ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല, പരസ്യമായി പ്രതികരിക്കേണ്ടിവരും; ഡി.വൈ.എഫ്.ഐ നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി
കണ്ണൂര്‍: പാര്‍ട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് ആകാശ് തില്ലങ്കേരി. ഒറ്റരാത്രികൊണ്ട് ഒറ്റുകാരനാക്കുന്നത് അംഗീകരിക്കാനാകില്ല. രക്തസാക്ഷികളെ ഒറ്റുകൊടുത്തവനെന്ന് തനിക്കെതിരെ പ്രചാരണം നടത്തുകയാണ്. അതിന് നേതൃത്വം നല്‍കുന്നത് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി തന്നെയാണെന്നും ആകാശ് തില്ലങ്കേരി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിലെ തന്റെ കവര്‍ ഫോട്ടോയിലെ കമന്റിന് മറുപടിയായാണ് ആകാശ് തില്ലങ്കേരിയുടെ പ്രതികരണം.
'എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരെ ഞാന്‍ വെല്ലുവിളിക്കുന്നു. ഞാനത് ചെയ്‌തെന്ന് നിങ്ങള്‍ തെളിയിക്കുമെങ്കില്‍ ഞാന്‍ തെരുവില്‍ വന്ന് നില്‍ക്കാം, നിങ്ങളെന്നെ കല്ലെറിഞ്ഞു കൊന്നോളൂ. ഇതുപോലുള്ള നുണപ്രചാരണങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടും അവര്‍ തിരുത്താന്‍ തയ്യാറല്ലെങ്കില്‍ എനിക്കും പരസ്യമായി പ്രതികരിക്കേണ്ടി വരും,' ആകാശ് തില്ലങ്കേരി പറഞ്ഞു.
കുറ്റപ്പെടുത്തുന്നവരെ തെറ്റുപറയാനാവില്ലെന്നും ഉത്തരവാദപ്പെട്ടവര്‍ തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ബാബുവേട്ടന്റെ കൊലയാളികളുടെ കൂടെ കൊട്ടേഷന്‍ നടത്തി എന്ന് പോസ്റ്റുകള്‍ ഇടുമ്പോള്‍ ആരായാലും ഇതുപോലെ പ്രതികരിച്ചുപോവും. ഇത് ഒരു തരം വൈകാരികത ഇളക്കിവിടലാണ്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ആവുമ്പോള്‍ പറയുന്നതില്‍ ആധികാരികതയുണ്ടെന്ന് ധരിച്ചുപോവും.
ഷുഹൈബ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടപ്പോള്‍ തന്നെ പാര്‍ട്ടി പുറത്താക്കിയതാണ്. അത് എല്ലാവര്‍ക്കും ബോദ്ധ്യമുള്ള കാര്യമാണ്. അന്നു മുതല്‍ താന്‍ ചെയ്യുന്ന ഏതൊരു കാര്യത്തിനും പാര്‍ട്ടിക്ക് ഉത്തരവാദിത്വം ഏല്‍ക്കേണ്ട ബാദ്ധ്യത ഇല്ലെന്നും എന്നാല്‍ ഒറ്റ രാത്രി കൊണ്ടു ഒറ്റുകാരനാക്കുന്ന പ്രവണത പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ എന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."