഹോദരനുതന്നെ തിരികെനൽകിക്കൊണ്ട് തന്റെ പോരാട്ടം നിരാലംബരായ ക്രൈസ്തവ സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി മാത്രമായിരുന്നുവെന്ന് അവർ നിശബ്ദം വിളിച്ചുപറഞ്ഞു.
ഊട്ടിയിൽ നിന്ന് തിരിച്ചെത്തി 1969 ലാണ് പള്ളിക്കൂടം എന്ന് പിൽക്കാലത്ത് അറിയപ്പെട്ട കോർപസ് ക്രിസ്റ്റി എന്ന സ്കൂൾ അവർ സ്ഥാപിച്ചത്. പ്രഥമിക വിദ്യാഭ്യാസം മാതൃഭാഷയിൽ മാത്രം നൽകുന്ന, എട്ടാം ക്ലാസ് വരെ പരീക്ഷകളില്ലാത്ത സ്കൂൾ എന്നതാണ് 'പള്ളിക്കൂട'ത്തിൻ്റെ പ്രത്യേകത.
വർഷാവർഷം നടത്തുന്ന പരീക്ഷയിലൂടെ വിലയിരുത്തപ്പെടേണ്ടതല്ല കുട്ടികളുടെ നിലവാരമെന്ന പ്രത്യയശാസ്ത്ര വെളിച്ചത്തിലാണ് മേരി തൻ്റെ വേറിട്ട വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ദിശപാകിയത്. പ്രശസ്ത ശിൽപി ലാറി ബേക്കർ രൂപകൽപന നിർവഹിച്ച സ്കൂളെന്ന വിശേഷണവും 'പള്ളിക്കൂട'ത്തിനുണ്ട്.
മകൾ അരുന്ധതി റോയി ആറാം ക്ലാസ് വരെ പഠിച്ചതും ഇവിടെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."