വാളയാര്‍ കേസില്‍ ഒന്നും മൂന്നും പ്രതികള്‍ക്ക് ജാമ്യം; അനുവദിച്ചത് പാലക്കാട് പോക്‌സോ കോടതി
പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി വി.മധു, മൂന്നാം പ്രതി ഷിബു എന്നിവര്‍ക്കാണ് ജാമ്യം. പാലക്കാട് പോക്‌സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. പാലക്കാട്, പാമ്പാംപള്ളം കല്ലംകാട് സ്വദേശിയാണ് വി.മധു. ഷിബു, ഇടുക്കി രാജാക്കാട് മാലുതൈക്കല്‍ സ്വദേശിയും.
നേരത്തേ രണ്ടാം പ്രതിയായ എം.മധുവിന് ഹൈക്കോടതി തന്നെ ജാമ്യം നല്‍കിയിരുന്നു. പ്രദീപ് കുമാര്‍ എന്ന പ്രതി ആത്മഹത്യ ചെയ്യുകയും മറ്റൊരു പ്രതിക്ക് ജുവനൈല്‍ കോടതിയില്‍ വിചാരണ തുടര്‍ന്നു കൊണ്ടിരിക്കുകയുമാണ്. എല്ലാ പ്രതികളും ഇപ്പോള്‍ ജയില്‍മോചിതരായിട്ടുണ്ട്. നേരത്തേ എല്ലാ പ്രതികളെയും പാലക്കാട് പോക്‌സോ കോടതി തെളിവില്ലെന്ന് പറഞ്ഞ് വെറുതേ വിട്ടിരുന്നു. എന്നാല്‍ 2021 ജനുവരി 6ന് ഹൈക്കോടതി ഈ വിധി റദ്ദാക്കുകയും പ്രതികളെല്ലാവരും വീണ്ടും ജയിലിലാവുകയും ചെയ്തു.
നിലവില്‍ ഒരുപാട് വിസ്താരങ്ങള്‍ക്ക് ശേഷമാണ് ജാമ്യം നല്‍കിയിരിക്കുന്നത്. പ്രതികള്‍ക്ക് നേരത്തെയും ജാമ്യം ലഭിച്ചിട്ടുള്ളതിനാല്‍ സാക്ഷികളെ സ്വാധീനിച്ച ചരിത്രമില്ലാത്തത് കൊണ്ട് ജാമ്യം അനുവദിക്കണമെന്ന അഭിഭാഷകരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.
2017 ജനുവരി 13നാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ വാളയാര്‍ അട്ടപ്പള്ളത്തെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാന സാഹചര്യത്തില്‍ മരിച്ചു. അസ്വാഭാവിക മരണമെന്ന് മാത്രമായിരുന്നു ആദ്യമന്വേഷിച്ച ലോക്കല്‍ പൊലിസിന്റെ നിഗമനം. സംഭവം വിവാദമായതോടെ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിക്ക് കേസ് കൈമാറി. ഇരുവരം പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. ആദ്യ മരണത്തില്‍ കേസെടുക്കാന്‍ അലംഭാവം കാണിച്ചതിന് വാളയാര്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ആഗസ്റ്റ് പത്തിന് കേസ് പരിഗണിച്ച പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി, കേസില്‍ തുടരന്വേഷണത്തിന് സിബിഐയോട് നിര്‍ദേശിച്ചിരുന്നു. പൊലിസ് നിഗമനം ശരിവയ്ക്കുന്ന രീതിയില്‍ ഇരുവരുടേതും ആത്മഹത്യയെന്നാണ് സിബിഐയും കുറ്റപത്രത്തില്‍ എഴുതിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."