കടലിലെ കരുത്താകാന്‍ വിക്രാന്ത്; ഐ.എന്‍.എസ് വിക്രാന്ത് രാജ്യത്തിനു സമര്‍പ്പിച്ച് പ്രധാനമന്ത്രി, നാവികസേനയുടെ പുതിയ പതാക അനാവരണം ചെയ്തു
കൊച്ചി: കടലില്‍ ഇന്ത്യക്ക് കരുത്തേകാന്‍ ഇന്നുമുതല്‍ ഐ.എന്‍.എസ് വിക്രാന്ത്. തദ്ദേശിയ നിര്‍മ്മിതമായ ആദ്യ വിമാന വാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. രാജ്യത്തെ പ്രതിബന്ധങ്ങള്‍ക്ക് മുന്‍പിലുള്ള പ്രമാണമാണ് ഐ.എന്‍.എസ് വിക്രാന്ത് എന്ന് പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി. ഇന്ത്യന്‍ നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി അനാവരണം ചെയ്തു.
ആത്മനിര്‍ഭര്‍ഭാരതിന്റെ ഉദാത്ത പ്രതീകമാണ് വിക്രാന്ത് എന്ന് പറഞ്ഞ പ്രധാനമന്ത്രി കൊച്ചി കപ്പല്‍ശാലയിലെ ഉദ്യോഗസ്ഥര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും അഭിനന്ദനങ്ങളും അറിയിച്ചു.
ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക പ്രധാനമന്ത്രി അനാവരണം ചെയ്തു. ഛത്രപതി ശിവജിയുടെ മുദ്രയുള്ളതാണ് നാവിക സേനയുടെ പുതിയ പതാക. സെന്റ് ജോര്‍ജ് ക്രോസിന്റെ ഒരറ്റത്ത് ത്രിവര്‍ണ പതാക പതിപ്പിച്ചിരുന്നതാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്.
2007ലാണ് ഐ.എന്‍.എസ് വിക്രന്ത് എന്ന യുദ്ധ കപ്പലിന്റെ നിര്‍മാണംആരംഭിക്കുന്നത്. 20,000 കോടിരൂപ ചെലവഴിച്ച് രാജ്യത്ത് നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പലിന്റെ കമ്മീഷനിംഗ് ആണ് ഐ.എന്‍.എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചതിലൂടെ നടന്നത്. 76 ശതമാനവും ഇന്ത്യന്‍ നിര്‍മ്മിത വസ്തുക്കള്‍ ഉപയോഗിച്ച് 15 വര്‍ഷം കൊണ്ട് കൊച്ചി കപ്പല്‍ ശാലയിലാണ് രാജ്യത്തിന് അഭിമാനമായ ഈ യുദ്ധ കപ്പല്‍ നിര്‍മിച്ചത്. ഡീ കമ്മീഷന്‍ ചെയ്യപ്പെട്ട ഐന്‍എസ് വിക്രന്തിന്റെ സ്മരണയിലാണ് പുതുതായി നിര്‍മിച്ച കപ്പലിനും അതേ പേര് നല്‍കിയത്. 1971ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച യുദ്ധകപ്പലായിരുന്നു ഐ.എന്‍.എസ് വിക്രാന്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."