വഖ്ഫ് നിയമനം പി.എസ്.സിക്ക് വിട്ട ബിൽ റദ്ദാക്കി; ഉറപ്പ് പാലിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം • വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്കു വിട്ട് കഴിഞ്ഞ വർഷം പാസാക്കിയ കേരള പബ്ലിക് സർവിസ് കമ്മിഷൻ (വഖ്ഫ് ബോർഡിന്റെ കീഴിലുള്ള സർവീസുകൾ സംബന്ധിച്ച കൂടുതൽ ചുമതലകൾ ) ബിൽ നിയമസഭ റദ്ദാക്കി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉൾപ്പെടെ മുസ് ലിം സംഘടനകളും മുസ് ലിം ലീഗും എതിർത്ത ബിൽ റദ്ദാക്കുന്നതിന് നിയമസഭ ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. നിയമം റദ്ദാക്കാനുള്ള ബിൽ ഇന്നലെ വഖ് ഫ് മന്ത്രി വി. അബ്ദുറഹിമാനാണ് അവതരിപ്പിച്ചത്.
സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ തുടങ്ങിയ മുസ് ലിം സമുദായ നേതാക്കളുമായി മുഖ്യമന്ത്രി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിൽ റദ്ദാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
ജനവികാരം മാനിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനാണ് ബിൽ റദ്ദാക്കുന്നതെന്ന് പാർലമെൻ്ററികാര്യ മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
അജണ്ടയ്ക്കു പുറത്തുള്ള ഇനമായിട്ടാണ് ഇന്നലെ വഖ് ഫ് ബിൽ സഭയിൽ കൊണ്ടുവന്നത്. ബിൽ റദ്ദാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിട്ടും തുടർനടപടി വൈകുന്നതിൽ മു സ് ലിം സമുദായ നേതൃത്വം ആശങ്ക അറിയിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ സമസ്ത നേതാക്കൾ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു.
തുടർന്നാണ് ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം വിഷയം അടിയന്തരമായി പരിഗണിക്കാൻ തീരുമാനിച്ച് ബിൽ റദ്ദാക്കാൻ അനുമതി നൽകിയത്. കഴിഞ്ഞ സഭാ സമ്മേളനത്തിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷനു മറുപടിയായി ബിൽ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."