മണിപ്പൂരില്‍ അഞ്ച് ജെ.ഡി.യു എം.എല്‍.എമാര്‍ ബി.ജെ.പി പക്ഷത്ത് ചേര്‍ന്നു
ഗുവാഹത്തി: മണിപ്പൂരില്‍ നിതീഷ്കുറാമിന്റെ ജനതാദള്‍ യുനൈറ്റഡിലെ (ജെ.ഡി.യു) ആറ് എം.എല്‍.എമാരില്‍ അഞ്ച് പേര് ഭരണകക്ഷിയായ ബി.ജെ.പി പക്ഷത്ത് ചേര്‍ന്നു. ബിഹാറില്‍ ബി.ജെ.പിയുമായുള്ള സഖ്യം നിതീഷ്കുമാര്‍ അവസാനിപ്പിച്ച് രണ്ടാഴ്ച പിന്നിട്ടതിനു പിന്നാലെയാണ് നടപടി. ജെ.ഡി.യുമായുള്ള ബന്ധം അവസാനിപ്പിച്ച് സഭയില്‍ ബി.ജെ.പിയോടൊപ്പം ഇരിപ്പിടമൊരുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്കിയ കത്ത് സ്പീക്കര്‍ സ്വീകരിച്ചതായി മണിപ്പൂര്‍ നിയമസഭാ സെക്രട്ടറി കെ മേഖജിത്ത് സിങ് അറിയിച്ചു. പാര്‍ട്ടിയിലെ മൂന്നില്‍ രണ്ട് എം.എല്‍.എമാര്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് ചേക്കേറിയാല്‍ കൂറുമാറ്റ നിരേധനത്തിന്റെ പരിധിയില്‍ പെടില്ല.
കെ എച്ച് ജോയ്കിഷന്, എന്‍ സനേറ്റ്, എംഡി അച്ചാബുദ്ദീന്, മുന്‍ ഡിജിപി കൂടിയായ എല്‍ എം ഖൗട്ടെ, തങ്ജം അരുണ്‍കുമാര്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാര്‍. ലിലോങില്‍ നിന്നുള്ള നിയമസഭാംഗം മുഹമ്മദ് അബ്ദുള്‍ നസീര്‍ മാത്രമാണ് ഇപ്പോള്‍ മണിപ്പൂരില്‍ ജെഡിയുവിനൊപ്പമുള്ളത്.
ഇത് രണ്ടാം തവണയാണ് ബി.ജെ.പി ജെ.ഡി.യു എം.എല്‍.എമാരെ വശത്താക്കുന്നത്. 2020ല്‍ അരുണാചല്‍ പ്രദേശില്‍ ഏഴ് എം.എല്‍.എമാരില്‍ ആറു പേര് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞയാഴ്ച ഒരു എം.എല്‍.എ ബി.ജെ.പി പക്ഷത്തേക്കും മാറുകയുണ്ടായി. ഒമ്പതു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ജെ.ഡി.യു ബി.ജെ.പിയുമായി തെറ്റിപ്പിരിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."