ഷവർമ ലൈസൻസില്ലെങ്കിൽ 5 ലക്ഷം പിഴ 6 മാസം തടവ്
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഷവർമ വിൽപന നടത്തുന്നത് നിയന്ത്രിക്കാൻ സർക്കാർ. ഷവർമയുണ്ടാക്കാൻ ലൈസൻസില്ലെങ്കിൽ അഞ്ചു ലക്ഷം രൂപ പിഴയും ആറു മാസം തടവും ശിക്ഷ ലഭിക്കും. ഭക്ഷ്യ വസ്തുക്കൾ തയാറാക്കാനുള്ള ഫുഡ് സേഫ്റ്റി ലൈസൻസ് ഇതിനും വേണം.
പാചകക്കാരനും വിതരണക്കാരനും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണം. പാചകക്കാർക്ക് ഫുഡ് സേഫ്റ്റി ട്രെയിനിങും സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. അംഗീകൃത വിതരണക്കാരിൽ നിന്ന് മാത്രമേ സാധനങ്ങൾ വാങ്ങാവൂ.
ഷവർമ പാർസൽ പാക്കറ്റുകളിൽ ഉണ്ടാക്കിയ തീയതിയും സമയവും ഒരു മണിക്കൂറിനു ശേഷം ഉപയോഗിക്കരുതെന്നും രേഖപ്പെടുത്തണം. തൊഴിലാളികൾക്ക് കൃത്യമായ പരിശീലനം നൽകണം. വൃത്തിയുള്ള സ്ഥലത്തുമാത്രമേ പാചകം ചെയ്യാവൂ. നിർമാണത്തിനുള്ള സ്റ്റാൻഡ് വൃത്തിയുള്ളതും പൊടിപിടിക്കാത്തതും ആകണം.
മാംസം മുറിക്കാൻ വൃത്തിയുള്ള കത്തി ഉപയോഗിക്കണം. പാചകക്കാർ ഹെയർ ക്യാപും ഗ്ലൗസും ധരിക്കണം.
ഷവർമക്കുള്ള ഉത്പന്നങ്ങൾ എഫ്.എസ്.എസ്.എ.ഐ അംഗീകാരമുള്ള വ്യാപാരികളിൽനിന്നു മാത്രമേ വാങ്ങാവൂ. ബ്രഡ്, കുബ്ബൂസ് പാക്കറ്റുകളിൽ ഉപയോഗ കാലാവധി രേഖപ്പെടുത്തണം.
ചിക്കൻ 15 മിനിട്ടും ബീഫ് 30 മിനിട്ടും വേവിക്കണം. അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണം. ബീഫ് 71 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡും കോഴിയിറച്ചി 74 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡും രണ്ടാമതും വേവിക്കണം. പാസ്ചറൈസ്ഡ് മുട്ട മാത്രമേ മയനൈസിന് ഉപയോഗിക്കാവൂ എന്നും മാർഗനിർദേശത്തിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."